വൈസ് ക്യാപ്റ്റനെ എങ്ങനെയാണ് പുറത്താക്കുക? സഞ്ജുവിനെ ഇപ്പോള്‍ ഓപ്പണറാക്കേണ്ട; ഇനിയുള്ള രണ്ട് കളികളില്‍ കൂടി ഗില്‍ തുടരട്ടെ'; പരാജയപ്പെട്ടാല്‍ ആ തീരുമാനം എടുക്കാമെന്ന് അശ്വിന്‍

Update: 2025-12-15 13:26 GMT

ചെന്നൈ: ഇന്ത്യയുടെ ട്വന്റി 20 ഉപനായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ നിലവിലെ പ്രകടനത്തില്‍ ആശങ്കയുണ്ടെന്നും ഓപ്പണറെന്ന നിലയില്‍ നിരാശപ്പെടുത്തുന്നുവെങ്കിലും ഗില്ലിന് ദക്ഷിണാഫ്രിക്കക്കെതിരെ അടുത്ത രണ്ട് മത്സരങ്ങളില്‍ കൂടി അവസരം നല്‍കണമെന്നും മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ദക്ഷിണാഫ്രിക്കക്കെതിരെ അവസാന രണ്ട് മത്സരങ്ങളിലും ഗില്ലിന് ഫോമിലാവാന്‍ കഴിഞ്ഞില്ലെങ്കില്‍ ടീമില്‍ നിന്നൊഴിവാക്കുകയെന്ന ബുദ്ധിമുട്ടേറിയ ആ തീരുമാനം എടുക്കണമെന്നും അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ നിരാശപ്പെടുത്തുന്നതാണ് ഗില്ലിന്റെ പ്രകടനം. ഗില്‍ തിരിച്ചെത്തിയതോടെ മലയാളി താരം സഞ്ജു സാംസണിന് ആദ്യ പതിനൊന്നില്‍ ഇടംപിടിക്കാനുമായില്ല.

'എനിക്ക് ചെറിയ ആശങ്കയുണ്ട്. ശുഭ്മാന്‍ ഓപ്പണര്‍ മാത്രമല്ല, വൈസ് ക്യാപ്റ്റനും കൂടിയാണ്. വൈസ് ക്യാപ്റ്റനെ എങ്ങനെയാണ് പുറത്താക്കുക? അത് വളരെ ബുദ്ധിമുട്ടുള്ള തീരുമാനമായിരിക്കും. ഈ പരമ്പരയില്‍ എന്തായാലും സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താന്‍ കഴിയില്ല, കാരണം വൈസ് ക്യാപ്റ്റനെ പുറത്തിരുത്തുന്നത് നല്ലതല്ല. മുന്‍പ് വൈസ് ക്യാപ്റ്റന്‍മാരെ പുറത്തിരുത്തിയിട്ടുണ്ടോ എന്ന് ചോദിക്കാം. അദ്ദേഹത്തെ പരിഗണിക്കുകയും ന്യായമായ അവസരം നല്‍കുകയും വേണം. അഞ്ച് കളികളില്‍ അദ്ദേഹം ഫോം കണ്ടെത്താതെ വന്നാല്‍, മറ്റു തീരുമാനങ്ങള്‍ എടുക്കേണ്ടി വരും.'- അശ്വിന്‍ പറഞ്ഞു.

'ശുഭ്മാന്‍ റണ്ണെടുക്കുന്നില്ലെങ്കില്‍, അദ്ദേഹം അവിടെ തുടരണമോ അതോ സാംസണ്‍ കളിക്കണമോ എന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. ഗില്‍ കുറഞ്ഞ സ്‌ട്രൈക്ക് റേറ്റില്‍ റണ്ണെടുക്കുന്നത് കാണേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തുന്നതാണ് ഗില്ലിന്റെ ബാറ്റിങ്. ആദ്യ മത്സരത്തില്‍ നാലുറണ്‍സെടുത്ത് പുറത്തായ താരം രണ്ടാം മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. മൂന്നാം ടി20 യില്‍ 28 പന്തില്‍ 28 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഗില്‍ ടീമിലെത്തിയതോടെ ഓപ്പണറായിരുന്ന മലയാളി താരം സഞ്ജു സാംസണിന് പുറത്തിരിക്കേണ്ടിയും വന്നു.

ടി20 ലോകകപ്പ് അടുത്തെത്തി നില്‍ക്കേയാണ് അശ്വിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗില്ലിന്റെ ഫോമില്‍ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തുന്നത്. ടി20 ലോകകപ്പിനുള്ള മികച്ച ഇലവനെയും മികച്ച സ്‌ക്വാഡിനെയും നേരത്തേ അറിഞ്ഞിരിക്കണമെന്നും അശ്വിന്‍ പ്രതികരിച്ചു. ബൗളിങ്ങില്‍ സംശയങ്ങളൊന്നും ഇല്ലെന്ന് കരുതുന്നു. ആ വിഭാഗം ഉറപ്പിച്ചതാണ്. ഹര്‍ഷിത് റാണ തന്റെ കഴിവ് പുറത്തെടുക്കുന്നത് നല്ല വാര്‍ത്തയാണ്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News