കാലിന് പരിക്കേറ്റ ഗില്‍ പുറത്ത്; ഓപ്പണറായി സഞ്ജു കളിച്ചേക്കും; ലക്‌നൗവില്‍ കനത്ത മൂടല്‍ മഞ്ഞ്; നാലാം ട്വന്റി20 മത്സരത്തിന്റെ ടോസ് വൈകുന്നു

Update: 2025-12-17 13:58 GMT

ലക്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20യില്‍ കാലിന് പരിക്കേറ്റ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കളിക്കില്ല. കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് ശുഭ്മന്‍ ഗില്‍ പ്ലേയിങ് ഇലവനിലുണ്ടാകില്ലെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. അതേസമയം, ഗില്ലിനു പകരം ആരാണു ടീമിലുണ്ടാകുക എന്നു വ്യക്തമായിട്ടില്ല. സഞ്ജു സാംസണ്‍ ഓപ്പണറാകാനാണ് സാധ്യത. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ടോസ് വൈകുകയാണ്. ആറരയ്ക്കാണ് ടോസ് നിശ്ചയിച്ചിരുന്നത്. 7.30ന് പരിശോധന നടത്തും. എതിര്‍ വശത്തുള്ള ആളിനെ കാണാന്‍ പോലും സാധിക്കാത്ത വിധമാണ് മൂടല്‍മഞ്ഞ് രൂപപ്പെട്ടിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിനിറങ്ങുമ്പോള്‍, തുടര്‍ച്ചയായ എട്ടാം ടി 20 പരമ്പരവിജയം എന്ന നേട്ടത്തിനരികിലാണ് ടീം ഇന്ത്യ. 2-1ന് മുന്നിലുള്ള ഇന്ത്യക്ക് ജയിച്ചാല്‍ പരമ്പര സ്വന്തമാകും.

പരമ്പരയിലെ ആദ്യമത്സരം ഇന്ത്യ 101 റണ്‍സിന് ജയിച്ചപ്പോള്‍, രണ്ടാം മത്സരത്തില്‍ 51 റണ്‍സ് ജയവുമായി ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു. മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ ഏഴുവിക്കറ്റ് ജയം ഏകപക്ഷീയമായിരുന്നു. വിജയിക്കണമെന്ന സമ്മര്‍ദം അവസാനമത്സരത്തിലേക്ക് നീട്ടിവെക്കാതെ ലക്നൗവില്‍ തീര്‍ക്കാനായിരിക്കും സൂര്യകുമാര്‍ യാദവും സംഘവും ശ്രമിക്കുക.

ധരംശാലയില്‍ 28 പന്തില്‍ 28 റണ്‍സ് നേടിയെങ്കിലും ട്വന്റി20യിലെ തന്റെ ബാറ്റിങ് ശൈലിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും കഴിഞ്ഞിട്ടില്ല. ഗില്ലിനു പകരം സഞ്ജുവിനെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് താരം പരുക്കേറ്റ് പുറത്താകുന്നത്. കഴുത്തിനേറ്റ് പരുക്കിനെ തുടര്‍ന്ന് ടെസ്റ്റ്, ഏകദിന പരമ്പകളില്‍നിന്നു പുറത്തായ താരം, ട്വന്റി20 പരമ്പരയിലൂടെയാണ് ടീമിലേക്കു തിരിച്ചെത്തിയത്.

ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ഫോമിനെച്ചൊല്ലിയുള്ള ആശങ്കകള്‍ ഓരോ മത്സരം കഴിയുന്തോറും ഇന്ത്യന്‍ ക്യാംപില്‍ വര്‍ധിക്കുകയാണ്. 118 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന മൂന്നാം മത്സരത്തില്‍ പോലും ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ സൂര്യയ്ക്കായില്ല (12). ഈ വര്‍ഷം ട്വന്റി20യില്‍ ഒരു അര്‍ധ സെഞ്ചറി പോലും നേടാനാകാത്ത ഇന്ത്യന്‍ ക്യാപ്റ്റന്റെ ശരാശരി 15ല്‍ താഴെയാണ്. സൂര്യ 20ല്‍ കൂടുതല്‍ പന്തുകള്‍ നേരിട്ടത് 2 ഇന്നിങ്‌സുകളില്‍ മാത്രവും.

ശാരീരികപ്രശ്‌നങ്ങളാല്‍ കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന ജസ്പ്രീത് ബുംറ ബുധനാഴ്ചയും ഇറങ്ങിയേല്ല. പകരമെത്തിയ ഹര്‍ഷിത് റാണ രണ്ടുവിക്കറ്റുമായി തിളങ്ങിയിരുന്നു. പേസ് വിഭാഗത്തില്‍ അര്‍ഷ്ദീപ് സിങ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരുമുണ്ട്. മറുഭാഗത്ത് ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്റിക്സ്, എയ്ഡന്‍ മാര്‍ക്രം, ട്രിസ്റ്റ്യന്‍ സ്റ്റബ്സ് തുടങ്ങിയ വമ്പന്‍മാര്‍ ഉള്‍പ്പെട്ടതാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിര.

Similar News