കാമറൂണ്‍ ഗ്രീനിന് ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുക; ഓസിസ് താരത്തിനായി 30.50 കോടി വാരിയെറിഞ്ഞ് കൊല്‍ക്കത്ത; ലിയാം ലിവിംഗ്സ്റ്റണ് 19 കോടിയും മതീഷ പതിരാനയ്ക്ക് 13 കോടിയും; ഐപിഎല്‍ മോക് ഓക്ഷനില്‍ വിദേശ താരങ്ങള്‍ക്ക് പൊന്നുംവില; താരലേലം നാളെ

Update: 2025-12-15 11:28 GMT

അബുദാബി: ഐപിഎല്‍ മിനി താരലേലം നാളെ നടക്കാനിരിക്കെ അബുദാബിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച മോക് ഓക്ഷനില്‍ വിദേശ താരങ്ങള്‍ക്ക് പൊന്നുംവില. പ്രതീക്ഷിച്ചപോലെ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ റെക്കോര്‍ഡ് തുക സ്വന്തമാക്കി. വിദേശതാരങ്ങള്‍ കോടികള്‍ കൊയ്തപ്പോള്‍ കഴിഞ്ഞ തവണ വന്‍ തുക സ്വന്തമാക്കിയ വെങ്കിടേഷ് അയ്യരിന്റേതടക്കം മൂല്യം ഇടിഞ്ഞു. അതേ സമയം സര്‍ഫറാസ് ഖാനും പൃഥ്വിഷായും താരതമ്യേന ഉയര്‍ന്ന മൂല്യം സ്വന്തമാക്കി.

മോക് ഓക്ഷനില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മുന്‍ താരം റോബിന്‍ ഉത്തപ്പ കാമറൂണ്‍ ഗ്രീനിനായി 30.50 കോടി രൂപയാണ് വാരിയെറിഞ്ഞത്. ചെന്നൈ താരമായിരുന്ന ശ്രീലങ്കന്‍ പേസര്‍ മതീഷ് പതിരാനയെ സ്വന്തമാക്കാന്‍ ഉത്തപ്പ 13 കോടിയും മുടക്കി. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍‌സ്റ്റോയെ 2.5 കോടിക്കും രാഹുല്‍ ത്രിപാഠിയെ 75 ലക്ഷം രൂപക്കും കൊല്‍ക്കത്തക്കായി റോബിന്‍ ഉത്തപ്പ ടീമിലെത്തിച്ചു.

അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പ്രതിനിധീകരിച്ച മോക് ഓക്ഷനില്‍ പങ്കെടുത്ത സുരേഷ് റെയ്‌ന സ്പിന്നര്‍ രാഹുല്‍ ചാഹറിനായി 10 കോടി രൂപ ചെലവഴിച്ചതും ശ്രദ്ധേയമായി. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ക്യക്കായി റെയ്‌ന 7.5 കോടി രൂപയും ഇന്ത്യന്‍ ടെസ്റ്റ് താരം സര്‍ഫറാസ് ഖാന് 7 കോടി രൂപയും മുടക്കാന്‍ റെയ്‌ന തയാറായി. മുന്‍ ഇന്ത്യന്‍ പേസര്‍ ശിവം മാവിയെ 2.5 കോടി കൊടുത്ത് സ്വന്തമാക്കിയ സുരേഷ് റെയ്‌ന ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കയെ അടിസ്ഥാനവിലയായ രണ്ട് കോടിക്ക് ടീമിലെത്തിച്ചു.

കാമറൂണ്‍ ഗ്രീന്‍ കഴിഞ്ഞാല്‍ മോക് ഓക്ഷനില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ലിയാം ലിവിംഗ്സ്റ്റണായിരുന്നു. ലക്‌നൗവിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഇര്‍ഫാന്‍ പത്താന്‍ ലിവിംഗ്സ്റ്റണായി 19 കോടി രൂപയാണ് മുടക്കിയത്. ആര്‍സിബിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ ഇന്ത്യന്‍ പേസര്‍ ചേതന്‍ സക്കരിയക്കായി 6.5 കോടി മുടക്കിയപ്പോള്‍ കൊല്‍ക്കത്ത മുന്‍ താരം വെങ്കടേഷ് അയ്യര്‍ക്കായി ആറ് കോടിയും ഇന്ത്യന്‍ പേസര്‍ നവദീപ് സെയ്‌നിക്കായി 1.75 കോടിയും മുടക്കി.

ഡല്‍ഹി ക്യാപിറ്റല്‍സിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മുഹമ്മദ് കൈഫ് ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ക്കായി 9.5 കോടിയും പേസര്‍ ലുങ്കി എന്‍ഗിഡിക്കായി 6.5 കോടിയും മുടക്കി. ഇന്ത്യന്‍ ഓപ്പണറായിരുന്ന പൃഥ്വി ഷായെ 2.75 കോടി രൂപ മുടക്കി ഡല്‍ഹി സ്വന്തമാക്കിയതും ശ്രദ്ധേയമായി. ഗുജറാത്ത് ടൈറ്റന്‍സിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ചേതേശ്വര്‍ പൂജാര വിജയ് ശങ്കറെയും ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തിനെയും രണ്ട് കോടി വീതം നല്‍കി ടീമിലെത്തിച്ചു.

രാജസ്ഥാന്‍ റോയല്‍സിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആകാശ് ചോപ്ര ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയിയെ 11.50 കോടി രൂപക്ക് സ്വന്തമാക്കി. ഹൈദരാബാദിനായി മോക്ക് ഓക്ഷനില്‍ പങ്കെടുത്ത എസ് ബദരീനാഥ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജെറാള്‍ഡ് കോട്‌സിയെ 8 കോടി രൂപക്കും ഇന്ത്യന്‍ പേസര്‍ ആകാശ് ദീപിനെ 5 കോടി രൂപക്കും സ്വന്തമാക്കി.

ലേലത്തില്‍ കുറഞ്ഞ തുക കൈയിലുള്ള മുംബൈ ഇന്ത്യന്‍സ് മോക്ക് ഓക്ഷനില്‍ ശക്തമായി രംഗത്തിറങ്ങിയില്ല. അഭിനവ് മുകുന്ദാണ് മുംബൈയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. പഞ്ചാബിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത സഞ്ജയ് ബംഗാര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ജേക്ക് ഫ്രേസര്‍ മക്ഗുര്‍ഗിനെ രണ്ട് കോടി രൂപക്ക് ടീമിലെത്തിച്ചു. ആകെ 30 താരങ്ങളാണ് മോക് ഓക്ഷനില്‍ പങ്കെടുത്തത്. ന്യൂസിലന്‍ഡ് താരങ്ങളായ രച്ചിന്‍ രവീന്ദ്രക്കും ഡെവോണ്‍ കോണ്‍വെക്കും മോക് ഓക്ഷനില്‍ ആവശ്യക്കാരുണ്ടായില്ല.

മോക് ഓക്ഷനിലെ വിലകൂടിയ താരങ്ങള്‍

കാമറൂണ്‍ ഗ്രീന്‍ - 30.50 കോടി രൂപ (കൊല്‍ക്കത്ത)

ലിയാം ലിവിംഗ്സ്റ്റണ്‍ - 19 കോടി രൂപ (ലക്‌നൗ)

3. മതീഷ പതിരാന - 13 കോടി രൂപ (കൊല്‍ക്കത്ത)

4. രവി ബിഷ്‌ണോയി - 11.50 കോടി രൂപ (രാജസ്ഥാന്‍)

5. രാഹുല്‍ ചാഹര്‍ - 10 കോടി രൂപ (ചെന്നൈ)

Similar News