ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കി കിവീസ്; സെമിയില്‍ ഇന്ത്യയെ നേരിടും; നിലവിലെ ചാമ്പ്യന്‍മാരായ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്ത്
റാവല്‍പിണ്ടി: ചാമ്പ്യന്‍സ് ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ കീഴടക്കി ന്യൂസിലന്‍ഡ്. കിവീസിന്റെ ജയത്തോടെ നിലവിലെ ചാമ്പ്യന്‍സ് കൂടിയായ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ സെമി കാണാതെ പുറത്ത്. സെമിയില്‍ കിവീസ് ഇന്ത്യയെ നേരിടും. റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു കിവീസിന്റെ ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 237 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കിവീസ് ലക്ഷ്യം മറികടന്നു. 105 പന്തില്‍ 112 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയാണ് കിവീസിനെ വിജയത്തിലേക്ക് എത്തിച്ചത്. ബാറ്റിങ്ങിന് ഇറങ്ങിയ കിവീസിന് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. കഴിഞ്ഞ മത്സരത്തില്‍ മികച്ച റണ്‍സ് നേടിയ വില്‍ യങ്ങിനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. ഡക്കായി പുറത്ത് പോയതിന് പിന്നാലെ കെയിന്‍ വില്യംസും മടങ്ങി.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഡെവോണ്‍ കോണ്‍വേയും രചിന്‍ രവീന്ദ്രയും കിവീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ടീം സ്‌കോര്‍ 72-ല്‍ നില്‍ക്കേ കോണ്‍വേ(30) പുറത്തായത് ന്യൂസിലന്‍ഡിനെ ആശങ്കയിലാക്കി. എന്നാല്‍ ടോം ലാഥവുമൊത്ത് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ രചിന്‍ ബംഗ്ലാദേശ് പ്രതീക്ഷകളെ തച്ചുടച്ചു. ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ രചിന്‍ സെഞ്ചുറി തികച്ചു. പിന്നാലെ ടീം സ്‌കോര്‍ 200-കടത്തി. 105 പന്ത് നേരിട്ട് രചിന്‍ 112 റണ്‍സെടുത്ത് പുറത്തായെങ്കിലും ലാഥവും ഗ്ലെന്‍ ഫിലിപ്സും ടീമിനെ വിജയത്തിനടുത്തെത്തിച്ചു. 55 റണ്‍സില്‍ നില്‍ക്കേ ലാഥം റണ്ണൗട്ടായി. എന്നാല്‍ ഫിലിപ്സും ബ്രേസ്വെല്ലും ടീമിനെ വിജയത്തിലെത്തിച്ചു. ഒപ്പം സെമി ടിക്കറ്റും.