'അവസരങ്ങൾ കൂടുതൽ ലഭിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തി'; ബൗളർമാരിൽ നിന്ന് എന്ത് പ്രതീക്ഷിക്കണമെന്ന് ഇപ്പോൾ അറിയാം; 'മൈൻഡ്സെറ്റ്' മാറിയെന്ന് ശിവം ദുബെ
വിശാഖപട്ടണം: ന്യൂസിലൻഡിനെതിരായ നാലാം ടി20യിൽ ശിവം ദുബെയുടെ തകർപ്പൻ പ്രകടനമാണ് ഇപ്പോൾ സാമൂഹമാധ്യമങ്ങളിൽ ചർച്ച. വ്യാഴാഴ്ച നടന്ന മത്സരത്തിൽ 23 പന്തിൽ നിന്ന് 65 റൺസാണ് ദുബെ അടിച്ചുകൂട്ടിയത്. പേസ് ബൗളിംഗിനെ നേരിടുന്നതിൽ താരം മെച്ചെപ്പെട്ടുവെന്ന് തെളിയിക്കുന്നതായിരുന്നു ദുബെയുടെ ഈ ഇന്നിംഗ്സ്. ഈ പ്രകടനത്തിന് പിന്നിലെ രഹസ്യം എന്താണെന്ന് താരം തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
ലെഗ് സ്പിന്നർ ഇഷ് സോധിയുടെ ഒരോവറിൽ 29 റൺസ് അടിച്ചുകൂട്ടിയത് വലിയ വാർത്താപ്രാധാന്യം നേടിയെങ്കിലും, ജേക്കബ് ഡഫി, മാറ്റ് ഹെൻറി എന്നീ പേസർമാർക്കെതിരെ നേടിയ മൂന്ന് സിക്സറുകളും തുല്യ പ്രാധാന്യമുള്ളതായിരുന്നു. പേസ് ബൗളർമാർക്ക് മുന്നിൽ താൻ ഇനി പതറില്ലെന്നും, തന്റെ ഈ പ്രകടനം എതിർ ടീമുകളുടെ തന്ത്രങ്ങളിൽ വലിയ വെല്ലുവിളി ഉയർത്തുമെന്നും ദുബെ തെളിയിച്ചു.
ഉയർന്ന തലത്തിലുള്ള ക്രിക്കറ്റിൽ ലഭിക്കുന്ന തുടർച്ചയായ അവസരങ്ങളാണ് തന്റെ പുരോഗതിക്ക് കാരണമെന്ന് ദുബെ കരുതുന്നു. മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. "ഇത് എന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. ഇത്തരം മത്സരങ്ങളിലും സാഹചര്യങ്ങളിലും സ്ഥിരമായി കളിക്കുന്നത് എന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്തി. ബൗളർമാരിൽ നിന്ന് എന്ത് പ്രതീക്ഷിക്കണമെന്നും അതിനോട് എങ്ങനെ പ്രതികരിക്കണമെന്നും എനിക്ക് ഇപ്പോൾ മനസ്സിലാകുന്നുണ്ട്."
ഈ പരമ്പരയിൽ കൂടുതൽ ബൗളിംഗ് ഉത്തരവാദിത്തങ്ങളും ദുബെക്ക് ലഭിച്ചിരുന്നു. എങ്കിലും ഈ മത്സരത്തിൽ അഞ്ച് പ്രധാന ബൗളർമാരെയാണ് ഇന്ത്യ ഉപയോഗിച്ചത് (ഹാർദിക് പാണ്ഡ്യ പോലും പന്തെറിഞ്ഞില്ല). തനിക്ക് ലഭിക്കുന്ന ഇത്തരം അവസരങ്ങൾക്ക് ഗൗതം ഗംഭീറിനോടും സൂര്യകുമാർ യാദവിനോടുമാണ് അദ്ദേഹം നന്ദി പറയുന്നത്. "ബൗളിംഗ് എന്നെ കൂടുതൽ വിവേകിയായ ഒരു ക്രിക്കറ്ററാക്കി മാറ്റി, കൂടുതൽ കഴിവുകൾ വികസിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർച്ചയായി മത്സരങ്ങൾ ലഭിക്കുന്നത് തന്റെ ക്രിക്കറ്റ് ബുദ്ധിയെ സ്വാധീനിച്ചതായി ദുബെ സമ്മതിച്ചു. "വിവിധ സാഹചര്യങ്ങളിൽ പന്തെറിയാനും ബാറ്റ് ചെയ്യാനും എനിക്ക് അവസരം ലഭിക്കുന്നുണ്ട്. അനുഭവപരിചയം വലിയൊരു ഘടകമാണ്. കളിക്കാരും ടീമുകളും എപ്പോഴും സ്വയം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഓരോ കളിയിലും കൂടുതൽ സ്മാർട്ടാകാനാണ് ഞാൻ ശ്രമിക്കുന്നത്."സ്പിന്നർമാരെയും പേസർമാരെയും ഒരുപോലെ നേരിടുക എന്നത് പ്രധാനമാണെന്നും, മിഡിൽ ഓവറുകളിൽ റൺ റേറ്റ് ഉയർത്തിപ്പിടിക്കുക എന്നതാണ് തന്റെ ദൗത്യമെന്നും ദുബെ വ്യക്തമാക്കി.
