ബെനോനിയില്‍ ഇന്ത്യന്‍ ബാറ്റിംഗ് വിസ്മയം! 63 പന്തില്‍ സെഞ്ചുറിയുമായി സൂര്യവംശി; സെഞ്ചുറിയുമായി മലയാളി താരം ആരോണും; വൈഭവ് അടിച്ച പന്ത് സ്റ്റേഡിയത്തിന് പുറത്തുവീണതോടെ കളി തടസ്സപ്പെട്ടത് പലതവണ; ദക്ഷിണാഫ്രിക്കയ്ക്ക് 394 റണ്‍സ് വിജയലക്ഷ്യം

Update: 2026-01-07 11:29 GMT

ബെനോനി: ബെനോനിയില്‍ വീണ്ടും ഇന്ത്യന്‍ കൗമാരതാരങ്ങളുടെ ബാറ്റിങ് വെടിക്കെട്ട്. മൂന്നാം യൂത്ത് ഏകദിനത്തില്‍ ക്യാപ്റ്റന്‍ വൈഭവ് സൂര്യവംശിയും മലയാളി താരം ആരോണ്‍ ജോര്‍ജും നേടിയ മിന്നുന്ന സെഞ്ചുറികളുടെ മികവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 394 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം കുറിച്ച് ഇന്ത്യ. നിശ്ചിത അമ്പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.

63 പന്തുകളിലാണ് വൈഭവ് ബെനോനിയില്‍ സെഞ്ചറിയിലെത്തിയത്. മത്സരത്തില്‍ 74 പന്തുകള്‍ നേരിട്ട വൈഭവ് 127 റണ്‍സടിച്ചാണു പുറത്തായത്. 10 സിക്‌സുകളും ഒന്‍പതു ഫോറുകളും താരം ബൗണ്ടറി കടത്തിവിട്ടു. 91 പന്തുകളില്‍ സെഞ്ചറി നേടിയ ആരോണ്‍ ജോര്‍ജ് 15 ഫോറുകളാണ് അടിച്ചത്. വൈഭവ് സൂര്യവംശിയും ആരോണ്‍ ജോര്‍ജും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 227 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്.

നേരിട്ട ആദ്യ പന്തില്‍ തന്നെ ഫോറടിച്ചാണ് വൈഭവ് ഇന്നിങ്‌സിനു തുടക്കമിട്ടത്. ഇന്ത്യന്‍ ക്യാപ്റ്റനു പിന്തുണയുമായി ആരോണ്‍ ജോര്‍ജും ചേര്‍ന്നതോടെ ഇന്ത്യയ്ക്കു പിന്നീടു തിരിഞ്ഞുനോക്കേണ്ടിവന്നില്ല. വൈഭവ് ബാറ്റിങ് വെടിക്കെട്ടിനു തിരികൊളുത്തിയതോടെ സ്റ്റേഡിയത്തിനു പുറത്തുപോയ പന്ത് എടുക്കാന്‍ വേണ്ടി കുറച്ചുനേരം കളി നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്കായി വൈഭവും ആരോണ്‍ ജോര്‍ജും ചേര്‍ന്ന് തകര്‍ത്തടിച്ചാണ് തുടങ്ങിയത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ വൈഭവ് 24 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. 63 പന്തില്‍ വൈഭവ് സെഞ്ചുറി തികച്ചു. സെഞ്ചുറിക്കുശേഷവും അടിതുടര്‍ന്ന വൈഭവ് ഇതുവരെ 9 ഫോറും 10 സിക്‌സും പറത്തി 74 പന്തില്‍ 127 റണ്‍സെടുത്ത് പുറത്തായി. കോര്‍നെ ബോതയെ ബൗണ്ടറി കടത്തിയ വൈഭവ് 24 പന്തുകളില്‍നിന്നാണ് അര്‍ധ സെഞ്ചറിയിലെത്തിയത്. പിന്നീടത്തെ 39 പന്തുകളില്‍ താരം സെഞ്ചറി പിന്നിട്ടു. എട്ടു സിക്‌സുകളും ആറു ഫോറുകളുമാണ് 100 കടക്കാന്‍ വൈഭവ് അടിച്ചുകൂട്ടിയത്.

വൈഭവിനൊപ്പം തകര്‍ത്തടിച്ച ആരോണ്‍ ജോര്‍ജും മോശമാക്കിയില്ല. 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ആരോണ്‍ 91 പന്തില്‍ സെഞ്ചുറിയിലെത്തി. 15 ബൗണ്ടറികളാണ് ആരോണ്‍ പറത്തിയത്. നേരത്തെ മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ അണ്ടര്‍ 19 പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം ഏകദിനവും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആരോണ്‍ ജോര്‍ജിന് പുറമെ മലയാളി താരം മുഹമ്മദ് ഇനാനും ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്.

Tags:    

Similar News