തിരുവനന്തപുരത്ത് സഞ്ജു സാംസണ്‍ കാഴ്ചക്കാരനാകുമോ? ടീമിലെ സ്ഥാനം പരുങ്ങലിലോ? പകരക്കാരനായി ഇഷാന്‍ റെഡി; മോര്‍ക്കലിന്റെ വാക്കുകള്‍ വെറും ആശ്വാസമോ? വിശാഖപട്ടണത്ത് നാളെ അഗ്‌നിപരീക്ഷ; സഞ്ജു ആരാധകര്‍ ആശങ്കയില്‍!
റായ്പുര്‍: ട്വന്റി 20 ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആദ്യ മൂന്നുമത്സരങ്ങളില്‍ നിന്നായി 16 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ആദ്യ മത്സരത്തില്‍ 10 റണ്‍സെടുത്ത് പുറത്തായ സഞ്ജുവിന് രണ്ടാം മത്സരത്തില്‍ വെറും ആറു റണ്‍സ് മാത്രമാണ് നേടാനായത്. മൂന്നാം മത്സരത്തില്‍ ഡക്കായി മടങ്ങി. ഇഷാന്‍ കിഷന്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ഓപ്പണിങ് സ്ഥാനത്തേക്ക് സഞ്ജുവിന് പകരം പരിഗണിക്കണമെന്നാണ് ഒരു വിഭാഗം ആരാധകര്‍ ആവശ്യപ്പെടുന്നത്. കിവീസിനെതിരായ പരമ്പരയിലെ നാലാം മത്സരം നാളെ വിശാഖപട്ടണത്തും അവസാന മത്സരം ശനിയാഴ്ച തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കെ സഞ്ജുവിന് അവസരം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. ഇപ്പോഴിതാ സഞ്ജുവിന്റെ പ്രകടനം സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ ബൗളിങ് കോച്ച് മോണി മോര്‍ക്കല്‍.
'സഞ്ജു ഫോമിലേക്ക് തിരിച്ചെത്താന്‍ ഒരൊറ്റ ഇന്നിംഗ്‌സ് മതി. ഫോം താല്‍ക്കാലികമാണെന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. ലോകകപ്പിന് മുന്നോടിയായി താരങ്ങള്‍ കൃത്യസമയത്ത് ഫോമിലേക്ക് ഉയരുക എന്നത് പ്രധാനമാണ്.' മോര്‍ക്കല്‍ പറഞ്ഞു. 'സഞ്ജു നന്നായി പരിശീലനം നടത്തുന്നുണ്ട്, പന്ത് കൃത്യമായി ബാറ്റിന്റെ മധ്യത്തില്‍ തന്നെ കൊള്ളുന്നുമുണ്ട്. ചെറിയ ചെറിയ പ്രശ്നം മാത്രമാണുള്ളത്. റണ്‍സ് കണ്ടെത്താന്‍ അവന് അധികം സമയം വേണ്ടിവരില്ല.' മോര്‍ക്കല്‍ വ്യക്തമാക്കി. ടീം തുടര്‍ച്ചയായി വിജയിക്കുന്നത് വലിയ ആശ്വാസമാണ്. ന്യൂസിലന്‍ഡിനെതിരെ 3-0 എന്ന നിലയില്‍ പരമ്പര സ്വന്തമാക്കി. സഞ്ജുവിന്റെ കാര്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് ഇനി രണ്ട് മത്സരങ്ങള്‍ കൂടി നമുക്കുണ്ട്. സഞ്ജു തന്റെ ഫോം വീണ്ടെടുക്കുമെന്നതിലും റണ്‍സ് കണ്ടെത്തുമെന്നതിലും എനിക്ക് യാതൊരു സംശയവുമില്ല.' മോര്‍ക്കല്‍ കൂട്ടിചേര്‍ത്തു. 'എങ്കിലും, ടീം വിജയിക്കുന്നു എന്നതിലാണ് പ്രധാന ശ്രദ്ധ, അത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. നിലവില്‍ പരമ്പരയില്‍ ഞങ്ങള്‍ 3-0ത്തിന് മുന്നിലാണ്, ടീമിലെ താരങ്ങള്‍ വളരെ മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്.' മോര്‍ക്കല്‍ പറഞ്ഞുനിര്‍ത്തി.
ആഴ്ചകള്‍ക്കപ്പുറം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ റിഹേഴ്സലാണ് ഈ പരമ്പര. അതിനാല്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് പ്ലേയിങ് ഇലവനില്‍ നിലനില്‍ക്കാന്‍ സഞ്ജുവിന് ആവശ്യമാണ്. രണ്ടു മത്സരങ്ങളിലും നിരാശപ്പെടുത്തിയതോടെ സഞ്ജുവിനെതിരേ സോഷ്യല്‍ മീഡിയയിലും പ്രതിഷേധമുണ്ട്. മുമ്പ് സഞ്ജുവിനെ ടീമില്‍ എടുക്കാതെ മാറ്റി നിര്‍ത്തുന്ന സാഹചര്യത്തില്‍ സഞ്ജുവിനായി ശബ്ദമുയര്‍ത്തിയിരുന്ന സോഷ്യല്‍ മീഡിയ ഇപ്പോള്‍ താരത്തിനെതിരേ തിരിഞ്ഞ മട്ടാണ്. സഞ്ജുവിന്റെ ബാക്കപ്പായി ടീമിലെത്തിയ ഇഷാന്‍ കിഷന്‍ അവസരത്തിനൊത്തുയര്‍ന്നിട്ടുമുണ്ട്. പരിക്കില്‍ നിന്ന് മുക്തമായി തിലക് വര്‍മ ടീമിനൊപ്പം ചേര്‍ന്നാല്‍ സഞ്ജുവിനു പകരം ഇഷാന് ഓപ്പണറായി ഇടംലഭിക്കും. മൂന്നാം നമ്പര്‍ ബാറ്ററായി തിലക് വരാനാണ് സാധ്യത.
ഇന്ത്യ - ന്യൂസീലന്‍ഡ് പരമ്പരയിലെ അവസാന മത്സരം ജനുവരി 31-ന് തിരുവനന്തപുരത്ത് സഞ്ജുവിന്റെ നാട്ടിലാണ്. നാലാം മത്സരത്തിലും പരാജയപ്പെട്ടാല്‍ ഒരു പക്ഷേ തിരുവനന്തപുരത്ത് സഞ്ജുവിന്റെ സ്ഥാനത്ത് ഇഷാന്‍ എത്തിയേക്കും. അത് ലോകകപ്പിലെ പ്ലേയിങ് ഇലവനിലെ സഞ്ജുവിന്റെ അവസരത്തിനും വിലങ്ങുതടിയാകും. ഈ സമ്മര്‍ദം സഞ്ജുവിനും ഉണ്ട്. രണ്ടു വര്‍ഷത്തോളം ടി20 ടീമില്‍ നിന്ന് പുറത്തായ ശേഷമാണ് ഇഷാന്‍ കിഷന്‍ ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നത്. ലഭിച്ച അവസരം താരം നന്നായി ഉപയോഗിക്കുകയും ചെയ്തു.
കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് 8, 76, 28 എന്നിങ്ങനെ റണ്‍സ് നേടിയ ഇഷാനെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും സഞ്ജുവിനെ മാറ്റണമെന്നുമുള്ള വാദങ്ങള്‍ ശക്തമാകുന്നുണ്ട്. 2024-ല്‍ ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടും, കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പില്‍ ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി ടീമിലെത്തിച്ചതോടെ സഞ്ജുവിന് ഓപ്പണര്‍ സ്ഥാനം നഷ്ടമായിരുന്നു. പരമ്പര ഇതിനോടകം ഇന്ത്യ സ്വന്തമാക്കിയ സാഹചര്യത്തില്‍, ജനുവരി 28 ബുധനാഴ്ച വിശാഖപട്ടണത്ത് നടക്കുന്ന നാലാം മത്സരത്തില്‍ സഞ്ജുവിന് തന്റെ പഴയ ഫോം വീണ്ടെടുക്കാന്‍ കഴിയുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
