'ഫോം താൽക്കാലികം, ലോകകപ്പിൽ സെഞ്ചുറിയടിച്ച് സഞ്ജു ചരിത്രം കുറിക്കും'; അവന് അർഹമായ പിന്തുണ നൽകണം; ഞാൻ എന്നെ കാണുന്നത് ആ ഇടം കൈയ്യൻ ബാറ്ററിലെന്നും സുരേഷ് റെയ്ന

Update: 2026-01-29 09:40 GMT

ന്യൂഡൽഹി: ടി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യക്കായി സെഞ്ച്വറി നേടിയ രണ്ടാമത്തെ താരമെന്ന റെക്കോർഡ് ഇനി സഞ്ജു സാംസണിന് നേടാനാകുമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. വരാനിരിക്കുന്ന 2026 ടി20 ലോകകപ്പിൽ സഞ്ജു ഈ നേട്ടം കൈവരിക്കുമെന്നും ഇന്ത്യയുടെ 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കുമെന്നും റെയ്‌ന പ്രവചിച്ചു. ഫെബ്രുവരി 7-ന് ആരംഭിക്കുന്ന മെഗാ ടൂർണമെന്റിൽ ലോക ഒന്നാം നമ്പർ താരം അഭിഷേക് ശർമ്മയ്ക്കൊപ്പം സഞ്ജു ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത.

സഞ്ജുവിൽ പ്രതീക്ഷയർപ്പിച്ച് റെയ്‌ന നിലവിൽ 55 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറികൾ സഞ്ജുവിന്റെ പേരിലുണ്ട്. "സഞ്ജുവിന് ആ പ്രത്യേക ക്ലബ്ബിൽ ഇടംപിടിക്കാൻ കഴിയും. ഓപ്പണറായി ഇറങ്ങുന്ന താരമെന്ന നിലയിൽ അതിനുള്ള എല്ലാ കഴിവും അദ്ദേഹത്തിനുണ്ട്. ദക്ഷിണാഫ്രിക്കയിൽ ഇതിനകം അദ്ദേഹം സെഞ്ച്വറി നേടിയിട്ടുണ്ട്. അഭിഷേക് ശർമ്മയും ഇഷാൻ കിഷനും പട്ടികയിലുണ്ടെങ്കിലും സഞ്ജു ലോകകപ്പിൽ സെഞ്ച്വറി നേടുമെന്ന് ഞാൻ വിശ്വസിക്കുന്നു," റെയ്‌ന പറഞ്ഞു.

ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിൽ സഞ്ജു പരാജയപ്പെട്ടതോടെ അദ്ദേഹത്തെ ടീമിൽ നിന്ന് മാറ്റണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് പിന്തുണയുമായി റെയ്‌ന എത്തിയത്. "ഫോം താൽക്കാലികം മാത്രമാണ്, സഞ്ജുവിന്റെ ക്ലാസ് സ്ഥിരമാണ്. സൂര്യകുമാർ യാദവിനെ മോശം സമയത്ത് പരിശീലകൻ പിന്തുണച്ചതുപോലെ സഞ്ജുവിനും അർഹമായ പിന്തുണ നൽകണം," അദ്ദേഹം കൂട്ടിച്ചേർത്തു.

തിലകിന്റെ ബാറ്റിംഗും ഫീൽഡിംഗും കാണുമ്പോൾ തന്നെയാണ് ഓർമ വരുന്നതെന്നും റെയ്‌ന പറഞ്ഞു. സമ്മർദ്ദഘട്ടങ്ങളെ അതിജീവിക്കാനുള്ള തിലകിന്റെ കഴിവും റൺസ് അടിക്കാനുള്ള ആവേശവും അദ്ദേഹത്തെ ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർസ്റ്റാറാക്കി മാറ്റുമെന്നും റെയ്‌ന നിരീക്ഷിച്ചു. ലോക ഒന്നാം നമ്പർ ബൗളർ വരുൺ ചക്രവർത്തിയായിരിക്കും ഇന്ത്യയുടെ ലോകകപ്പ് വിധി നിശ്ചയിക്കുകയെന്ന് റെയ്‌ന പറഞ്ഞു. "വരുൺ എറിയുന്ന 24 പന്തുകളായിരിക്കും ഇന്ത്യക്ക് കിരീടം നേടിക്കൊടുക്കുക. ബാറ്റർമാർക്ക് ഇപ്പോഴും അദ്ദേഹത്തെ കളിക്കാൻ കഴിയുന്നില്ല. പവർപ്ലേയുടെ അവസാന ഓവർ വരുണിന് നൽകിയാൽ വലിയ വിക്കറ്റുകൾ വീഴ്ത്താൻ അദ്ദേഹത്തിന് സാധിക്കും," റെയ്‌ന വ്യക്തമാക്കി.

Tags:    

Similar News