എതിരാളികളെ തീര്‍ക്കാന്‍ 'ഹിറ്റ് ടീം'; കേരളത്തില്‍ പിഎഫ്‌ഐയുടെ സായുധ സംഘം സജീവം! നിരോധനത്തിന് ശേഷവും പണം ഒഴുകുന്നത് എവിടെ നിന്ന്? ജിഹാദി ഗൂഢാലോചനയുടെ വേരുകള്‍ തേടി എന്‍ഐഎ; ചാവക്കാട്ടെ നേതാവിന്റെ വീട്ടിലടക്കം സംസ്ഥാനത്ത് ഒന്‍പത് കേന്ദ്രങ്ങളില്‍ പരിശോധന; ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തു; ഗുരുതര കണ്ടെത്തലുകള്‍
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദേശ ഫണ്ടിംഗും രാജ്യവിരുദ്ധ ഗൂഢാലോചനകളും അന്വേഷിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ നടത്തിയ വ്യാപക റെയ്ഡില്‍ ഡിജിറ്റല്‍ തെളിവുകളടക്കം കണ്ടെടുത്ത് ദേശീയ അന്വേഷണ ഏജന്‍സി. എതിരാളികളെ ഇല്ലാതാക്കാന്‍ പിഎഫ്‌ഐ ഹിറ്റ് ടീമും സായുധ സംഘങ്ങളേയും രൂപീകരിച്ചെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇന്നത്തെ റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു.അതെല്ലാം പരിശോധിച്ച് വരികയാണ്. വിവരങ്ങള്‍ അറിയിക്കാന്‍ റിപ്പോര്‍ട്ടേഴ്സ് വിംഗ് , സായുധ സേന, എതിരാളികളെ ഇല്ലാതാകാന്‍ HIT ടീം തുടങ്ങിയവ രൂപീകരിച്ചിരിക്കുന്നതായി കണ്ടെത്തലുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ സംസ്ഥാനത്തെ ഒന്‍പതോളം കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. 2022ല്‍ രജിസ്റ്റര്‍ ചെയ്ത ജിഹാദി ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് എന്‍ഐഎ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലായി നടന്ന റെയ്ഡില്‍ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, സിം കാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും സുപ്രധാന രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു.
തൃശൂര്‍ ചാവക്കാട് പാലയൂരില്‍ എസ്ഡിപിഐ നേതാവ് ഫാമിസ് അബൂബക്കറിന്റെ വീട്ടിലും കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലും മണിക്കൂറുകളോളം പരിശോധന നീണ്ടുനിന്നു. പിഎഫ്‌ഐയുടെ അനുബന്ധ സംഘടനകളുമായി ബന്ധമുള്ള വ്യക്തികളുടെ വീടുകളും ഓഫീസുകളുമാണ് പ്രധാനമായും നിരീക്ഷണത്തിലുണ്ടായിരുന്നത്. 2047-ഓടെ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വര്‍ഗീയ ഭിന്നതയുണ്ടാക്കാനും യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കാനും പിഎഫ്‌ഐ ഗൂഢാലോചന നടത്തിയെന്നാണ് എന്‍ഐഎ പറയുന്നത്.
ഇതിനായി യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കുന്നതിനും 'ഹിറ്റ് ടീമുകളെ' സജ്ജമാക്കുന്നതിനും സംഘടന രഹസ്യ കേന്ദ്രങ്ങള്‍ ഉപയോഗിച്ചിരുന്നു. ശാരീരിക പരിശീലനം, യോഗ എന്നിവയുടെ മറവിലാണ് ആയുധങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം നല്‍കിയിരുന്നതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പിടികിട്ടാപ്പുള്ളികളായ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കുന്ന ശൃംഖലകളെ തകര്‍ക്കുക എന്നതായിരുന്നു ബുധനാഴ്ചത്തെ റെയ്ഡിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകക്കേസിലെ പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും ഈ പരിശോധനയിലൂടെ അന്വേഷണ സംഘം തേടിയിട്ടുണ്ട്. പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ സംഘടനയുടെ വിദേശ ഫണ്ടിംഗിനെക്കുറിച്ചും ഹവാല ഇടപാടുകളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്‍ഐഎ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളെ കുറിച്ചും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന ആരോപണങ്ങളെ കുറിച്ചുമുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വിവിധ കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന നടന്നതെന്നാണ് വിവരം. പോപ്പുലര്‍ ഫ്രണ്ടിന്റെയും അതിന്റെ രാഷ്ട്രീയ വിഭാഗമായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെയും (എസ്ഡിപിഐ) മുന്‍ ഭാരവാഹികളുടെ വീടുകളും ഓഫീസുകളുമടക്കം ലക്ഷ്യമിട്ടായിരുന്നു എന്‍ഐഎ പരിശേധന. നിരോധിത സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനുമായി സംസ്ഥാനത്ത് രഹസ്യമായി ഫണ്ട് സമാഹരിക്കുന്നുണ്ടെന്ന് അന്വേഷണ ഏജന്‍സിക്ക് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് സൂചന.
തൃശ്ശൂര്‍ ജില്ലയില്‍, ചാവക്കാട്ടെ ഒരു ഉന്നത എസ്ഡിപിഐ നേതാവിന്റെ വസതിയിലും എന്‍ഐഎ സംഘം പരിശോധന നടത്തിയതായാണ് വിവരം. ഈ നേതാവ് മുമ്പ് പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാതല നേതാവായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ലഭിച്ച ഡിജിറ്റല്‍ ഉപകരണങ്ങളും ബാങ്കിംഗ് രേഖകളും എന്‍ഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് എന്‍ഐഎ കൊച്ചി യൂണിറ്റില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ഓപ്പറേഷന്റെ ഭാഗമായി നേതാവിന്റെ വീട്ടിലെത്തിയത്.
ഒളിവില്‍ കഴിയുന്ന ആറ് പ്രതികളെ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. ഇവര്‍ പിഎഫ്‌ഐ കേസുകളിലും പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് എ. ശ്രീനിവാസന്‍ വധക്കേസിലും പ്രതികളാണ്. മേലെ പട്ടാമ്പി സ്വദേശി മുഹമ്മദ് മന്‍സൂര്‍, എറണാകുളം സ്വദേശി മുഹമ്മദ് യാസര്‍ അറാഫത്ത്, പാലക്കാട് സ്വദേശി അബ്ദുള്‍ റഷീദ്, എറണാകുളം എടവനക്കോട് സ്വദേശി അയൂബ് ടി. എ, മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്ജീന്‍ കുട്ടി, എറണാകുളം പറവൂര്‍ സ്വദേശി അബ്ദുള്‍ വഹാബ് എന്നിവരാണ് പിടിയിലാകാനുള്ളത്. ഇവര്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
റെയ്ഡ് നടക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഒരുക്കുന്നതിനും അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനുമായി കേന്ദ്ര സായുധ പോലീസ് സേനയെയും വിന്യസിച്ചിരുന്നു. 2022-ലാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. നിയമവിരുദ്ധവും തീവ്രവാദപരവുമായ പ്രവര്‍ത്തനങ്ങളില്‍ സംഘടനങ്ങളുടെ പങ്കാളിത്തം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് രഹസ്യ ശംൃഖലകളിലൂടെയും അനുകൂല പ്ലാറ്റ്ഫോമുകളിലൂടെയും പ്രവര്‍ത്തനം തുടരുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായുള്ള അന്വോഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. നിരോധനം ലംഘിച്ച് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികം ലഭിക്കുന്നുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
സംഘടനയുമായി ബന്ധപ്പെട്ട് എന്‍ഐഎ മുമ്പ് നടത്തിയിട്ടുള്ള ഓപ്പറേഷനുകളില്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ റെയ്ഡ് നടന്നതെന്നും റിപ്പോര്‍ട്ടുണ്ട്. റെയ്ഡില്‍ പിടിച്ചെടുത്തിട്ടുള്ള ഡിജിറ്റല്‍, ഇലക്ട്രോണിക് ഡേറ്റയും സാമ്പത്തിക രേഖകളും മറ്റ് ഉപകരണങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. അതേസമയം, റെയ്ഡുകളെ കുറിച്ചുള്ള വിശദമായ വിവരങ്ങളോ കണ്ടെത്തലുകളോ സംബന്ധിച്ച് എന്‍ഐഎ ഇതുവരെ ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. റെയ്ഡില്‍ നിന്നുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഹമ്മദ് മന്‍സൂര്‍ യെമനിലേക്ക് കടന്നതായും സൂചനകളുണ്ട്. പ്രതികള്‍ക്കായി 2024 ല്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇവരെ കണ്ടെത്തുന്നവര്‍ക്ക് ലക്ഷങ്ങളായിരുന്നു പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
