അവസാന ഓവറില്‍ ഗംഭീറിന്റെ സന്ദേശവുമായി സഞ്ജു സാംസണ്‍; ഹാര്‍ദ്ദിക്കിനെ പിന്‍വലിച്ച് കുല്‍ദീപ് യാദവിനെ പന്ത് ഏല്‍പ്പിച്ച് സൂര്യകുമാര്‍ യാദവ്; പിന്നാലെ കൂടാരം കയറി ദക്ഷിണാഫ്രിക്ക

Update: 2025-12-15 13:34 GMT

ധരംശാല: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം നേടിയത് ബൗളര്‍മാരുടെ മികവിലായിരുന്നു. പന്തെടുത്തവരെല്ലാം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബൗളര്‍മാരില്‍ ഏറ്റവുമധികം തിളങ്ങിയത് നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിംഗും നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയുമായിരുന്നു. എന്നാല്‍ ആരാധകരെ അമ്പരപ്പിച്ചൊരു തീരുമാനം ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിലെ അവസാന ഓവറിലായിരുന്നു. 19-ാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 115-7 എന്ന സ്‌കോറിലായിരുന്നു ദക്ഷിണാഫ്രിക്ക. കളിയുടെ അവസാന ഓവറില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ പ്രോട്ടീസിന്റെ വാലറ്റം ശ്രമിക്കുന്നതിനിടെയാണ് നിര്‍ണായകമായ ആ മാറ്റം സംഭവിച്ചത്.

12 റണ്‍സോടെ ആന്റിച്ച് നോര്‍ക്യയയും ഒരു റണ്ണുമായി ലുങ്കി എന്‍ഗിഡിയുമായിരുന്നു ക്രീസില്‍. ഈ സമയം അവസാന ഓവര്‍ എറിയാനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഹാര്‍ദ്ദിക് പാണ്ഡ്യയെ പന്തെറിനായായി വിളിച്ചു. മൂന്നോവര്‍ എറിഞ്ഞിരുന്ന ഹാര്‍ദ്ദിക് അവസാന ഓവര്‍ പന്തെറിയാനായി തയാറെടുത്തു. അവസാന ഓവറില്‍ കുറഞ്ഞത് 10 റണ്‍സെങ്കിലും നേടി സ്‌കോര്‍ 120 കടത്തുക എന്നതായിരുന്നു അപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. എന്നാല്‍ ഈ സമയത്താണ് ഗംഭീര്‍ ഡഗ് ഔട്ടില്‍ നിന്ന് ഇടപെട്ടത്.

ഫീല്‍ഡിംഗ് കോച്ച് ടി ദിലീപിന് അടുത്തെത്തി ഗംഭീര്‍ എന്തോ നിര്‍ദേശിച്ചു. ഉടന്‍ തന്നെ ദിലീപ് ഇക്കാര്യം ഡഗ് ഔട്ടിലിരുന്ന സഞ്ജുവിനോട് പറഞ്ഞു. ദിലീപിന്റെ നിര്‍ദേശം കേട്ട സഞ്ജു ഗ്രൗണ്ടിലേക്കോടി സൂര്യകുമാര്‍ യാദവിനോട് ഹാര്‍ദ്ദിക്കിനെയല്ല കുല്‍ദീപ് യാദവിനെ അവസാന ഓവര്‍ എറിയാനായി വിളിക്കാന്‍ പറഞ്ഞു. കോച്ചിന്റെ നിര്‍ദേശം സ്വീകരിച്ച സൂര്യകുമാര്‍ കുല്‍ദീപിനെ പന്തെറിയാന്‍ വിളിച്ചു.

തന്റെ ആദ്യ ഓവറില്‍ 10 റണ്‍സ് വഴങ്ങിയ കുല്‍ദീപ് യാദവിന് സൂര്യകുമാര്‍ പിന്നീട് ബൗളിംഗ് കൊടുത്തിരുന്നില്ല. തന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയ കുല്‍ദീപ് വെറും മൂന്ന് റണ്‍സ് മാത്രം വഴങ്ങി അവസാന ഓവറില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങി ആന്റിച്ച് നോര്‍ക്യയയുടെയും ഒട്ട്‌നീല്‍ ബാര്‍ട്മാന്റെയും വിക്കറ്റുകള്‍ സ്വന്തമാക്കി ഗംഭീറിന്റെയും സൂര്യയുടെയും വിശ്വാസം കാത്തു. ഒപ്പം ദക്ഷിണാഫ്രിക്ക 120 കടക്കുന്നത് തടയുകയും ചെയ്തു. ഈ തീരുമാനം ആദ്യം എല്ലാവരെയും അമ്പരപ്പിച്ചുവെങ്കിലും ഫലം പെട്ടെന്നാണ് ഉണ്ടായത്.അവസാന ഓവറില്‍ നിര്‍ണായകമായ രണ്ടു വിക്കറ്റുകളാണ് ഗംഭീറിന്റെ തന്ത്രത്തിലൂടെ കുല്‍ദീപ് വീഴ്ത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഏഴുവിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 117 റണ്‍സിന് ആള്‍ഔട്ടായപ്പോള്‍ ഇന്ത്യ 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലായിരുന്നു ലക്ഷ്യത്തിലെത്തിയത്.

Similar News