സഞ്ജുവിനായി ആര്‍പ്പുവിളിച്ച് മല്ലു ഫാന്‍സ്; വിമാനത്താവളത്തില്‍ വഴിയൊരുക്കി സൂര്യകുമാര്‍ യാദവ്; തിരുവനന്തപുരം ഇളകിമറിഞ്ഞു; കാര്യവട്ടം കാത്തിരിക്കുന്നത് സഞ്ജുവിന്റെ വെടിക്കെട്ടിനായി; കോവളത്ത് ലീലാ റാവിസില്‍ താമസം; കീവീസ് പട ഹയാത്തിലും; അനന്തപുരി ഇനി ക്രിക്കറ്റ് ലഹരിയില്‍
തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തിനായി ഇരു ടീമുകളും തിരുവനന്തപുരത്തെത്തിയതോടെ തലസ്ഥാന നഗരി ക്രിക്കറ്റ് ലഹരിയില്‍. പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് താരങ്ങള്‍ എത്തിയത്. വിമാനത്താവളത്തില്‍ കെ.സി.എ ട്രഷറര്‍ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നിര്‍ണായക പോരാട്ടം നടക്കുന്നത്. ജനുവരി 31ന് ശനിയാഴ്ച രാത്രി ഏഴ് മണിക്കാണ് പരമ്പരയിലെ അവസാന മത്സരം. ഹോം ഗ്രൗണ്ടില്‍ മലയാളി താരം സഞ്ജു സാംസന്റെ പ്രകടനമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
പരമ്പരയില്‍ ഇന്ത്യ ഇതിനോടകം 3-1ന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ സമ്മര്‍ദ്ദങ്ങളില്ലാതെ ആകും ടീം ഇന്ത്യ കാര്യവട്ടത്ത് കളിക്കുക. അതേസമയം, നാലാം ടി20യില്‍ കീവീസ് പടയോട് 50 റണ്‍സിന്റെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ഇന്ത്യക്ക് ലോകകപ്പിന് മുന്നോടിയായി ജയത്തോടെ തിരിച്ചടിക്കാന്‍ തന്നെയാകും പ്ലാനുകള്‍.
മലയാളി താരം സഞ്ജു സാംസണെ ഒരു നോക്ക് കാണാന്‍ ആരാധകരുടെ വന്‍ തിരക്കാണ് വിമാനത്താവളത്തിന് പുറത്ത് അനുഭവപ്പെട്ടത്. താരങ്ങളെ വരവേല്‍ക്കാന്‍ ആവേശഭരിതരായ കായികപ്രേമികള്‍ വിമാനത്താവള പരിസരത്ത് തടിച്ചുകൂടി. താരങ്ങളുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ടീമിന് കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലന്‍ഡ് ടീമിന് നഗരത്തിലെ ഹയാത്ത് റീജന്‍സിയലുമാണ് താമസ ഒരക്കിയിരിക്കുന്നത്. വിമാനത്താവളം മുതല്‍ ഹോട്ടലുകള്‍ വരെയും സ്റ്റേഡിയം പരിസരത്തും കനത്ത പോലീസ് കാവല്‍. ഗതാഗത നിയന്ത്രണങ്ങള്‍ക്കും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വന്ന താരങ്ങള്‍ ഹോട്ടലിലേക്കാണ് നേരെ പോയത്. വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വന്ന സഞ്ജുവിനായി മലയാളി ആരാധകര്‍ ആര്‍പ്പു വിളിക്കുന്നുണ്ടായിരുന്നു. പരമ്പരയിലെ അവസാന മാച്ചില്‍ ബാറ്റിങ്ങില്‍ ഫോം കണ്ടെത്തി ലോകകപ്പിന് നന്നായി ഒരുങ്ങാനാണ് സഞ്ജുവും ലക്ഷ്യമിടുന്നത്. ലോക ഒന്നാം നമ്പര്‍ താരം അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജു ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളില്‍ സഞ്ജു പരാജയപ്പെട്ടതോടെ മലയാളി താരത്തെ ടീമില്‍ നിന്ന് മാറ്റണമെന്ന ആവശ്യം ഉയരുന്നതിനിടെ ആണ് പിന്തുണച്ച് റെയ്ന എത്തിയത്. 'ഫോം താല്‍ക്കാലികം മാത്രമാണ്, സഞ്ജുവിന്റെ ക്ലാസ് സ്ഥിരമാണ്. സൂര്യകുമാര്‍ യാദവിനെ മോശം സമയത്ത് പരിശീലകന്‍ പിന്തുണച്ചത് പോലെ സഞ്ജുവിനും അര്‍ഹമായ പിന്തുണ നല്‍കണം,' റെയ്‌ന കൂട്ടിച്ചേര്‍ത്തു. പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിലും നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണ്‍ ഹോം ഗ്രൗണ്ടില്‍ തകര്‍ത്തടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
