ഒരു മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം; പിന്നാലെ മയക്കുമരുന്നില്‍ കുടുങ്ങി; കിവീസ് ഓള്‍റൗണ്ടര്‍ താരത്തിന് ക്രിക്കറ്റില്‍ നിന്ന് ഒരു മാസത്തെ വിലക്ക്

Update: 2024-11-19 09:39 GMT

വെല്ലിംഗ്ടണ്‍: മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ഡഗ് ബ്രേസ്വെല്ലിന് ഒരു മാസത്തെ വിലക്ക്. ഈ വര്‍ഷം ജനുവരിയില്‍ സെന്‍ട്രല്‍ സ്റ്റാഗ്‌സും വെല്ലിംഗ്ടണും നേര്‍ക്കുനേര്‍ വന്ന ടി20 മത്സരത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് 34കാരന്‍ നിരോധിത ലഹരി പദാര്‍ത്ഥം ഉപയോഗിച്ചെന്ന് തെളിഞ്ഞത്. മത്സരത്തില്‍ 21 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ബ്രേസ്വെല്‍ 11 പന്തില്‍ 30 റണ്‍സ് നേടി പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയിരുന്നു.

സ്‌പോര്‍ട്‌സ് ഇന്റഗ്രിറ്റി കമ്മീഷന്‍ ടെ കഹു റൗനുയിയാണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. കൊക്കെയ്ന്‍ ഉപയോഗം ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പായിരുന്നുവെന്നും അതിനാല്‍ അദ്ദേഹത്തിന് ശിക്ഷയില്‍ ഇളവ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിനിടെ താരം ലഹരിവസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുന്നതിനുള്ള ചികിത്സാ നടപടി പൂര്‍ത്തിയാക്കിയതിനാല്‍ മൂന്ന് മാസം നീണ്ട ശിക്ഷ ഒരു മാസമാക്കി കുറയ്ക്കുകയായിരുന്നു. ബൗളര്‍ ഇതിനകം തന്നെ തന്റെ വിലക്ക് അനുഭവിച്ചു കഴിഞ്ഞു. അതുവഴി ഏത് സമയത്തും ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ ബ്രേസ്വെല്ലിന് കഴിയും.

2023 മാര്‍ച്ചില്‍ വെല്ലിംഗ്ടണില്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിലാണ് ബ്രേസ്വെല്‍ അവസാനമായി ന്യൂസിലന്‍ഡിനായി കളിച്ചത്. കളിയുടെ മൂന്ന് ഫോര്‍മാറ്റുകളിലുമായി രാജ്യത്തിനുവേണ്ടി 69 മത്സരങ്ങള്‍ (28 ടെസ്റ്റുകള്‍, 21 ഏകദിനങ്ങള്‍, 20 ടി20കള്‍) അദ്ദേഹം കളിച്ചിട്ടുണ്ട്.

Tags:    

Similar News