അപ്രതീക്ഷിത എൻട്രി ആഘോഷമാക്കാൻ സ്കോട്ട്ലൻഡ്; ടി20 ലോകകപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ചു; റിച്ചി ബെറിംഗ്ടൺ നായകൻ; അഫ്ഗാൻ വംശജൻ സൈനുള്ള ഇഹ്‌സാൻ സ്‌ക്വാഡിലെ പുതുമുഖം

Update: 2026-01-27 06:19 GMT

എഡിൻബർഗ്: വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനായുള്ള സ്കോട്ട്‌ലൻഡ് ടീമിനെ പ്രഖ്യാപിച്ചു. റിച്ചി ബെറിംഗ്ടൺ നയിക്കുന്ന ടീമിൽ, അഫ്ഗാൻ വംശജനായ പേസ് ബോളർ സൈനുള്ള ഇഹ്‌സാൻ ഉൾപ്പെടെ നാല് പുതുമുഖങ്ങളുണ്ട്. ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ബംഗ്ലാദേശിനെ ഐസിസി ലോകകപ്പിൽ നിന്ന് പുറത്താക്കിയതിനെത്തുടർന്നാണ് തൊട്ടടുത്ത റാങ്കിലുള്ള സ്കോട്ട്‌ലൻഡിന് ടൂർണമെന്റിൽ അപ്രതീക്ഷിത പ്രവേശനം ലഭിച്ചത്.

ദേശീയ ടീമിന്റെ ഭാഗമായിരുന്ന 11 പരിചയസമ്പന്നരായ താരങ്ങളും സ്ക്വാഡിലുണ്ട്. സൈനുള്ള ഇഹ്‌സാനെ കൂടാതെ, ടോം ബ്രൂസ്, ഫിൻലേ മക്രേത്ത്, ഒളിവർ ഡേവിഡ്സൺ എന്നിവരാണ് ആദ്യമായി ലോകകപ്പ് കളിക്കാനൊരുങ്ങുന്ന മറ്റ് മൂന്ന് താരങ്ങൾ. ഇവർ കഴിഞ്ഞ ഒരു വർഷത്തിലേറെയായി ട്വന്റി 20, ഏകദിന ടീമുകളിൽ അംഗങ്ങളാണ്. പുതിയ കോച്ച് ഓവൻ ഡോക്കിൻസിന്റെ നേതൃത്വത്തിൽ നടന്ന ആദ്യ ടീം തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.

താരങ്ങളുടെ ലോകകപ്പ് പങ്കാളിത്തം വിസ ലഭ്യതയെ ആശ്രയിച്ചിരിക്കുമെന്ന് ക്രിക്കറ്റ് സ്കോട്ട്‌ലൻഡ് അറിയിച്ചു. ടീം തിരഞ്ഞെടുപ്പിനും തയ്യാറെടുപ്പുകൾക്കും കുറഞ്ഞ ദിവസങ്ങൾ മാത്രമേ ലഭിച്ചുള്ളൂ എന്നതാണ് പ്രധാന വെല്ലുവിളി. പാകിസ്താൻ വംശജനായ സഫിയാൻ ഷെരീഫിന്റെ വിസയുടെ കാര്യത്തിലാണ് പ്രധാന ആശങ്ക നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ, ടീമിനൊപ്പം സഞ്ചരിക്കുന്ന രണ്ട് റിസർവ് താരങ്ങളും ബാക്കപ്പായി മൂന്ന് റിസർവ് താരങ്ങളും ഉണ്ടാകും. അവസാന നിമിഷം ലഭിച്ച ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള ആവേശത്തിലാണ് സ്കോട്ടിഷ് താരങ്ങളും ടീം മാനേജ്‌മെന്റും.

യഥാസമയം ടീമിനെ തീരുമാനിക്കാനും സജ്ജമാക്കാനും ക്രിക്കറ്റ് സ്കോട്ട്‌ലൻഡ് ഭാരവാഹികൾ നടത്തിയ ശ്രമങ്ങളെ കോച്ച് ഡോക്കിൻസ് അഭിനന്ദിച്ചു. സൈനുള്ള ഇഹ്‌സാനിൽ വലിയ പ്രതീക്ഷയുണ്ടെന്നും സ്കോട്ട്‌ലൻഡ് 'എ' ടീമിനും യൂത്ത് ടീമിനും വേണ്ടി നടത്തിയ പ്രകടനങ്ങൾ അന്താരാഷ്ട്ര തലത്തിൽ ആവർത്തിക്കാനുള്ള വലിയ അവസരമാണിതെന്നും ഹെഡ് കോച്ച് കൂട്ടിച്ചേർത്തു. ഫെബ്രുവരി ഏഴിനാണ് ട്വന്റി 20 ലോകകപ്പ് ആരംഭിക്കുന്നത്. സി ഗ്രൂപ്പിൽ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, നേപ്പാൾ, ഇറ്റലി എന്നീ ടീമുകൾക്കൊപ്പമാണ് സ്കോട്ട്‌ലൻഡിന്റെ സ്ഥാനം. ഫെബ്രുവരി ഏഴിന് കൊൽക്കത്തയിൽ വെച്ച് സ്കോട്ട്‌ലൻഡിന്റെ ആദ്യ മത്സരം നടക്കും. 

Tags:    

Similar News