'ക്രിസ് ഗെയ്ല്‍ പോലും ക്രീസിൽ സെറ്റാകാൻ സമയമെടുക്കും, ആദ്യ ഓവർ മെയ്ഡൻ കളിക്കാനും മടിക്കില്ല'; പക്ഷെ അവൻ അങ്ങനെയല്ല; ഇന്ത്യൻ യുവ താരത്തെ വാനോളം പുകഴ്ത്തി മുൻ താരം
ഡൽഹി: യുവ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയുടെ ബാറ്റിംഗ് ശൈലിയെ ടി20 ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളായ ക്രിസ് ഗെയ്ലിനോട് ഉപമിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിലെ അഭിഷേകിന്റെ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് കൈഫിന്റെ ഈ നിരീക്ഷണം. ക്രിസ് ഗെയ്ലിനെപ്പോലും അതിശയിപ്പിക്കുന്ന ആക്രമണോത്സുകമായ ശൈലിയാണ് അഭിഷേകിന്റേതെന്ന് കൈഫ് അഭിപ്രായപ്പെട്ടു.
തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മുഹമ്മദ് കൈഫിന്റെ വിശകലനം. സാധാരണയായി ഇത്രയും ആക്രമണകാരികളായ ബാറ്റർമാർ സ്ഥിരത പുലർത്താറില്ലെന്ന് ചൂണ്ടിക്കാട്ടിയ കൈഫ്, അഭിഷേക് അങ്ങനെയല്ലെന്നും പറഞ്ഞു. "ക്രിസ് ഗെയ്ല്‍ പോലും ക്രീസിൽ സെറ്റാകാൻ സമയം എടുക്കാറുണ്ടായിരുന്നു. ബാംഗ്ലൂർ പോലുള്ള പിച്ചാണെങ്കിൽ ആദ്യ ഓവർ മെയ്ഡൻ കളിക്കാൻ പോലും അദ്ദേഹം മടിക്കില്ല. എന്നാൽ അഭിഷേക് അങ്ങനെയല്ല. ആദ്യ പന്ത് മുതൽ താരം ആക്രമണം തുടങ്ങുന്നു," കൈഫ് വിശദീകരിച്ചു.
ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിൽ വെറും 14 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച അഭിഷേക്, ഇന്ത്യൻ ക്രിക്കറ്റിലെ യുവരാജ് സിംഗിന്റെ 12 പന്തിലെ ഫിഫ്റ്റി എന്ന റെക്കോർഡിന് തൊട്ടരികിലെത്തിയിരുന്നു. മത്സരത്തിൽ 20 പന്തിൽ 68 റൺസുമായി പുറത്താകാതെ നിന്ന താരം, ഏഴ് ഫോറുകളും അഞ്ച് സിക്‌സറുകളും ഉൾപ്പെടെ 340.00 എന്ന ഞെട്ടിക്കുന്ന സ്ട്രൈക്ക് റേറ്റിലാണ് റൺസടിച്ചുകൂട്ടിത്. നായകൻ സൂര്യകുമാർ യാദവിനൊപ്പം (26 പന്തിൽ 57 റൺസ്) ചേർന്ന് വെറും 10 ഓവറിൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ അഭിഷേകിന് സാധിച്ചു.
പരമ്പരയിൽ ഉടനീളം തകർപ്പൻ ഫോമിലായിരുന്ന അഭിഷേക്, മൂന്ന് മത്സരങ്ങളിൽ നിന്ന് 152 റൺസുമായി റൺവേട്ടയിൽ രണ്ടാം സ്ഥാനത്തെത്തി. 76.00 ശരാശരിയിലും 271.43 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിലുമായിരുന്നു താരത്തിന്റെ പ്രകടനം. 12-14 പന്തുകൾ മാത്രം നേരിട്ടാലും 60-70 റൺസ് നേടി മത്സരത്തിന്റെ ഗതി മാറ്റാൻ അഭിഷേകിന് കഴിയുന്നുണ്ടെന്നും, ഇത്തരം താരങ്ങൾ ഇന്ത്യയുടെ വിജയത്തിന് നിർണായകമാണെന്നും കൈഫ് കൂട്ടിച്ചേർത്തു.
25 വയസ്സുകാരനായ അഭിഷേക് ശർമ ഇതിനോടകം 36 ടി20 മത്സരങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. 38.39 ശരാശരിയിലും 195.22 സ്ട്രൈക്ക് റേറ്റിലുമായി 1,267 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇതിൽ രണ്ട് സെഞ്ചുറികളും എട്ട് അർധ സെഞ്ചുറികളും ഉൾപ്പെടുന്നു.