'ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച യുവതാരം അവനാണ്'; ഇന്ത്യൻ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവന്‍ഷിയെ പ്രശംസിച്ച് ജോസ് ബട്‌ലർ

Update: 2026-02-10 07:32 GMT

ലണ്ടൻ: ഇന്ത്യൻ അണ്ടർ 19 ടീമിന്‍റെയും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്‍റെയും ഓപ്പണറായ കൗമാരതാരം വൈഭവ് സൂര്യവന്‍ഷിയെ പ്രശംസിച്ച് ഇംഗ്ലണ്ട് സൂപ്പർ താരം ജോസ് ബട്‌ലർ. വെറും 14 വയസ്സുകാരനായ വൈഭവ് താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച യുവതാരമാണെന്ന് ബട്‌ലർ അഭിപ്രായപ്പെട്ടു. അണ്ടർ-19 ലോകകപ്പിലെയും ഐപിഎല്ലിലെയും വൈഭവിന്‍റെ തകർപ്പൻ പ്രകടനങ്ങളെക്കുറിച്ചാണ് ബട്‌ലർ 'ഫോർ ദി ലവ് ഓഫ് ക്രിക്കറ്റ്' എന്ന പോഡ്‌കാസ്റ്റിൽ വാചാലനായത്.

ഫെബ്രുവരി 6-ന് ഹരാരെയിൽ നടന്ന അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വൈഭവ് നടത്തിയ പ്രകടനം തന്നെ ശരിക്കും അമ്പരപ്പിച്ചുവെന്ന് ബട്‌ലർ പറഞ്ഞു. 80 പന്തിൽ 15 ഫോറുകളും 15 സിക്സറുകളും സഹിതം 175 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. ഈ മത്സരം താൻ ടിവിയിൽ കാണുകയായിരുന്നുവെന്നും, 14-ാം വയസ്സിൽ ഇങ്ങനെ ആരെങ്കിലും കളിക്കുമെന്ന് ചിന്തിക്കാൻ പോലും കഴിയില്ലെന്നും ബട്‌ലർ വ്യക്തമാക്കി. അവൻ ഇപ്പോൾ ഇതാണെങ്കിൽ 16-ലോ 20-ലോ എത്തുമ്പോള്‍ എന്തായിരിക്കും അവസ്ഥയെന്നും ബട്‌ലർ ചോദിച്ചു.

സച്ചിൻ ടെൻ‍ഡുൽക്കർ 16-ാം വയസ്സിലാണ് അരങ്ങേറിയതെന്നും, അന്ന് സോഷ്യൽ മീഡിയയുടെ ശ്രദ്ധ ഇത്രത്തോളം ഇല്ലായിരുന്നെങ്കിലും വൈഭവ് ഇപ്പോൾ തന്നെ എല്ലാവരുടെയും കണ്ണിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ലോകകപ്പിൽ ഏഴ് ഇന്നിംഗ്സുകളിൽ നിന്നായി 439 റൺസാണ് വൈഭവ് നേടിയത്. ഫൈനലിലെ 175 റൺസ് ടൂർണമെന്‍റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്. ഇന്ത്യ ആറാം തവണയും കിരീടം ചൂടിയപ്പോൾ ടൂർണമെന്‍റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും വൈഭവായിരുന്നു.

അണ്ടർ-19 ലോകകപ്പിൽ മാത്രമല്ല, ഐപിഎല്ലിലും വൈഭവ് തന്‍റെ കരുത്ത് തെളിയിച്ചിട്ടുണ്ട്. 2025 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി അരങ്ങേറിയ വൈഭവ്, ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 35 പന്തിൽ സെഞ്ച്വറി നേടി റെക്കോർഡ് ഇട്ടിരുന്നു. ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറിയായിരുന്നു ഇത്. അശ്വിൻ, ജഡേജ തുടങ്ങിയ സീനിയർ സ്പിന്നർമാരെപ്പോലും പക്വതയുള്ള ഒരു പ്രൊഫഷണലിനെപ്പോലെ വൈഭവ് നേരിട്ട രീതി തന്നെ അത്ഭുതപ്പെടുത്തിയെന്നും ബട്‌ലർ കൂട്ടിച്ചേർത്തു.

Tags:    

Similar News