ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ അംപയര്‍മാര്‍ പാകിസ്ഥാനിലേക്ക് ഇല്ല; വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിതിന്‍ മേനോന്‍ പിന്‍മാറി; ലീവ് വേണമെന്ന് ആവശ്യപ്പെട്ട് ജവഗല്‍ ശ്രീനാഥും

Update: 2025-02-06 08:02 GMT

ദുബായ്: ഈ വരുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയില്‍ നിന്നുള്ള അംപയര്‍മാര്‍ ആരും പങ്കെടുക്കുന്നില്ല എന്ന് റിപ്പോര്‍ട്ട്. അംപയര്‍മാരുടെ പാനലിലെ ഏക ഇന്ത്യക്കാരനായ നിതിന്‍ മേനോന്‍ കളി നിയന്ത്രിക്കാന്‍ പാകിസ്ഥാനിലേക്ക് പോകുല്ലെന്ന് അറിയിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിന്‍മാറ്റം എന്നാണ് വിശദീകരണം. ജവഗല്‍ ശ്രീനാഥും ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ലീവ് വേണമെന്നാണ് ജവഗല്‍ ശ്രീനാഥ് ആവശ്യപ്പെട്ടത്.

എന്നാല്‍ മത്സരങ്ങള്‍ക്ക് നിഷ്പക്ഷ അംപയര്‍മാര്‍ വേണമെന്ന നിബന്ധന പ്രകാരം ദുബായില്‍ നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങള്‍ നിതിന് നിയന്ത്രിക്കാന്‍ സാധിക്കുമായിരുന്നില്ല. ബാക്കി മത്സരങ്ങള്‍ക്ക് വേദിയാകുന്നത് പാകിസ്താനിലായതിനാല്‍ നിതിന്‍ മേനോന്‍ ടൂര്‍ണമെന്റില്‍ നിന്ന് തന്നെ പിന്‍മാറുകയായിരുന്നുവെന്നാണ് വിവരം. നേരത്തേ പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിസമ്മതിച്ചതിനെ തുടര്‍ന്ന് മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റിയിരുന്നു.

ഉദ്ഘാടന ചടങ്ങുകള്‍ക്കും ഫോട്ടോ ഷൂട്ടുകള്‍ക്കും ഇന്ത്യന്‍ ക്യാപ്റ്റനെ പാകിസ്താനിലേക്ക് വിടില്ലെന്ന് ബിസിസിഐ യും നിലപാട് എടുത്തിരുന്നു. ശേഷം ഉദ്ഘാടന ചടങ്ങുകളും ഫോട്ടോ ഷൂട്ടും പാക് ക്രിക്കറ്റ് ബോര്‍ഡ് റദ്ദാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യ - പാകിസ്താന്‍ മത്സരം 23ന് നടക്കും. മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും നടക്കും.

Tags:    

Similar News