ഐപിഎല്‍ ലേലത്തില്‍ പൊന്നുംവില; പിന്നാലെ ആഷസില്‍ പൂജ്യത്തിന് പുറത്തായി കാമറൂണ്‍ ഗ്രീന്‍; അലക്‌സ് ക്യാരിക്ക് സെഞ്ചുറി; സ്മിത്തിന് പകരക്കാരനായി ഇറങ്ങി അര്‍ധ സെഞ്ചുറി നേടി ഉസ്മാന്‍ ഖവാജയും; ഇംഗ്ലണ്ടിനെതിരെ ഭേദപ്പെട്ട സ്‌കോറിലേക്ക് ഓസീസ്

Update: 2025-12-17 10:02 GMT


അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ സെഞ്ചുറിയുടെ മികവില്‍ ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌കോറിലേക്ക്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെന്ന നിലയിലാണ്. 33 റണ്‍സോടെ മിച്ചല്‍ സ്റ്റാര്‍ക്കും റണ്ണൊന്നുമെടുക്കാതെ നഥാന്‍ ലിയോണും ക്രീസില്‍. അലക്‌സ് ക്യാരി 106 റണ്‍സടിച്ച് ടോപ് സ്‌കോററായപ്പോള്‍ 82 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയും ഓസീസിനായി തിളങ്ങി.

ഐപിഎല്‍ മിനി താരലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ എത്തിയതിന് പിന്നാലെ ആഷസില്‍ ഇംഗ്ലണ്ടിനെതിരെ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ നിരാശപ്പെടുത്തി. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഓസീസിനായി അഞ്ചാമനായി ക്രീസിലിറങ്ങിയ ഗ്രീന്‍ നേരിട്ട രണ്ടാം പന്തില്‍ പൂജ്യത്തിന് പുറത്തായി. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ഗ്രീനിനെ ബ്രെയ്ഡന്‍ കാര്‍സാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. ഇന്നലെ ഐപിഎല്‍ താരലേലത്തില്‍ 25.20 കോടി രൂപക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തിയ ഗ്രീന്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ വിദേശ താരമായിരുന്നു.

മൂന്ന് പന്തുകളുടെ ഇടവേളയില്‍ മാര്‍നസ് ലാബുഷെയ്‌നിനെയും(19), കാമറൂണ്‍ ഗ്രീനിനെയും(0)മടക്കിയ ജോഫ്ര ആര്‍ച്ചറാണ് ഓസീസിനെ ഞെട്ടിച്ചത്. നേരത്തെ ഓപ്പണര്‍ ജേക്ക് വെതറാള്‍ഡിനെയും(18) ആര്‍ച്ചര്‍ മടക്കിയിരുന്നു. 10 റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ ബ്രെയ്ഡന്‍ കാര്‍സും മടക്കി.

നാടകീയ മാറ്റം

മത്സരത്തിന് ഒരുദിവസം മുമ്പെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം ടോസിന് തൊട്ടുമുമ്പ് ടീമില്‍ മാറ്റം വരുത്താന്‍ ഓസ്‌ട്രേലിയ നിര്‍ബന്ധിതരായിരുന്നു. അസുഖബാധിതനായ സ്റ്റീവ് സ്മിത്തിന് പകരം നേരത്തെ പ്രഖ്യാപിച്ച ടീമില്‍ ഇല്ലാതിരുന്ന ഉസ്മാന്‍ ഖവാജയെ ഓസീസ് പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചു. ഖവാജ തിരിച്ചെത്തിയെങ്കിലും ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസിനായി ട്രാവിസ് ഹെഡ് തന്നെയാണ് ഓപ്പണറായി ഇറങ്ങിയത്. പാറ്റ് കമിന്‍സ് നായകനായി തിരിച്ചെത്തിയപ്പോള്‍ സ്പിന്നര്‍ നഥാന്‍ ലിയോണും ഓസീസിന്റെ പ്ലേയിംഗ് ഇലവനിലെത്തി.

ജേക്ക് വെതറാള്‍ഡിനൊപ്പം ഓപ്പണ്‍ ചെയ്ത ഹെഡിന് പക്ഷെ 10 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. വെതറാള്‍ഡ് 18 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ മാര്‍നസ് ലാബുഷെയ്‌നും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് ഓസീസിനെ 94 റണ്‍സിലെത്തിച്ചു. എന്നാല്‍ സ്‌കോര്‍ 94ല്‍ നില്‍ക്കെ ലാബുഷെയ്‌നിനെയും(19) ഒരു പന്തിന്റെ ഇടവേളയില്‍ കാമറൂണ്‍ ഗ്രീനിനെയും നഷ്ടമായതോടെ പതറിയ ഓസീസിനെ ക്യാരി-ഖവാജ സഖ്യമാണ് കരകയറ്റിയത്. 91 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ സ്‌കോര്‍ 185ല്‍ നില്‍ക്കെ ഖവാജയെ(82) വില്‍ ജാക്‌സ് മടക്കിയെങ്കിലും ജോഷ് ഇംഗ്ലിസിനെയും(32), നായകന്‍ പാറ്റ് കമിന്‍സിനെയും(13), മിച്ചല്‍ സ്റ്റാര്‍ക്കിനെയും കൂട്ടുപിടിച്ച് ക്യാരി പോരാട്ടം തുടര്‍ന്നു. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ക്യാരിയെ(106) വില്‍ ജാക്‌സ് പുറത്താക്കിയെങ്കിലും സ്റ്റാര്‍ക്ക് നിലയുറപ്പിച്ചതോടെ ഓസീസ് സ്‌കോര്‍ 300 കടന്നു. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നും ബ്രെയ്ഡന്‍ കാര്‍സും വില്‍ ജാക്‌സും രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച ഓസീസ് പരമ്പരയില്‍ 2-0ന് മുന്നിലാണ്.

Similar News