36 പന്തില്‍ 62 റണ്‍സുമായി ടിം സൈഫര്‍ട്ട്; 23 പന്തില്‍ 44 റണ്‍സെടുത്ത് ഡെവോണ്‍ കോണ്‍വെയും; ന്യൂസിലന്‍ഡ് ഓപ്പണര്‍മാരുടെ ബാറ്റിങ് വെടിക്കെട്ടിന് സഞ്ജു മറുപടി നല്‍കുമോ? വിശാഖപട്ടണത്ത് ഇന്ത്യക്ക് 216 റണ്‍സ് വിജയലക്ഷ്യം

Update: 2026-01-28 15:30 GMT

വിശാഖപട്ടണം: ഇന്ത്യക്കെതിരായ നാലാം ട്വന്റി 20 ക്രിക്കറ്റില്‍ 216 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ന്യൂസിലന്‍ഡ്. നിശ്ചിത 20 ഓവറില്‍ ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തു. 36 പന്തില്‍ 62 റണ്‍സെടുത്ത ടിം സൈഫര്‍ട്ടാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ഡെവോണ്‍ കോണ്‍വെ 23 പന്തില്‍ 44 റണ്‍സെടുത്തപ്പോള്‍ ഗ്ലെന്‍ ഫിലിപ്‌സ് 16 പന്തില്‍ 24 റണ്‍സെടുത്തു. ഡാരില്‍ മിച്ചല്‍ 18 പന്തില്‍ 39 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യക്കായി കുല്‍ദീപ് യാദവും അര്‍ഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതമെടുത്തു. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. അടുത്തമാസം ട്വന്റി 20 ലോകകപ്പ് തുടങ്ങാനിരിക്കേ, അഞ്ചുമത്സരങ്ങളിലും ജയിച്ച് ആത്മവിശ്വാസം ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സംഘവും.

ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കമാണ് കിവീസിന് നേട്ടമായത്. ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കിവീസിന് സൈഫര്‍ട്ടും ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ 71 റണ്‍സ് അടിച്ചു കൂട്ടിയ ഇരുവരും ഇന്ത്യയെ ഞെട്ടിച്ചു. സൈഫര്‍ട്ടാണ് ആദ്യം അടി തുടങ്ങിയത്. ആദ്യ മൂന്നോവറില്‍ 30 റണ്‍സിലെത്തി. നാലാം ഓവറില്‍ 15 റണ്‍സും അഞ്ചാം ഓവറില്‍ 10 റണ്‍സും ആറാം ഓവറില്‍ 16 റണ്‍സും കിവീസ് അടിച്ചെടുത്തു. അതോടെ പവര്‍പ്ലേയില്‍ സ്‌കോര്‍ 71 റണ്‍സിലെത്തി. എട്ടാം ഓവറില്‍ സെയ്ഫേര്‍ട്ട് അര്‍ധസെഞ്ചുറി തികച്ചു. 25 പന്തിലാണ് ഫിഫ്റ്റി. കോണ്‍വെയും പങ്കാളിയായതോടെ ഓപ്പണിംഗ് വിക്കറ്റില്‍ 8.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ കിവീസ് 100 റണ്‍സിലെത്തി. 24 പന്തില്‍ സൈഫര്‍ട്ട് അര്‍ധസെഞ്ചുറി തികച്ചു.

ഒന്‍പതാം ഓവറില്‍ കോണ്‍വേയെ പുറത്താക്കി കുല്‍ദീപ് യാദവ് കിവീസിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. 23 പന്തില്‍ നിന്ന് 44 റണ്‍സെടുത്താണ് താരം മടങ്ങിയത്. വണ്‍ഡൗണായി ഇറങ്ങിയ രചിന്‍ രവീന്ദ്രയെ(2) ബുംറയും കൂടാരം കയറ്റിയതോടെ ടീം 103-2 എന്ന നിലയിലായി. മൂന്നാം വിക്കറ്റില്‍ സെയ്ഫേര്‍ട്ടും ഗ്ലെന്‍ ഫിലിപ്സുമാണ് ഇന്നിങ്സ് മുന്നോട്ടുനയിച്ചത്. സ്‌കോര്‍ 126 ല്‍ നില്‍ക്കേ സെയ്ഫേര്‍ട്ടും പുറത്തായി. 36 പന്തില്‍ നിന്ന് 62 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

പിന്നീട് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ പിടിമുറുക്കിയതോടെ കിവീസ് പ്രതിരോധത്തിലായി. ഗ്ലെന്‍ ഫിലിപ്സും(24) മാര്‍ക് ചാപ്മാനും(9) വേഗം പുറത്തായി. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ 11 റണ്‍സില്‍ റണ്ണൗട്ടായി. അവസാനഓവറുകളില്‍ ഡാരില്‍ മിച്ചല്‍ തകര്‍ത്തടിച്ചതോടെയാണ് ടീം 200 കടന്നത്. മിച്ചല്‍ 18 പന്തില്‍ നിന്ന് 39 റണ്‍സെടുത്തു. ഒടുവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സിന് ഇന്നിങ്‌സ് അവസാനിച്ചു. ഇന്ത്യക്കായി കുല്‍ദീപ് യാദവും അര്‍ഷ്ദീപ് സിങ്ങും രണ്ട് വീതം വിക്കറ്റെടുത്തു.

പരമ്പര നേടിക്കഴിഞ്ഞതിനാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ട്. ഇഷാന്‍ കിഷന് പകരം അര്‍ഷ്ദീപ് സിങ്ങാണ് കളിക്കുന്നത്. അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ ഓരോരോ കളികളിലായി മികവിലേക്കുയര്‍ന്നു. എന്നാല്‍, മൂന്നുകളിയിലും ഓപ്പണറായി അവസരംകിട്ടിയ സഞ്ജു സാംസണ്‍ മികച്ച സ്‌കോര്‍ കണ്ടെത്താത്തത് ടീമിന് തലവേദനയാണ്. ലോകകപ്പില്‍ സഞ്ജുവിനെ ഓപ്പണറായി നിലനിര്‍ത്തണമങ്കില്‍ ഈ പരമ്പരയില്‍ ഫോം തെളിയിച്ചേ മതിയാകൂ.

Similar News