വീണ്ടും ബാറ്റിങ് വെടിക്കെട്ടുമായി വൈഭവ്; വിഹാന്‍ മല്‍ഹോത്രയ്ക്ക് സെഞ്ചുറി; അര്‍ധസെഞ്ചുറിയുമായി അഭിഗ്യാന്‍ കുണ്ടുവും; അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍; സിംബാബ്വെക്ക് 353 റണ്‍സ് വിജയലക്ഷ്യം

Update: 2026-01-27 12:44 GMT

ബുലാവായോ: അണ്ടര്‍-19 ലോകകപ്പിലെ സൂപ്പര്‍ സിക്സ് മത്സരത്തില്‍ സിംബാബ്വേയ്ക്കെതിരേ 353 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യന്‍ കൗമാരനിര. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു. സെഞ്ചുറി നേടിയ വിഹാന്‍ മല്‍ഹോത്രയുടേയും (107 പന്തില്‍ പുറത്താവാതെ 109) അര്‍ധ സെഞ്ചുറികള്‍ നേടിയ വൈഭവ് സൂര്യവംശി (30 പന്തില്‍ 52), അഭിഗ്യാന്‍ കുണ്ടു (62 പന്തില്‍ 61) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. എട്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. തദേന്ദ ചിമുഗോരോ മൂന്നും പനാഷെ മാസൈ, സിംബരാഷെ മുഡ്‌സെന്‍ഗെരെരെ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി വൈഭവ് സൂര്യവംശി വെടിക്കെട്ട് നടത്തി. അതോടെ പവര്‍പ്ലേയില്‍ തന്നെ ടീം സ്‌കോര്‍ കുതിച്ചു. ആരോണ്‍ ജോര്‍ജ്(23), ആയുഷ് മാത്രെ(21) എന്നിവര്‍ക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. 11-ാം ഓവറില്‍ സ്‌കോര്‍ നൂറുകടന്നതിന് പിന്നാലെ വൈഭവ് പുറത്തായി. 30 പന്തില്‍ നിന്ന് 52 റണ്‍സെടുത്താണ് താരം മടങ്ങിയത്. നാലുവീതം ഫോറുകളും സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.

പിന്നീടിറങ്ങിയ വേദാന്ത് ത്രിവേദി 15 റണ്‍സെടുത്ത് പുറത്തായെങ്കിലും വിഹാന്‍ മല്‍ഹോത്രയും അഭിഗ്യാന്‍ കുണ്ടുവും ടീമിനെ കരകയറ്റി. ഇരുവരും അഞ്ചാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സിംബാബ്വേ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീമിനെ ഇരുന്നൂറ് കടത്തി. 113 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. അഭിഗ്യാന്‍ കുണ്ടു (61) അര്‍ധസെഞ്ചുറിയോടെ തിളങ്ങി.

വിക്കറ്റുകള്‍ വീഴുമ്പോഴും പിടിച്ചുനിന്ന വിഹാന്‍ മല്‍ഹോത്രയാണ് ടീമിനെ മുന്നോട്ടുനയിച്ചത്. കനിഷ്‌ക് ചൗഹാന്‍(3), ആര്‍.എസ്. അംബ്രിഷ്(21), ഖിലാന്‍ പട്ടേല്‍(30) എന്നിവരും ചേര്‍ന്നതോടെ സ്‌കോര്‍ മുന്നൂറ് കടന്നു. വിഹാന്‍ സെഞ്ചുറി തികച്ചതോടെ ടീം അമ്പത് ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സിലെത്തി. വിഹാന്‍ 107 പന്തില്‍ നിന്ന് 109 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

Similar News