ഒരു മിന്നലും പുകയും മാത്രമേ കണ്ടുള്ളൂ..! കീവിസിനെതിരായ മൂന്നാം ട്വന്റി20യില്‍ ഇന്ത്യക്ക് അതിവേഗ ജയം; മിന്നല്‍ വേഗത്തില്‍ അര്‍ദ്ധ സെഞ്ച്വറിയുമായി അഭിഷേകും സൂര്യകുമാര്‍ യാദവും; ഇന്ത്യ കളി ജയിച്ചത് പത്ത് ഓവറില്‍; പരമ്പരയും സ്വന്തം

കീവിസിനെതിരായ മൂന്നാം ട്വന്റി20യില്‍ ഇന്ത്യക്ക് അതിവേഗ ജയം

Update: 2026-01-25 17:28 GMT

ഗുവാഹതി: ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് അനായായ ജയം. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും നായകന്‍ സൂര്യകുമാര്‍ യാദവിന്റെയും വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. സന്ദര്‍ശകരുടെ 154 റണ്‍സ് വിജയലക്ഷ്യം പത്ത് ഓവറിലാണ് ഇന്ത്യ മറികടന്നത്. ജയത്തോടെ അഞ്ചു മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കി (30). ഇനി രണ്ടു മത്സരങ്ങള്‍ കൂടിയുണ്ട്. സ്‌കോര്‍- ന്യൂസിലന്‍ഡ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 153. ഇന്ത്യ 10 ഓവറില്‍ രണ്ടു വിക്കറ്റിന് 155. അഭിഷേക് 20 പന്തില്‍ അഞ്ചു സിക്‌സും ഏഴു ഫോറുമടക്കം 68 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 14 പന്തിലാണ് താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

അന്താരാഷ്ട്ര ട്വന്റി20 മത്സരത്തില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ രണ്ടാമത്തെ അതിവേഗ അര്‍ധ സെഞ്ച്വറിയാണ് അഭിഷേകിന്റേത്. 12 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ യുവരാജ് സിങ്ങാണ് ഒന്നാമത്. 26 പന്തില്‍ മൂന്നു സിക്‌സും ആറു ഫോറുമടക്കം സൂര്യകുമാര്‍ 57 റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ ഇരുവരും 40 പന്തില്‍ 102 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇഷാന്‍ കിഷന്‍ 13 പന്തില്‍ 28 റണ്‍സെടുത്ത് പുറത്തായി. സഞ്ജു സാംസണ്‍ മാത്രമാണ് നിരാശപ്പെടുത്തിയത്.

നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്ത്. മാറ്റ് ഹെന്റി എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് താരം നിരാശപ്പെടുത്തിയത്. പിന്നാലെ ക്രീസിലെത്തിയ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ മാറ്റ് ഹെന്റിയുടെ ആ ഓവറില്‍ തുടര്‍ച്ചയായി രണ്ടു സിക്‌സും ഒരു ബൗണ്ടറിയും നേടി. ആദ്യ രണ്ട് കളികളില്‍ യഥാക്രമം പത്തും ആറും റണ്‍സാണ് സഞ്ജു നേടിയത്. ഇതോടെ താരത്തിന്റെ പ്ലെയിങ് ഇലവനിലെ സ്ഥാനം തന്നെ ചോദ്യ ചിഹ്നമായി. സഞ്ജുവിനെ മാറ്റി ഇഷാനെ ഗ്ലൗസ് ഏല്‍പിക്കാനും ശ്രേയസ്സിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തിരുന്നു. ഇന്ത്യയുടെ തകര്‍പ്പന്‍ ബൗളിങ്ങാണ് സന്ദര്‍ശകരെ പിടിച്ചുകെട്ടിയത്. പേസ് കുന്തമുന ജസ്പ്രീത് ബുംറ നാലു ഓവറില്‍ 17 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. 40 പന്തില്‍ 48 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. മാര്‍ക് ചാപ്മാനും ഭേദപ്പെട്ട പ്രകടനം നടത്തി (23 പന്തില്‍ 32 റണ്‍സ്). മറ്റു ബാറ്റര്‍മാര്‍ക്കൊന്നും തിളങ്ങാനായില്ല.

ഡെവണ്‍ കോണ്‍വേ (രണ്ടു പന്തില്‍ ഒന്ന്), ടീം സീഫെര്‍ട് (11 പന്തില്‍ 12), രചിന്‍ രവീന്ദ്ര (അഞ്ചു പന്തില്‍ നാല്), ഡാരില്‍ മിച്ചല്‍ (എട്ടു പന്തില്‍ നാല്), മിച്ചല്‍ സാന്റ്‌നര്‍ (17 പന്തില്‍ 27), കൈല്‍ ജാമിസന്‍ (അഞ്ചു പന്തില്‍ മൂന്ന്), മാറ്റ് ഹെന്റി (ഒരു പന്തില്‍ ഒന്ന്) എന്നിവരാണ് പുറത്തായ താരങ്ങള്‍. അഞ്ചു പന്തില്‍ രണ്ടു റണ്‍സുമായി ഇഷ് സോഡിയും മൂന്നു പന്തില്‍ നാലു റണ്‍സുമായി ജേക്കബ് ഡഫിയും പുറത്താകാതെ നിന്നു.

ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ, രവി ബിഷ്‌ണോയി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഹര്‍ഷിത് റാണക്കാണ് ഒരു വിക്കറ്റ്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് ഇന്നും വിജയക്കുതിപ്പ് തുടരാനായാല്‍ പരമ്പര ഉറപ്പിക്കാം. അര്‍ഷ്ദീപ് സിങ്ങിനും വരുണ്‍ ചക്രവര്‍ത്തിക്കും വിശ്രമം നല്‍കിയാണ് ബുംറയെയും രവി ബിഷ്‌ണോയിയും ഇന്ത്യ കളിപ്പിച്ചത്.

Tags:    

Similar News