ഏഷ്യാകപ്പില്‍ ഇന്ത്യയോട് തോറ്റതിന്റെ കലിപ്പ് താരങ്ങളോട് തീര്‍ത്ത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്; പാക് താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാനുള്ള എന്‍ഒസി റദ്ദാക്കി; നിര്‍ണായക നീക്കം ബാബര്‍ അസം അടക്കം ഏഴ് പാക്ക് താരങ്ങള്‍ ബിഗ് ബാഷ് ലീഗില്‍ പങ്കെടുക്കാനിരിക്കെ

ഏഷ്യാകപ്പില്‍ ഇന്ത്യയോട് തോറ്റതിന്റെ കലിപ്പ് താരങ്ങളോട് തീര്‍ത്ത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

Update: 2025-09-30 13:14 GMT

ഇസ്ലാമാബാദ്: ഏഷ്യാകപ്പ് ഫൈനലില്‍ അടക്കം മൂന്ന് തവണ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് എതിരെ വിചിത്ര നടപടിയുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. വിദേശ ലീഗുകളില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ക്ക് നല്‍കിയ എന്‍ ഒ സി റദ്ദാക്കി. കാരണം വ്യക്തമാക്കാതെയാണ് പിസിബി നടപടി. ഇതോടെ ബാബര്‍ അസം ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ബിഗ് ബാഷ് അടക്കമുള്ള ലീഗുകളില്‍ പങ്കെടുക്കാനാവില്ല.2025 ലെ ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാന്‍ ഇന്ത്യയോട് തോറ്റതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ നീക്കം. അന്താരാഷ്ട്ര ലീഗുകളില്‍ നിന്ന് കളിക്കാരെ പിന്തിരിപ്പിക്കാനും പകരം ആഭ്യന്തര ക്രിക്കറ്റിന് മുന്‍ഗണന നല്‍കാനും നിര്‍ദ്ദേശിച്ചുകൊണ്ട് പിസിബി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സയ്യിദ് സമീര്‍ അഹമ്മദ് വിജ്ഞാപനം പുറപ്പെടുവിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

വിദേശ ടി20 ലീഗുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാര്‍ക്കുള്ള എന്‍ഒസി താത്കാലികമായി നിര്‍ത്തിവെച്ചതായി പിസിബി അറിയിച്ചു. ബോര്‍ഡിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുമൈര്‍ അഹമ്മദ് സയ്യിദ് ഇതുസംബന്ധിച്ച് അറിയിച്ചുകൊണ്ട് തിങ്കളാഴ്ച കളിക്കാര്‍ക്കും ഏജന്റുമാര്‍ക്കും നോട്ടീസയച്ചു. ഏഷ്യാകപ്പില്‍ ഇന്ത്യയോടേറ്റ പരാജയത്തിനു പിന്നാലെയാണ് നടപടി. 'പിസിബി ചെയര്‍മാന്റെ അനുമതിയോടെ, ലീഗുകളിലും വിദേശ ടൂര്‍ണമെന്റുകളിലും പങ്കെടുക്കുന്നതിനുള്ള കളിക്കാരുടെ എല്ലാ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നു' എന്ന് നോട്ടീസില്‍ പറയുന്നു.

അതേസമയം, നടപടി സ്വീകരിച്ചതെന്തിനെന്നതു സംബന്ധിച്ച് പരാമര്‍ശമില്ല. ദേശീയ-ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാരെ പ്രോത്സാഹിപ്പിക്കാന്‍ പിസിബി ലക്ഷ്യമിടുന്നുണ്ട്. താരങ്ങളുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഒസി നല്‍കാന്‍ പിസിബി ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ മാനദണ്ഡങ്ങള്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല.

ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ അഫ്രീദി ഉള്‍പ്പെടെയുള്ള ഏഴ് പാക് താരങ്ങള്‍ക്ക് ഡിസംബറില്‍ ഓസ്ട്രേലിയയുടെ ബിഗ് ബാഷ് ലീഗില്‍ പങ്കെടുക്കേണ്ടതുണ്ട്. നസീംഷാ, സായിം അയ്യൂബ്, ഫഖര്‍ സമാന്‍ എന്നിവരുള്‍പ്പെടെ 16 പേര്‍ ഒക്ടോബര്‍ ഒന്നിന് യുഎഇയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ലീഗ് ടി20 ലേലത്തില്‍ പങ്കെടുക്കാനുള്ളവരുടെ ചുരുക്കപ്പട്ടികയിലുമുണ്ട്. ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ, ഫഹീം അഷ്റഫ്, ഹസ്സന്‍ അലി എന്നിവരുള്‍പ്പെടെ ദേശീയ ടീമിലെ അംഗങ്ങള്‍ തിങ്കളാഴ്ച ലാഹോറിലേക്ക് മടങ്ങിയിരുന്നു.

Tags:    

Similar News