'ദൈവം തുണച്ചാൽ, രണ്ട് മത്സരങ്ങളിലും നമ്മൾ തന്നെ ജയിക്കും'; ഏഷ്യാ കപ്പിലെ ഇന്ത്യക്കെതിരായ മത്സരത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് പേസർ ഹാരിസ് റൗഫ്

Update: 2025-08-26 09:52 GMT

കറാച്ചി: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളിലും പാകിസ്ഥാൻ വിജയിക്കുമെന്ന് പേസ് ബൗളർ ഹാരിസ് റൗഫ്. ടീമിന്റെ പരിശീലനത്തിനിടെയാണ് റൗഫിന്റെ ആത്മവിശ്വാസം നിറഞ്ഞ പ്രഖ്യാപനം. ഏഷ്യാ കപ്പിൽ ഇന്ത്യയുമായി രണ്ട് കളികൾക്ക് സാധ്യതയില്ലേ എന്ന ചോദ്യത്തിന്, 'ദൈവം തുണച്ചാൽ, രണ്ട് മത്സരങ്ങളിലും നമ്മൾ തന്നെ ജയിക്കും' എന്നായിരുന്നു താരത്തിന്റെ മറുപടി.

സെപ്റ്റംബർ 9-ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14-നാണ് നടക്കുക. ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബർ 10-ന് യുഎഇക്ക് എതിരെയാണ്. ഇന്ത്യക്കും പാകിസ്ഥാനും പുറമെ യുഎഇ, ഒമാൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ ഫോർ ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതിനാൽ, ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടാൻ സാധ്യതയുണ്ട്.

അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ ഇന്ത്യയും പാകിസ്ഥാനും സൂപ്പർ ഫോറിലെത്തുമെന്നാണ് വിലയിരുത്തൽ. സൂപ്പർ ഫോർ ഘട്ടത്തിൽ നാല് ടീമുകളും പരസ്പരം മത്സരിക്കും. ഇതിൽ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് ഫൈനലിന് യോഗ്യത നേടുക. ഇരു ടീമുകളും ഫൈനലിൽ പ്രവേശിച്ചാൽ, ടൂർണമെന്റിൽ മൂന്നാമതൊരു ഇന്ത്യ-പാക് പോരാട്ടത്തിനും സാധ്യത തെളിയും.

Tags:    

Similar News