വനിതാ ലോകകപ്പിലും കൈ കൊടുക്കില്ല; ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ ഹസ്തദാനമുണ്ടാകില്ല; മാച്ച് റഫറിക്കൊപ്പം ഫോട്ടോ ഷൂട്ടിലും പങ്കെടുക്കില്ല; പുരുഷ ടീമിന്റെ നിലപാട് ഹർമൻപ്രീത് കൗറിനും സംഘത്തിനും ബാധകം

Update: 2025-10-03 12:13 GMT

മുംബൈ: വനിതാ ലോകകപ്പിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരങ്ങളിൽ താരങ്ങൾ തമ്മിൽ ഹസ്തദാനം ഉണ്ടാകില്ലെന്ന് ബിസിസിഐ (BCCI) അറിയിച്ചു. ഏഷ്യാ കപ്പിൽ പുരുഷ ടീമുകൾ തമ്മിൽ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് ക്യാപ്റ്റൻ സൽമാൻ ആഗയെ ഹസ്തദാനം ചെയ്യാതിരുന്നത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. മത്സര ശേഷം ഇരു ടീമിലേയും താരങ്ങളും കൈ കൊടുക്കാൻ തയ്യാറായിരുന്നില്ല. ഇതിനെതിരെ മുൻ താരങ്ങളടക്കം നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ഇതേ സമീപനം തന്നെയാകും വനിതാ ലോകകപ്പിലും ഉണ്ടാകുക എന്ന് ബിസിസിഐ വ്യക്തമാക്കി. ഈ മാസം അഞ്ചിന് കൊളംബോയിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വനിതാ ലോകകപ്പ് പോരാട്ടം നടക്കുന്നത്. ഈ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയുമായി ടോസ് സമയത്തോ അതിന് ശേഷമോ ഹസ്തദാനം ചെയ്യില്ല. കൂടാതെ, മാച്ച് റഫറിക്കൊപ്പം ഫോട്ടോ ഷൂട്ടിലും ഇന്ത്യൻ താരങ്ങൾ ഉണ്ടാകില്ലെന്ന് ബിസിസിഐ അറിയിച്ചു.

ഇത്തരം നടപടികൾ കായിക രംഗത്തെ സൗഹൃദത്തെയും കളിക്കളത്തിലെ പെരുമാറ്റത്തെയും ചോദ്യം ചെയ്യുന്നതായി പല കോണുകളിൽ നിന്നും വിമർശനമുയർന്നിട്ടുണ്ട്. ഈ വിഷയത്തിൽ ബിസിസിഐയും ഐസിസിയും ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. പാക്കിസ്ഥാനെതിരെ കളിക്കുമ്പോൾ ഇന്ത്യൻ താരങ്ങൾ കൈ കൊടുക്കരുതെന്ന് ബിസിസിഐയുടെ നിർദ്ദേശം. ബുധനാഴ്ച ശ്രീലങ്കയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് വനിതാ ടീമിന് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

ടോസ് സമയത്തും മത്സരശേഷം പാക്കിസ്ഥാൻ താരങ്ങളുമായി കൈ കൊടുക്കരുതെന്നാണ് അറിയിച്ചിട്ടുള്ളത്. ഏഷ്യാ കപ്പിൽ മൂന്നു തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. ഇതിൽ ഫൈനലിൽ അഞ്ചു വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു. പാക്കിസ്ഥാനെതിരായ മത്സരം വനിതാ ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം ലീഗ് മത്സരമായിരിക്കും. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു. ഇരു രാജ്യങ്ങൾ തമ്മിൽ കളികൾ നടത്തുന്നത് നിഷ്പക്ഷ വേദികളിൽ മാത്രമായി പരിമിതപ്പെടുത്തിയതിനാലാണ് ഈ ലോകകപ്പ് മത്സരം ശ്രീലങ്കയിൽ നടക്കുന്നത്.

Tags:    

Similar News