കളിച്ചത് രണ്ട് ടെസ്റ്റ്; നിതീഷിന് ഒസീസ് പേസര്‍മാര്‍ക്കെതിരെ ഒരു ഇന്ത്യന്‍ ബാറ്റര്‍ക്കുമില്ലാത്ത റെക്കോര്‍ഡ്
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലൂടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് അരങ്ങേറ്റം നടത്തിയ താരമാണ് നിതീഷ് കുമാര്‍ റെഡ്ഡി. പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ നിതീഷിനെ ഉള്‍പ്പെടുത്തിയതില്‍ പലരും നെറ്റി ചുളിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത പോലെ വലിയ കടമ്പകള്‍ ടീമിന് മുന്നില്‍ നില്‍ക്കുമ്പോള്‍ പരിചയ സമ്പത്ത് തീരെയില്ലാത്ത നിതീഷിനെ പോലെയുള്ള താരത്തിന് ടെസ്റ്റില്‍ അരങ്ങേറ്റത്തിന് അവസരമൊരുക്കിയതായിരുന്നു പലരെയും ചൊടിപ്പിച്ചത്. എന്നാല്‍ ഈ വിമര്‍ശനങ്ങളെല്ലാം കാറ്റില്‍ പറത്തുന്നതായിരുന്നു താരത്തിന്റെ പ്രകടനം.
പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലും അഡലെയ്ഡിലെ രണ്ട് ഇന്നിങ്സുകളിലും നിതീഷ് റെഡ്ഡി ടോപ് സ്‌കോററായി. ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ടീം ഇന്ത്യ ബാറ്റിങില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് ഈ യുവ താരമായിരുന്നു. 59 പന്തില്‍ ഒരു സിക്സറും ആറ് ഫോറുകളും അടക്കം 41 റണ്‍സാണ് താരം നേടിയത്. ഏഴാമനായി ഇറങ്ങിയ താരം വാലറ്റത്തെ സ്റ്റാര്‍ക്കിനും ഹേസല്‍വുഡിനുമൊന്നും വിട്ടുകൊടുക്കാതെ നടത്തിയ പ്രകടനം ഏറെ മികച്ചതായി.
ഇന്ത്യന്‍ ബാറ്റര്‍മാര്‍ തിളങ്ങിയ രണ്ടാം ഇന്നിങ്‌സില്‍ വിരാട് കോഹ്ലിക്ക് സെഞ്ച്വറിക്കുള്ള പിന്തുണ നല്‍കിയത് നിതീഷായിരുന്നു. ഇത്തവണ എട്ടാമനായി വാഷിങ്ടണ്‍ സുന്ദറിനും ശേഷമിറങ്ങിയ താരം ടി 20 സ്റ്റൈലില്‍ കളിച്ചാണ് 38 റണ്‍സ് നേടിയത്. 27 പന്തുകള്‍ നേരിട്ട് ഔട്ടാകാതെ നിന്ന താരം രണ്ട് സിക്‌സറുകളും മൂന്ന് ഫോറുകളും നേടി. മറുപടി ബാറ്റിങ്ങില്‍ മിച്ചല്‍ മാര്‍ഷിന്റെ വിക്കറ്റെടുത്ത് തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
ഇന്ത്യ പതറിയ അഡലെയ്ഡിലെ ഡേ നൈറ്റ് പിങ്ക് ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും ഇന്ത്യയുടെ ടോപ് സ്‌കോറര്‍ നിതീഷായിരുന്നു. 54 പന്തില്‍ മൂന്ന് ഫോറുകളും മൂന്ന് സിക്‌സറുകളും അടക്കം 42 റണ്‍സാണ് നിതീഷ് നേടിയത്. രണ്ട് ടെസ്റ്റുകളിലുമായി 54.33 ശരാശരിയില്‍ 163 റണ്‍സും 18 ബൗണ്ടറികളും ഏഴ് സിക്‌സറുകളും നേടി. നിതീഷ് അടിച്ച ഏഴ് സിക്‌സറുകളില്‍ ആറെണ്ണം പേസര്‍മാരുടെ പന്തുകളിലാണ്.
ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പേസിനെതിരെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡും ഇതോടെ നിതീഷിന്റെ പേരിലായി. ചരിത്രത്തില്‍ മറ്റൊരു ഇന്ത്യന്‍ കളിക്കാരനും ഓസീസില്‍ ഫാസ്റ്റ് ബൗളിങ്ങില്‍ മൂന്ന് സിക്‌സറുകളില്‍ കൂടുതല്‍ അടിച്ചിട്ടില്ല. അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ ,റിഷഭ് പന്ത് ,സഹീര്‍ ഖാന്‍ എന്നിവര്‍ മൂന്ന് സിക്സറുകള്‍ നേടിയിട്ടുണ്ട്.
ഓസ്‌ട്രേലിയയില്‍ സിക്സറുകളില്‍ ഇന്ത്യന്‍ താരങ്ങളുടെ മറ്റൊരു റെക്കോര്‍ഡിനൊപ്പവും നിതീഷ് ഉടനെത്തും. റിഷഭ് പന്ത് (10), രോഹിത് ശര്‍മ (10), വീരേന്ദര്‍ സെവാഗ് (8) എന്നിവര്‍ മാത്രമാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ നിതീഷിനേക്കാള്‍ കൂടുതല്‍ സിക്‌സറുകള്‍ പറത്തിയിട്ടുള്ളത്. ഈ റെക്കോര്‍ഡും നിതീഷ് വൈകാതെ തിരുത്തി കുറിച്ചേക്കാം.