ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി രോഹിത് ശര്‍മ; തൊട്ടുപിന്നില്‍ വിരാട് കോലി; കെ എല്‍ രാഹുലിനും മുന്നേറ്റം; ബൗളിംഗില്‍ കുല്‍ദീപ് യാദവും
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ പുറത്തുവിട്ട ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. 781 റേറ്റിംഗ് പോയന്റുമായാണ് രോഹിത് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയ വിരാട് കോലി രണ്ട് സ്ഥാനം ഉയര്‍ന്ന് 773 റേറ്റിംഗ് പോയന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. രോഹിത്തുമായി എട്ട് റേറ്റിംഗ് പോയന്റുകളുടെ അകലം മാത്രമാണ് കോലിക്കുള്ളത്. 2021ലാണ് കോലി അവസാനം ഒന്നാം സ്ഥാനത്തെത്തിയത്.
പരിക്കുമൂലം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ചില്ലെങ്കിലും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പുതിയ റാങ്കിംഗില്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തി. 723 റേറ്റിംഗ് പോയന്റുള്ള ഗില്ലിന് തൊട്ടുപിന്നിലായി 722 റേറ്റിംഗ് പോയന്റുമായി ബാബര്‍ അസമുണ്ട്. പരിക്കുമൂലം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കാതിരുന്ന ശ്രേയസ് അയ്യര്‍ ഒരു സ്ഥാനം താഴേക്കിറങ്ങി പതിനൊന്നാം സ്ഥാനത്തായി. ഗില്ലിന്റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കെതിരെ ഇന്ത്യയെ പരമ്പര നേട്ടത്തിലേക്ക് നയിക്കുകയും രണ്ട് അര്‍ധസെഞ്ചുറികളുമായി ബാറ്റിംഗില്‍ തിളങ്ങുകയും ചെയ്തു കെ എല്‍ രാഹുല്‍ രണ്ട് സ്ഥാനം ഉയര്‍ന്ന് 12-ാം സ്ഥാനത്തെത്തി.
ബൗളിംഗ് റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ സ്പിന്നര്‍ കുല്‍ദീപ് യാദവ് മൂന്ന് സ്ഥാനം ഉയര്‍ന്ന് മൂന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ മൂന്ന് കളികളില്‍ 9 വിക്കറ്റാണ് കുല്‍ദീപ് നേടിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കാതിരുന്ന പേസര്‍ മുഹമ്മദ് സിറാജ് നാലു സ്ഥാനം താഴേക്കിറങ്ങി 21-ാം സ്ഥാനത്തായപ്പോള്‍ രവീന്ദ്ര ജഡേ രണ്ട് സ്ഥാനം നഷ്ടമാക്കി പതിനാറാം സ്ഥാനത്തേക്ക് വീണു. ഓള്‍ റൗണ്ടര്‍മാരില്‍ ടോപ് 5ല്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. പത്താം സ്ഥാനത്തുള്ള അക്‌സര്‍ പട്ടേല്‍ മാത്രമാണ് ആദ്യ പത്തില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യന്‍ താരം. രവീന്ദ്ര ജഡേജ പതിനൊന്നാം സ്ഥാനത്താണ്.
മുന്നില്‍ നയിക്കാന്‍ രോ - കോ
കരിയറിന്റെ അവസാന കാലഘട്ടത്തിലും മികച്ച പ്രകടനവുമായി മുന്നേറുകയാണ് രോ - കോ. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നോക്കിയാല്‍ കോഹ്ലിയുടെ സ്‌കോറുകള്‍ 135, 102, 65 നോട്ട് ഔട്ട്. കേവലം ഇന്നിങ്‌സുകള്‍ മാത്രമായിരുന്നില്ല ഇത്, സ്റ്റേറ്റ്‌മെന്റായിരുന്നു. 2016ന് ശേഷം കോഹ്ലിയെ ഇത്രത്തോളം മികച്ച റിഥത്തില്‍ കണ്ടിട്ടില്ല, അത് കോഹ്ലി തന്നെ പറയുകയും ചെയ്തു. മൂന്ന് ഏകദിനങ്ങളില്‍ നിന്ന് 302 റണ്‍സ്, രണ്ട് സെഞ്ചുറി, ശരാശരി 151 ആണ്, സ്‌ട്രൈക്ക് റേറ്റ് 120നടുത്തും. 12 സിക്‌സറുകള്‍ കോഹ്ലി പരമ്പരയില്‍ നേടി, അപൂര്‍വങ്ങളില്‍ അപൂര്‍വം. പരമ്പരയുടെ താരമായാണ് നീലക്കുപ്പായത്തിലെ ഈ വര്‍ഷം അവസാനിപ്പിച്ചത്.
ഇനി രോഹിതിലേക്ക്. കോഹ്ലിയേക്കാള്‍ കൂടുതല്‍ ആശങ്കകള്‍ ഉയര്‍ന്നത് ആ ബാറ്റിലായിരുന്നു. അതുകൊണ്ട് ഒരു വീഴ്ചയ്ക്ക് കൊതിച്ചിരുന്നവരും ഏറെയായിരുന്നു. 57, 14, 75 എന്നിങ്ങനെയായിരുന്നു പ്രോട്ടിയാസിനെതിരായ സ്‌കോറുകള്‍. മൂന്ന് കളികളില്‍ നിന്ന് 48 ശരാശരിയില്‍ 146 റണ്‍സ്. സ്‌ട്രൈക്ക് റേറ്റ് 110. പരമ്പരയില്‍ തന്നെ അന്താരാഷ്ട്ര കരിയറില്‍ 20,000 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി.
ഓസ്‌ട്രേലിയന്‍ പര്യടനമെടുത്താല്‍ രണ്ട് പൂജ്യത്തിന് ശേഷം സിഡ്‌നിയില്‍ കോഹ്ലി അര്‍ദ്ധ സെഞ്ചുറിയുമായി തിരിച്ചുവരവിന്റെ ആദ്യ സൂചന നല്‍കിയിരുന്നു. മറുവശത്ത് സിഡ്‌നിയില്‍ സെഞ്ചുറിയും അഡ്ലയ്ഡില്‍ അര്‍ദ്ധ ശതകവും ഉള്‍പ്പെടെ മൂന്ന് കളികളില്‍ നിന്ന് 202 റണ്‍സായിരുന്നു രോഹിത് നേടിയത്. ഒരു ഓസ്‌ട്രേലിയന്‍ താരം പോലും പരമ്പരയില്‍ 120 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നില്ലെന്നും പരിഗണിക്കേണ്ടതുണ്ടിവിടെ. 100 റണ്‍സ് കടന്ന ഏക ഇന്ത്യന്‍ താരവും രോഹിതായിരുന്നു. ഇന്ത്യക്ക് പരമ്പര നഷ്ടമായെങ്കിലും, പരമ്പരയിലെ താരമായത് രോഹിത് ആയിരുന്നു.
ഇന്ത്യ അവസാനം കളിച്ച രണ്ട് ഏകദിന പരമ്പരകളിലേയും താരമായത് രോഹിതും കോഹ്ലിയുമായിരുന്നു. കരിയറിന്റെ അവസാന കാലഘട്ടത്തിലും ഇന്നും ടീമിനെ വിജയത്തിലെത്തിക്കാന്‍ ഇരുവരുടേയും ബാറ്റ് ചലിക്കണമെന്ന് ചുരുക്കം. അവസാന അഞ്ച് ഏകദിനങ്ങളെടുത്താല്‍ കോഹ്ലിയുടെ പേരില്‍ രണ്ട് വീതം സെഞ്ചുറിയും അര്‍ദ്ധ ശതകവുമുണ്ട്. രോഹിതാകട്ടെ മൂന്ന് തവണ 50 കടന്നു, ഒരു പ്രാവശ്യം മൂന്നക്കവും പിന്നിട്ടു. ഇത്രയും സ്ഥിരതയുള്ള മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍ ഇന്ന് ടീമില്‍ ഇല്ല എന്ന് പറയേണ്ടി വരും. അതിനി നായകന്‍ ശുഭ്മാന്‍ ഗില്‍ മുതല്‍ റിഷഭ് പന്ത് വരെയുള്ള പട്ടികയെടുത്താലും അങ്ങനെ തന്നെ.
ഇനി 2025 കലണ്ടര്‍ വര്‍ഷമെടുക്കാം. ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയത് വിരാട് കോഹ്ലിയാണ്, 651 റണ്‍സ്. തൊട്ടുപിന്നിലുണ്ട് രോഹിത് ശര്‍മ, 650 റണ്‍സ്. വൈകാതെ ഏകദിന റാങ്കിങ്ങില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലും ഇരുവരേയും പ്രതീക്ഷിക്കാം. ഇനി വിജയ് ഹസാരെ ട്രോഫിയും കഴിഞ്ഞ് ഇരുവരുടേയും അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെയായിരിക്കും. അതിലും തിളങ്ങുകയാണെങ്കില്‍ 2027 ലോകകപ്പിലേക്കുള്ള റോഡ് അത്ര ബുദ്ധിമുട്ടേറിയതായിരിക്കില്ല. 2026 ആയിരിക്കും രോ-കോയ്ക്ക് ഏറെ നിര്‍ണായകം.
