'എന്തിന് അഭിഷേക് ശര്‍മയെ അനുകരിക്കുന്നു? സഞ്ജു തന്റെ സ്വാഭാവിക ശൈലിയില്‍ കളിക്കണം; നിര്‍ദ്ദേശവുമായി മുന്‍ ഇന്ത്യന്‍ താരം
'എന്തിന് അഭിഷേക് ശര്‍മയെ അനുകരിക്കുന്നു?
മുംബൈ: ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കും പിന്നാലെ ഇപ്പോള്‍ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സഞ്ജു പുറത്തതായി. ആദ്യ മത്സരത്തില്‍ പത്ത് റണ്‍സും, രണ്ടാം മത്സരത്തില്‍ ആറ് റണ്‍സും, മൂന്നാം മത്സരത്തില്‍ പൂജ്യവുമായിരുന്നു സഞ്ജുവിന്റെ സ്‌കോര്‍. ഇതോടെ ടീമില്‍ തന്നെ സഞ്ജുവിന്റെ സ്ഥാനത്തില്‍ ചോദ്യം ഉയരുന്നുണ്ട്.
ഈ മോശം പ്രകടനത്തില്‍ ഇപ്പോള്‍ സഞ്ജുവിന് നിര്‍ദ്ദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ. ഓപ്പണിംഗ് പങ്കാളിയായ അഭിഷേക് ശര്‍മയെ എന്തിനാണ് അനുകരിക്കാന്‍ ശ്രമിക്കുന്നതെന്ന് ചോദ്യമുയര്‍ത്തിയ രഹാനെ, സഞ്ജു തന്റെ സ്വാഭാവിക ശൈലിയില്‍ കളിക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ടു വച്ചു.
കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് 16 റണ്‍സ് മാത്രമാണ് സഞ്ജുവിന് അടിച്ചെടുക്കാനായത്. അതില്‍ അവസാന മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി. ഓപ്പണറായി കളത്തിലിറങ്ങിയ അവസാന ഒമ്പത് ഇന്നിംഗ്‌സുകളില്‍ നിന്ന് 104 റണ്‍സ് മാത്രമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. അഭിഷേക് ശര്‍മയാണെങ്കില്‍ വെറും 14 പന്തുകളില്‍ നിന്ന് അര്‍ദ്ധസെഞ്ച്വറി നേടി തകര്‍പ്പന്‍ ഫോമിലും. ഈ സാഹചര്യത്തിലാണ് രഹാനെ രംഗത്തെത്തിയത്.
'സഞ്ജുവിനോട് നീ ലോകകപ്പിലുണ്ടാകുമെന്ന് മാനേജ്മെന്റ് ഉറപ്പിച്ച് പറയണം, കൃത്യമായ ആത്മവിശ്വാസം നല്‍കണം, മറുവശത്ത് അഭിഷേക് തകര്‍ത്താടുമ്പോള്‍ തനിക്കും വേഗത്തില്‍ റണ്‍സ് കണ്ടെത്തണമെന്ന സമ്മര്‍ദ്ദം സഞ്ജുവിനുണ്ടാകാം' രഹാനെ പറഞ്ഞു.
ഇവിടെ മാനേജ്‌മെന്റിന്റെ കൃത്യമായ ഇടപെടലാണ് വേണ്ടതെന്നും, സ്ഥാനത്തെക്കുറിച്ച് ആശങ്കപ്പെടാതെ സ്വന്തം ഗെയിം പ്ലാനില്‍ ഉറച്ചുനില്‍ക്കാന്‍ സഞ്ജുവിനെ അനുവദിക്കനാമെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു. മാനേജ്‌മെന്റിനോട് ആവശ്യങ്ങള്‍ പറഞ്ഞ രഹാനെ, സഞ്ജുവിന് ഫോമിലേക്ക് തിരിച്ചെത്താന്‍ ചില നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചു.
'ആദ്യ ഒന്നോ രണ്ടോ ഓവറുകള്‍ അതിജീവിച്ച് ക്രീസില്‍ സമയം ചെലവഴിക്കണം, വലിയ സ്‌കോറുകള്‍ക്ക് പകരം താളം കണ്ടെത്തണം, രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചിരുന്ന രീതിയില്‍ ബാറ്റ് വീശി ആത്മവിശ്വാസം വീണ്ടെടുക്കാണം' ഇങ്ങനെ നീളുന്നു ആ നിര്‍ദ്ദേശങ്ങള്‍. ആദ്യ മത്സരത്തില്‍ നിറം മങ്ങിയ ഇഷാന്‍ കിഷന്‍ തന്റെ മികച്ച ഫോം വീണ്ടെടുത്ത സാഹചര്യത്തില്‍ ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ സഞ്ജുവിന് ഇനിയുള്ള മത്സരങ്ങള്‍ അതിനിര്‍ണ്ണായകമാണ്.
