ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും നിലനിര്‍ത്തി; ടെസ്റ്റിനോടും വിടചൊല്ലിയതോടെ രോ-കോയെ തരംതാഴ്ത്തും; ഇനി അഞ്ച് കോടിയുടെ എ കാറ്റഗറിയില്‍; ക്യാപ്റ്റന്‍ ഗില്‍ എ പ്ലസിലേക്ക്; സഞ്ജുവിനും പ്രമോഷന്‍; ഇന്ത്യന്‍ താരങ്ങളുടെ വാര്‍ഷിക കരാര്‍ പുതുക്കാന്‍ ബിസിസിഐ

Update: 2025-12-11 09:02 GMT

മുംബൈ: ട്വന്റി 20 ക്രിക്കറ്റിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ ഇന്ത്യന്‍ മുന്‍ നായകന്മാരായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും വാര്‍ഷിക കരാറുകളില്‍ മാറ്റം വരുത്താന്‍ ബിസിസിഐ തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിക്കുമ്പോള്‍ 7 കോടി വാര്‍ഷിക പ്രതിഫലമുള്ള എ പ്ലസ് വിഭാഗത്തില്‍ നിന്ന് കോലിയെയും രോഹിത്തിനെയും എ കാറ്റഗറിയിലേക്ക് മാറ്റാനാണ് സാധ്യത. ഈ മാസം 22ന് ചേരുന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ അടുത്ത വര്‍ഷത്തേക്കുള്ള കളിക്കാരുടെ വാര്‍ഷിക കരാറുകളുടെ കാര്യത്തില്‍ ബിസിസിഐ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. മിഥുന്‍ മന്‍ഹാസ് ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം നടക്കുന്ന ആദ്യ വാര്‍ഷിക ജനറല്‍ ബോര്‍ഡ് യോഗമാണിത്.

അഞ്ച് കോടി രൂപയാണ് എ കാറ്റഗറിയിലുള്ള താരങ്ങുടെ വാര്‍ഷിക പ്രതിഫലം. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് കളിക്കുന്നത് എന്നതാണ് തരം താഴ്ത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. മൂന്ന് ഫോര്‍മാറ്റിലും ടീമിലുണ്ടാവുമെന്ന് ഉറപ്പുള്ള താരങ്ങള്‍ക്കാണ് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ എ പ്ലസ് കരാര്‍ നല്‍കുന്നത്. നിലവില്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് പുറമെ ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയുമായിരുന്നു എ പ്ലസ് കരാറുള്ള താരങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പോടെ കോലിയും രോഹിത്തും ജഡേജയും ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും മൂന്ന് പേരെയും ബിസിസിഐ എ പ്ലസില്‍ നിലനിര്‍ത്തിയിരുന്നു.

എന്നാല്‍ ഈ വര്‍ഷം മെയ് മാസത്തില്‍ ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ രോഹിത്തിനെയും കോലിയെയും ഇനിയും എ പ്ലസ് കരാറില്‍ നിലനിര്‍ത്താന്‍ ആവില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് കോലിയെയും രോഹിത്തിനെയും എ കാറ്റഗറിയിലേക്ക് മാറ്റാന്‍ ബിസിസിഐ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ടെസ്റ്റില്‍ തുടരുന്നതിനാല്‍ ജഡേജയെ എ പ്ലസില്‍ നിലനിര്‍ത്തിയേക്കും.

അതിനിടെ മലയാളി താരം സഞ്ജു സാംസണെ ഒരു കോടി വാര്‍ഷിക പ്രതിഫലമുള്ള സി കാറ്റഗറിയില്‍ നിന്ന് 3 കോടി വാര്‍ഷിക പ്രതിഫലമുള്ള ബി കാറ്റഗറിയിലേക്ക് ഉയര്‍ത്തുമെന്നും സൂചനയുണ്ട്. കഴിഞ്ഞ വര്‍ഷം ടി 20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഓപ്പണറായി ഇറങ്ങിയ സഞ്ജു മൂന്ന് സെഞ്ചുറികള്‍ തിളങ്ങിയിരുന്നു. ശുഭ്മാന്‍ ഗില്ലിനെ ഓപ്പണാറാക്കിയതോടെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം തുലാസിലായെങ്കിലും സഞ്ജുവിനും തിലക് വര്‍മക്കും വാര്‍ഷിക കരാറില്‍ പ്രമോഷന്‍ ലഭിക്കും എന്ന് തന്നെയാണ് സൂചന. കോലിയെയും രോഹിത്തിനെയും എ പ്ലസ് കരാറില്‍ നിന്നൊഴിവാക്കുമ്പോള്‍ ടെസ്റ്റ്- ഏകദിന ക്യാപ്റ്റനായ ശുഭ്‌നമാന്‍ ഗില്ലിനെ എ പ്ലസിലേക്ക് ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

Similar News