വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടും വിഹാന്റെ സെഞ്ചുറിയും; എറിഞ്ഞൊതുക്കി ഉദ്ധവും ആയുഷും! ലോകകപ്പ് സെമിയിലേക്ക് ഇന്ത്യന്‍ കൗമാരപ്പട; സിംബാബ്വെക്കെതിരെ 204 റണ്‍സിന്റെ വമ്പന്‍ ജയം! സൂപ്പര്‍ സിക്‌സിലെ അവസാന പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ എതിരാളികള്‍

Update: 2026-01-27 15:51 GMT

ബുലാവായോ: അണ്ടര്‍-19 ലോകകപ്പിലെ സൂപ്പര്‍ സിക്സ് മത്സരത്തില്‍ സിംബാബ്വെക്കെതിരായ തകര്‍പ്പന്‍ ജയത്തോടെ സെമി ബര്‍ത്ത് ഏറെക്കുറെ ഉറപ്പിച്ച് ഇന്ത്യന്‍ കൗമാരനിര. 204 റണ്‍സിനാണ് ഇന്ത്യ സിംബാബ്വെയെ കീഴടക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 353 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വേ 37.4 ഓവറില്‍ 148 റണ്‍സിന് പുറത്തായി. ഇന്ത്യക്കായി ഉദ്ധവ് മോഹനും ആയുഷ് മാത്രെയും മൂന്ന് വീതം വിക്കറ്റെടുത്തു. 62 റണ്‍സെടുത്ത ലീറോയ് ചിവൗലയാണ് സിംബാബ്വെ നിരയിലെ ടോപ് സ്‌കോറര്‍. ജയത്തോടെ സൂപ്പര്‍ സിക്സ് പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ ഒന്നാമതായി. ഇരുവര്‍ക്കും മൂന്ന് പോയിന്റ് വീതമാണെങ്കില്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ഇന്ത്യ ഒന്നാമതാവുകയായിരുന്നു. സൂപ്പര്‍ സിക്‌സിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഞായറാഴ്ച പാ്ക്കിസ്ഥാനെ നേരിടും.

62 റണ്‍സെടുത്ത ലീറോയ് ചിവൗലയ്ക്ക് മാത്രമാണ് സിംബാബ്വെ നിരയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. കിയാന്‍ ബ്ലിഗ്‌നോട്ട് (37), തതേന്ദ് ചിമുഗോരോ (29) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഒരു ഘട്ടത്തില്‍ നാലിന് 142 റണ്‍സെന്ന നിലയില്‍ ആയിരുന്ന സിംബാബ്വെയ്ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കേവലം ആറ് റണ്‍സിനിടെ നഷ്ടമാവുകയായിരുന്നു. സിംബാബ്വേയെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രതിരോധത്തിലാക്കി. 24 റണ്‍സിനിടെ ടീമിന് മൂന്നുവിക്കറ്റുകള്‍ നഷ്ടമായി. നതാനിയേല്‍(0), ധ്രുവ് പട്ടേല്‍(8), ബ്രാന്‍ഡന്‍ സെന്‍സിയര്‍(3) എന്നിവര്‍ വേഗം മടങ്ങി. നാലാം വിക്കറ്റില്‍ കിയാന്‍ ബ്ലിഗ്‌നട്ടും ലീറോയ് ചിവൗലയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ടീമിനെ അല്‍പ്പമെങ്കിലും കരകയറ്റിയത്. കിയാന്‍ 37 റണ്‍സെടുത്ത് പുറത്തായി.

പിന്നാലെ ചിമുഗോരോയുമായി ചേര്‍ന്ന് ലിറോയ് സ്‌കോര്‍ നൂറുകടത്തി. ലീറോയ് അര്‍ധസെഞ്ചുറിയുമായി സിംബാബ്വേയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു. എന്നാല്‍ 62 റണ്‍സില്‍ നില്‍ക്കേ താരത്തെ പുറത്താക്കി ഉദ്ധവ് മോഹന്‍ സിംബാബ് വേയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. പിന്നീട് വന്നവരെല്ലാം നിരനിരയായി കൂടാരം കയറി. ചിമുഗോരോ 29 റണ്‍സെടുത്ത് പുറത്തായി. ഒടുക്കം 148 റണ്‍സിന് സിംബാബ്വേ കൂടാരം കയറി.

നേരത്തേ ആദ്യം ബാറ്റുചെയ്ത ഇന്ത്യ അമ്പത് ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി വൈഭവ് സൂര്യവംശി വെടിക്കെട്ട് നടത്തി. അതോടെ പവര്‍പ്ലേയില്‍ തന്നെ ടീം സ്‌കോര്‍ കുതിച്ചു. ആരോണ്‍ ജോര്‍ജ്(23), ആയുഷ് മാത്രെ(21) എന്നിവര്‍ക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. 11-ാം ഓവറില്‍ സ്‌കോര്‍ നൂറുകടന്നതിന് പിന്നാലെ വൈഭവ് പുറത്തായി. 30 പന്തില്‍ നിന്ന് 52 റണ്‍സെടുത്താണ് താരം മടങ്ങിയത്. നാലുവീതം ഫോറുകളും സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.

പിന്നീടിറങ്ങിയ വേദാന്ത് ത്രിവേദി 15 റണ്‍സെടുത്ത് പുറത്തായെങ്കിലും വിഹാന്‍ മല്‍ഹോത്രയും അഭിഗ്യാന്‍ കുണ്‍ഡുവും ടീമിനെ കരകയറ്റി. ഇരുവരും അഞ്ചാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സിംബാബ്വേ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീമിനെ ഇരുന്നൂറ് കടത്തി. 113 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. അഭിഗ്യാന്‍ കുണ്‍ഡു(61) അര്‍ധസെഞ്ചുറിയോടെ തിളങ്ങി.

വിക്കറ്റുകള്‍ വീഴുമ്പോഴും പിടിച്ചുനിന്ന വിഹാന്‍ മല്‍ഹോത്രയാണ് ടീമിനെ മുന്നോട്ടുനയിച്ചത്. കനിഷ്‌ക് ചൗഹാന്‍(3), ആര്‍.എസ്. അംബ്രിഷ്(21), ഖിലാന്‍ പട്ടേല്‍(30) എന്നിവരും ചേര്‍ന്നതോടെ സ്‌കോര്‍ മുന്നൂറ് കടന്നു. വിഹാന്‍ സെഞ്ചുറി തികച്ചതോടെ ടീം അമ്പത് ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സിലെത്തി. വിഹാന്‍ 107 പന്തില്‍ നിന്ന് 109 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

Similar News