ചേട്ടനെ..കൊണ്ട് ഇനി പറ്റുമെന്ന് തോന്നുന്നില്ല; കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും ഒരു മാറ്റവും ഇല്ല; കണ്ടതിൽ വച്ച് ഏറ്റവും മോശം കളിക്കാരൻ; ഗ്രീസിൽ രണ്ടാം തവണയും ദേ..പോയി ദാ വന്നുവെന്ന അവസ്ഥ; സഞ്ജുവിനെ ട്രോളി സോഷ്യൽ മീഡിയ

Update: 2026-01-24 17:43 GMT

റായ്പൂർ: ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് നിരയിൽ തുടർച്ചയായി രണ്ടാം മത്സരത്തിലും നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷവിമർശനം. ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ആറ് റൺസ് മാത്രമെടുത്ത് പുറത്തായതാണ് ആരാധകരെ ചൊടിപ്പിച്ചത്.

ഛത്തീസ്ഗഡിലെ ഷഹീദ് വീർ നാരായൺ സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, പൂജ്യത്തിന് പുറത്താകേണ്ട ഘട്ടത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ലഭിച്ച അവസരം മുതലെടുക്കാൻ സഞ്ജുവിന് സാധിച്ചില്ല. തൊട്ടടുത്ത പന്തിൽ അനാവശ്യമായ ഷോട്ടിന് ശ്രമിച്ചാണ് സഞ്ജു വിക്കറ്റ് വലിച്ചെറിഞ്ഞത്. ആദ്യ ടി20 മത്സരത്തിൽ 10 റൺസ് നേടിയ സഞ്ജു, രണ്ടാം മത്സരത്തിൽ വെറും ആറ് റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടരുമ്പോൾ ടീമിന് മികച്ച തുടക്കം നൽകേണ്ട നിർണായക ഘട്ടത്തിലായിരുന്നു സഞ്ജുവിന്റെ ഈ പിഴവ്.

സഞ്ജുവിന്റെ തുടർച്ചയായ മോശം പ്രകടനങ്ങളിൽ നിരാശരായ ആരാധകർ എക്സ് (മുമ്പ് ട്വിറ്റർ) ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷമായ പ്രതികരണങ്ങളാണ് രേഖപ്പെടുത്തുന്നത്. "സഞ്ജുവിനെ ടീമിലെടുക്കുന്നു, മോശം പ്രകടനം നടത്തുന്നു, പുറത്താകുന്നു. പിആർ ടീമിനെ സജ്ജമാക്കുന്നു, വീണ്ടും ടീമിലെടുക്കുന്നു, ഏറ്റവും ഫ്രോഡായ കളിക്കാരൻ" എന്നിങ്ങനെയുള്ള പോസ്റ്റുകൾ വ്യാപകമാണ്. "സഞ്ജു സാംസൺ, നിങ്ങളെ പിന്തുണയ്ക്കാനും സംസാരിക്കാനും ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. പക്ഷേ നിങ്ങൾ പഠിച്ചില്ല, മെച്ചപ്പെട്ടില്ല. ബാക്കി സമയംകൂടി നിങ്ങൾക്കായി പാഴാക്കാൻ എനിക്ക് കഴിയില്ല. ബെഞ്ചിലിരിക്കുക. ഐ‌പി‌എൽ കളിച്ചുകൊണ്ടിരിക്കുക. ഈ ഇന്ത്യൻ ജേഴ്‌സി നിങ്ങൾ അർഹിക്കുന്നില്ല" എന്ന് ഒരു ആരാധകൻ കുറിച്ചു.

അതേസമയം, സഞ്ജുവിന്റെ ബാക്കപ്പായി ടീമിലെത്തിയ ഇഷാൻ കിഷൻ അവസരം മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി. പരിക്കേറ്റ തിലക് വർമയ്ക്ക് പകരമാണ് ഇഷാന് പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചത്. വെറും 32 പന്തിൽ നിന്ന് 4 സിക്സറുകളും 11 ഫോറുകളും സഹിതം 76 റൺസാണ് ഇഷാൻ കിഷൻ അടിച്ചെടുത്തത്. ഇഷാന്റെ ഈ മിന്നുന്ന പ്രകടനം സഞ്ജുവിന്റെ ടീമിലെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചതായാണ് വിലയിരുത്തൽ. ടി20 ലോകകപ്പ് അടുത്തിരിക്കെ, സഞ്ജു സാംസന്റെ ഈ തുടർച്ചയായ പ്രകടനക്കുറവ് താരത്തിന്റെ ദേശീയ ടീമിലെ ഭാവിക്ക് കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

Tags:    

Similar News