മുള്‍ട്ടാന്‍ ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വി; പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ വന്‍ അഴിച്ചു പണി; ബാബര്‍ അസം, ഷഹീന്‍ അഫ്രീദി, നസീം ഷാ എന്നീ താരങ്ങള്‍ പുറത്ത്; അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

വന്‍ വിമര്‍ശനങ്ങളാണ് മുന്‍ താരങ്ങളടക്കം ടീമിനെതിരെ ഉയര്‍ത്തിയത്

Update: 2024-10-14 11:29 GMT

മുള്‍ട്ടാന്‍: ഇംഗ്ലണ്ടിനെതിരായ രണ്ട്, മൂന്ന് ടെസ്റ്റുകള്‍ക്കുള്ള പാകിസ്ഥാന്‍ ടീമില്‍ വമ്പന്‍ അഴിച്ചു പണി. മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ അസം, പേസര്‍മാരായ ഷഹീന്‍ അഫ്രീദി, നസീം ഷാ എന്നിവരെ ടീമില്‍ നിന്നു ഒഴിവാക്കി. മൂവര്‍ക്കുമൊപ്പം സര്‍ഫറാസ് അഹമ്മദിനും വിശ്രമം നല്‍കിയതായി പാകിസ്താന്‍ സെലക്ഷന്‍ കമ്മിറ്റി അറിയിച്ചു. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 500നു മുകളില്‍ റണ്‍സടിച്ചിട്ടും പാകിസ്ഥാന്‍ തോല്‍വി ഏറ്റുവാങ്ങി നാണംകെട്ടിരുന്നു. ഇതോടെ വന്‍ വിമര്‍ശനങ്ങളാണ് മുന്‍ താരങ്ങളടക്കം ടീമിനെതിരെ ഉയര്‍ത്തിയത്.

പിന്നാലെയാണ് മുന്‍ രാജ്യാന്തര അംപയറായ അലിം ദാര്‍ ഉള്‍പ്പെടുന്ന പുതിയ സെലക്ഷന്‍ കമ്മിറ്റി ടീമില്‍ വന്‍ മാറ്റം കൊണ്ടു വന്നത്. ആദ്യ ടെസ്റ്റില്‍ ടീമിന്റെ ബൗളിങ് പ്രകടനത്തെ പാക് നായകന്‍ ഷാന്‍ മസൂദും വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് സുപ്രധാന പേസര്‍മാരായ അഫ്രീദിയേയും നസീമിനേയും മാറ്റിയത്. കമ്രാന്‍ ഗുലം, ഹസീബുല്ല, മെഹ്റാന്‍ മുംതാസ് എന്നിവരാണ് മൂവര്‍ക്കും പകരം ടീമിലെത്തിയത്. സ്പിന്നര്‍മാരായ സാജിദ് ഖാന്‍, നോമന്‍ അലി എന്നിവരും ടീമിലുണ്ട്.

സമീപ കാലത്തൊന്നും മികച്ച ഇന്നിങ്സ് കളിക്കാന്‍ ബാബര്‍ അസമിനു സാധിച്ചിരുന്നില്ല. പിന്നാലെ താരത്തെ ടീമില്‍ നിന്നു ഒഴിവാക്കി മറ്റ് താരങ്ങള്‍ക്ക് അവസരമൊരുക്കണമെന്നു മുന്‍ താരങ്ങളടക്കം ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് നിര്‍ണായക തീരുമാനം. ഒന്നാം ടെസ്റ്റില്‍ പാകിസ്ഥാന്‍ 500നു മുകളില്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ബാബറിന്റെ സംഭാവന 30 റണ്‍സ് മാത്രമായിരുന്നു. രണ്ടാം ഇന്നിങ്സില്‍ 5 റണ്‍സും മാത്രമാണ് മുന്‍ നായകന്‍ നേടിയത്. ഇതോടെയാണ് താരത്തിന്റെ ടീമിലെ സ്ഥാനം പോയത്.

മുള്‍ട്ടാന്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 500 റണ്‍സ് പിന്നിട്ടിട്ടും പാകിസ്ഥാന്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി. ഇതോടെ കടുത്ത വിമര്‍ശനങ്ങളാണ്് പാകിസ്ഥാന്‍ ടീമിനെതിരെ ഉയര്‍ത്തത്. ബാബറിനെ ഒഴിവാക്കണമെന്ന ആവശ്യമുയര്‍ന്നു. അവസാന 18 ടെസ്റ്റ് ഇന്നിംഗ്സില്‍ ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

ടീം സെലക്ഷനുമായി ബന്ധപ്പെട്ട് സെലക്ഷന്‍ കമ്മിറ്റി അംഗം അഖിബ് ജാവേദ് പ്രസ്താവനയില്‍ പറഞ്ഞതിങ്ങനെ... ''ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന ടെസ്റ്റുകള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നത് സെലക്ടര്‍മാര്‍ക്ക് വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. നിലവിലെ കളിക്കാരുടെ ഫോം, പരമ്പരയില്‍ തിരിച്ചുവരാനുള്ള സാധ്യത, പാക്കിസ്ഥാന്റെ 2024-25 അന്താരാഷ്ട്ര ഷെഡ്യൂള്‍ എന്നിവ ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിഗണിച്ചു. ഈ ഘടകങ്ങള്‍ കണക്കിലെടുത്ത് ബാബര്‍ അസം, നസീം ഷാ, സര്‍ഫറാസ് അഹമ്മദ്, ഷഹീന്‍ ഷാ അഫ്രീദി എന്നിവര്‍ക്ക് വിശ്രമം നല്‍കാന്‍ തീരുമാനിച്ചു.'' ജാവേദ് പ്രസ്താവനയില്‍ പറഞ്ഞു.

രണ്ടും മൂന്നും ടെസ്റ്റുകള്‍ക്കുള്ള പാകിസ്ഥാന്‍ ടീം: ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), സൗദ് ഷക്കീല്‍ (വൈസ് ക്യാപ്റ്റന്‍), അമീര്‍ ജമാല്‍, അബ്ദുല്ല ഷഫീഖ്, ഹസീബുള്ള (വിക്കറ്റ് കീപ്പര്‍), കമ്രാന്‍ ഗുലാം, മെഹ്‌റാന്‍ മുംതാസ്, മിര്‍ ഹംസ, മുഹമ്മദ് അലി, മുഹമ്മദ് ഹുറൈറ, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), നോമന്‍ അലി, സെയിം അയൂബ്, സാജിദ് ഖാന്‍, സല്‍മാന്‍ അലി അഗ, സാഹിദ് മെഹ്‌മൂദ്.

Tags:    

Similar News