'എന്തൊരു ചീത്ത വിളിയാണ്!'- ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ അനുകൂലിച്ച പോസ്റ്റില്‍ തെറിവിളി കേട്ട് മടുത്ത് മുന്‍ ഓസീസ് പേസര്‍; ഒടുവില്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു തടിയെടുത്തു

'എന്തൊരു ചീത്ത വിളിയാണ്!'- ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ അനുകൂലിച്ച പോസ്റ്റില്‍ തെറിവിളി കേട്ട് മടുത്ത് മുന്‍ ഓസീസ് പേസര്‍

Update: 2026-01-26 12:57 GMT

സിഡ്നി: ടി20 ലോകകപ്പില്‍ നിന്നുള്ള ബംഗ്ലാദേശിന്റെ പുറത്താകല്‍ ക്രിക്കറ്റ് ലോകത്ത് പല തരത്തിലുള്ള ചര്‍ച്ചകള്‍ക്കും വഴി മരുന്നിട്ടിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം മുന്‍ ഓസ്ട്രേലിയന്‍ പേസറും മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലകനുമായ ജാസന്‍ ഗില്ലസ്പിയും ഒരു പോസ്റ്റ് എക്സിലിട്ടിരുന്നു. ബംഗ്ലാദേശ് ടീമിനെ അനുകൂലിച്ചായിരുന്നു പോസ്റ്റ്.

എന്നാല്‍ ഇതിനെതിരെ വ്യാപക സൈബര്‍ ആക്രമണമാണ് താരത്തിനു നേരിടേണ്ടി വന്നത്. പിന്നാലെ ഗില്ലസ്പി പോസ്റ്റ് ഡിലീറ്റാക്കി. പോസ്റ്റ് എന്തുകൊണ്ട് ഡിലീറ്റാക്കി എന്ന് ഒരു ആരാധകന്റെ ചോദ്യത്തിനു, തനിക്കെതിരെ വലിയ രീതിയിലുള്ള അധിക്ഷേപങ്ങളാണ് ഉയര്‍ന്നതെന്നും അതുകൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഡിലീറ്റ് ചെയ്ത പോസ്റ്റിലെ കുറിപ്പ്:

'ബംഗ്ലാദേശിനു ഇന്ത്യക്കു പുറത്ത് മത്സരങ്ങള്‍ കളിക്കാന്‍ കഴിയാത്തതിന്റെ കാരണം ഐസിസി വിശദീകരിച്ചിട്ടുണ്ടോ? ഇന്ത്യ പാകിസ്ഥാനില്‍ ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ക്ക് പാകിസ്ഥാന് പുറത്ത് കളിക്കാന്‍ അനുവാദം നല്‍കിയിരുന്നു. അതെന്തുകൊണ്ടാണ് രണ്ട് നയമെന്നു ആര്‍ക്കെങ്കിലും പറഞ്ഞു തരാന്‍ സാധിക്കുമോ.'

എന്നാല്‍ പോസ്റ്റിനു താഴെ വലിയ പ്രതിഷേധമാണ് ഇന്ത്യന്‍ ആരാധകര്‍ ഉയര്‍ത്തിയത്. പിന്നാലെയാണ് മുന്‍ ഓസീസ് പേസര്‍ പോസ്റ്റ് പിന്‍വലിച്ചത്. ഇതു ചൂണ്ടിക്കാട്ടിയാണ് മറ്റൊരാള്‍ പോസ്റ്റ് പിന്‍വലിച്ചതിന്റെ കാരണം തിരക്കിയത്. അപ്പോഴാണ് താരം വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിട്ടതായി വെളിപ്പെടുത്തിയത്.

'ലളിതമായൊരു ചോദ്യം ചോദിച്ചതിനു ഞാന്‍ എന്തുമാത്രം ചീത്തവിളിയാണ് കേട്ടത്. അതെന്തുകൊണ്ടാണ്'- എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളും ഐപിഎല്ലില്‍ നിന്നു പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഒഴിവാക്കിയതും കാരണമാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ ലോകകപ്പ് കളിക്കില്ലെന്ന നിലപാട് എടുത്തത്. എന്നാല്‍ ഐസിസി ബംഗ്ലാദേശിന്റെ ആവശ്യം തള്ളി.

വേദി മാറ്റില്ലെന്ന കടുത്ത നിലപാട് ഐസിസി എടുത്തു. ഇന്ത്യയിലെ തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ ബംഗ്ലാദേശും നിന്നതോടെ പരിഹാരം വഴിമുട്ടി. വിഷയത്തില്‍ തീരുമാനം എടുക്കാന്‍ ഐസിസി അന്ത്യശാസനം നല്‍കിയിരുന്നെങ്കിലും ബംഗ്ലാദേശ് തീരുമാനം മാറ്റിയില്ല. പിന്നാലെ അവരെ ലോകകപ്പില്‍ നിന്നു പുറത്താക്കി. പകരം സ്‌കോട്ലന്‍ഡിനെ ഐസിസി ഉള്‍പ്പെടുത്തി.

Tags:    

Similar News