'പരമ്പര കഴിയുമ്പോൾ ലോകകപ്പ് ഇലവൻ സജ്ജമായിരിക്കണം'; തുടർച്ചയായ പരീക്ഷണങ്ങൾ താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കും; ആ ബൗളറെ പുറത്തിരുത്തുന്നത് ശരിയല്ല; വിമര്‍ശനവുമായി അജിന്‍ക്യ രഹാനെ
വിശാഖപട്ടണം: ഇന്ത്യൻ ടീമിൽ തുടരുന്ന അമിത പരീക്ഷണങ്ങൾക്കെതിരെ വിമർശനവുമായി വെറ്ററൻ താരം അജിൻക്യ രഹാനെ. 2026 ടി20 ലോകകപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് താരത്തിന്റെ പ്രതികരണം. ന്യൂസിലൻഡിനെതിരായ നിലവിലെ പരമ്പരയിൽ ഇന്ത്യ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, ഓരോ മത്സരത്തിലും പ്ലേയിംഗ് ഇലവനിൽ വരുത്തുന്ന മാറ്റങ്ങൾ ടീമിന്റെ കെട്ടുറപ്പിനെയും കളിക്കാരുടെ ആത്മവിശ്വാസത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് രഹാനെയുടെ പ്രധാന നിരീക്ഷണം.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ടീം ഇന്ത്യ മാറ്റങ്ങളോടെയാണ് കളത്തിലിറങ്ങിയത്. തിലക് വർമ്മയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഇഷാൻ കിഷൻ ടീമിലെത്തിയത് ഒഴിച്ചാൽ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ് തുടങ്ങിയ പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചത് ചർച്ചയായി. നാലാം മത്സരത്തിൽ അക്സർ പട്ടേലും ശ്രേയസ് അയ്യരും തിരിച്ചെത്താൻ സാധ്യതയുള്ളതോടെ പരീക്ഷണങ്ങൾ ഇനിയും തുടരുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് രഹാനെയുടെ രൂക്ഷ വിമർശനം.
"അഞ്ച് മത്സരങ്ങളുള്ള ഒരു പരമ്പര കഴിയുമ്പോഴേക്കും നിങ്ങളുടെ ലോകകപ്പ് ഇലവൻ സജ്ജമായിരിക്കണം. വരുൺ ചക്രവർത്തിയെപ്പോലെ ഒരു പ്രധാന ബൗളറെ പുറത്തിരുത്തുന്നത് ശരിയായ നടപടിയല്ല. ലോകകപ്പിന് തൊട്ടുമുമ്പ് പ്രധാന താരങ്ങൾക്ക് അവരുടെ താളം നഷ്ടപ്പെടുന്നത് ഗുണകരമാകില്ല. വരുൺ എല്ലാ മത്സരങ്ങളും കളിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം," രഹാനെ പറഞ്ഞു.
ഗൗതം ഗംഭീർ പരിശീലകനായ ശേഷം ടീമിൽ വലിയ മാറ്റങ്ങൾ നടന്നതായും രഹാനെ ചൂണ്ടിക്കാട്ടി. ഒരു കാലത്ത് കൃത്യമായ ബാറ്റിംഗ് ശൈലിയുണ്ടായിരുന്ന ഇന്ത്യൻ ടീമിൽ ഇടക്കാലത്ത് നടത്തിയ പരീക്ഷണങ്ങൾ പല താരങ്ങളുടെയും ആത്മവിശ്വാസത്തെ കാര്യമായി ബാധിച്ചു. ഇതിന്റെ ഏറ്റവും വലിയ ഇര സഞ്ജു സാംസണാണെന്ന് വിലയിരുത്തപ്പെടുന്നു. ഒരു ഓപ്പണറായി തിളങ്ങിയ സഞ്ജുവിനെ മാറ്റി ശുഭ്മാൻ ഗില്ലിനെ പരീക്ഷിച്ചതും, പിന്നീട് സഞ്ജുവിനെ ടീമിൽ നിന്ന് പുറത്താക്കി ജിതേഷ് ശർമ്മയെ കൊണ്ടുവന്നതുമെല്ലാം ടീം കെമിസ്ട്രിയെ ബാധിച്ചിട്ടുണ്ട്. ഇപ്പോൾ സഞ്ജു ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്നത് ഈ അസ്ഥിരതയുടെ ഫലമാണെന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
ആവശ്യമില്ലാത്ത പരീക്ഷണങ്ങൾ ടീമിൽ പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കും. മികച്ച ഫോമിലുള്ള അഭിഷേക് ശർമ്മയെ മാറ്റി ശ്രേയസ് അയ്യരെ പരീക്ഷിക്കുന്നത് ഗുണകരമാകില്ലെന്നും രഹാനെ മുന്നറിയിപ്പ് നൽകി. പരിക്കിന്റെ ചരിത്രമുള്ള ജസ്പ്രീത് ബുംറയെയും ഹാർദിക് പാണ്ഡ്യയെയും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
