ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് പേര്‍ക്ക് സെഞ്ചറി; 556 റണ്‍സും നേടി; മറുപടിയായി ഹാരി ബ്രൂക്കിന്റെ ട്രിപ്പിള്‍ സെഞ്ചറിയും ജോ റൂട്ട് ഇരട്ടസെഞ്ചറിയും; ഇംഗ്ലീഷ് റണ്‍മല കണ്ട മുള്‍ട്ടാന്‍ ടെസ്റ്റില്‍ പാക്കിസ്ഥാന്‍ തോല്‍വിയിലേക്ക്
മുള്‍ട്ടാനിലെ ബാറ്റിംഗ് പറുദീസയിലും മുട്ടിടിച്ച് പാകിസ്ഥാന്‍
മുള്‍ട്ടാന്‍: മുള്‍ട്ടാന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ മൂന്നൂ താരങ്ങള്‍ സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയുമടക്കം 556 റണ്‍സ് നേടി ആരാധകരെ ത്രസിപ്പിച്ച പാകിസ്ഥാന്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ തോല്‍വിയുടെ വക്കില്‍. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 823 റണ്‍സ് നേടിയതോടെ 267 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ പാക്കിസ്ഥാന്, രണ്ടാം ഇന്നിങ്‌സില്‍ 82 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റ് നഷ്ടമായതോടെയാണ് പ്രതിരോധത്തിലായത്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ പാകിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ ആറിന് 152 എന്ന നിലയിലാണ്. ഒരു ദിവസത്തെ കളിയും നാലു വിക്കറ്റും കയ്യിലിരിക്കെ, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 153 റണ്‍സ് പിന്നിലാണ് പാക്കിസ്ഥാന്‍.
49 പന്തില്‍ 41 റണ്‍സുമായി ആഗ സല്‍മാനും, 48 പന്തില്‍ 27 റണ്‍സുമായി ആമിര്‍ ജമാലുമാണ് ക്രീസിലുള്ളത്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചറി നേടിയ ഓപ്പണര്‍മാരായ അബ്ദുല്ല ഷഫീഖ് (0), ക്യാപ്റ്റന്‍ കൂടിയായ ഷാന്‍ മസൂദ് (22 പന്തില്‍ 11), സ്ഥാനക്കയറ്റം കിട്ടിയെത്തിയ സയിം അയൂബ് (35 പന്തില്‍ 25), ബാബര്‍ അസം (15 പന്തില്‍ 5), സൗദ് ഷക്കീല്‍ (33 പന്തില്‍ 29), മുഹമ്മദ് റിസ്വാന്‍ (19 പന്തില്‍ 10) എന്നിവരാണ് പുറത്തായത്. ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിന്‍സന്‍, ബ്രൈഡന്‍ കേഴ്‌സ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ക്രിസ് വോക്‌സ്, ജാക്ക് ലീച്ച് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
രണ്ടാം ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ അബ്ദുള്ള ഷെഫീഖിന്റെ (0) വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി. ക്രിസ് വോക്സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. മൂന്നാമതെത്തിയ ഷാന്‍ മസൂദിന് 11 റണ്‍സെടുക്കാനാണ് സാധിച്ചത്. ബാബര്‍ അസം (5) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഇതിനിടെ സെയിം അയൂബ് (25) പവലിയനില്‍ തിരിച്ചെത്തി. സൗദ് ഷക്കീല്‍ (29), മുഹമ്മദ് റിസ്വാന്‍ (10) എന്നിവര്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.
ഒട്ടേറെ റെക്കോര്‍ഡുകള്‍ കടപുഴകിയ ഐതിഹാസിക ബാറ്റിങ് പ്രകടനത്തിനൊടുവിലാണ് മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് റണ്‍മല തീര്‍ത്തത്. ഹാരി ബ്രൂക്ക് ട്രിപ്പിള്‍ സെഞ്ചറിയും ജോ റൂട്ട് ഇരട്ടസെഞ്ചറിയും നേടിയ മത്സരത്തില്‍, 150 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 823 റണ്‍െസടുത്ത് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 267 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡോടെയാണ് ഡിക്ലറേഷന്‍. ഒന്നര ദിവസത്തോളം കളി ബാക്കിനില്‍ക്കെ, മത്സരം ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. ഒന്നാം ഇന്നിങ്‌സില്‍ പാക്കിസ്ഥാന്‍ 556 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഉയര്‍ന്ന നാലാമത്തെ സ്‌കോറാണ് ഇംഗ്ലണ്ട് നേടിയ 823 റണ്‍സ്. 322 പന്തില്‍ 29 ഫോറും മൂന്നു സിക്‌സും സഹിതം 317 റണ്‍സെടുത്താണ് ഹാരി ബ്രൂക്ക് പുറത്തായത്. ടെസ്റ്റില്‍ ഇംഗ്ലണ്ട് താരങ്ങളുടെ ആറാമത്തെ ട്രിപ്പിള്‍ സെഞ്ചറിയും, പാക്കിസ്ഥാനെതിരെ പിറക്കുന്ന അഞ്ചാമത്തെ ട്രിപ്പിള്‍ സെഞ്ചറിയുമാണിത്. ജോ റൂട്ട് 375 പന്തില്‍ 17 ഫോറുകളോടെ 262 റണ്‍സുമെടുത്തു. നാലാം വിക്കറ്റില്‍ ഇരുവരും പടുത്തുയര്‍ത്തിയ 454 റണ്‍സ് കൂട്ടുകെട്ട്, ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഉയര്‍ന്ന നാലാമാത്തെ കൂട്ടുകെട്ടാണ്. ഇവര്‍ക്കു പുറമേ അര്‍ധസെഞ്ചറി നേടിയ ഓപ്പണര്‍ സാക് ക്രൗളി (85 പന്തില്‍ 78), ബെന്‍ ഡക്കറ്റ് (75 പന്തില്‍ 84) എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി.
നാലാം ദിനമായ ഇന്ന് റണ്‍സ് അടിച്ചുകൂട്ടാനുള്ള ശ്രമത്തില്‍ ജാമി സ്മിത്ത് (24 പന്തില്‍ 31), ഗസ് അറ്റ്കിന്‍സന്‍ (രണ്ടു പന്തില്‍ രണ്ട്) എന്നിവരും വേഗത്തില്‍ പുറത്തായി. ക്രിസ് വോക്‌സ് 16 പന്തില്‍ ഒരു ഫോര്‍ സഹിതം 17 റണ്‍സോടെയും ബ്രൈഡന്‍ കേഴ്‌സ് ആറു പന്തില്‍ ഒരു സിക്‌സ് സഹിതം 9 റണ്‍സോടെയും പുറത്താകാതെ നിന്നു. പാക്കിസ്ഥാനായി നസീം ഷാ, സയിം അയൂബ് എന്നിവര്‍ രണ്ടും ഷഹീന്‍ അഫ്രീദി, ആമിര്‍ ജമാല്‍, ആഗ സല്‍മാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ആറു പതിറ്റാണ്ടിലധികമായി പാക്കിസ്ഥാന്‍ മണ്ണില്‍ ഇംഗ്ലിഷ് താരങ്ങള്‍ക്ക് ഇരട്ട സെഞ്ചറി നേടാനായിട്ടില്ലെന്ന കുറവാണ് ഒരു ട്രിപ്പിള്‍ സെഞ്ചറിയും ഒരു ഡബിള്‍ സെഞ്ചറിയും സഹിതം അവര്‍ തീര്‍ത്തത്. 245 പന്തില്‍ 18 ഫോറും ഒരു സിക്‌സും സഹിതം ഇരട്ടെസെഞ്ചറിയിലെത്തിയ ബ്രൂക്, 310 പന്തില്‍ 28 ഫോറും മൂന്നു സിക്‌സും സഹിതമാണ് ട്രിപ്പിള്‍ സെഞ്ചറിയിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ചറി കൂടിയാണിത്. മുന്നിലുള്ളത് 2008ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചെന്നൈയില്‍ 278 പന്തില്‍ ട്രിപ്പിള്‍ സെഞ്ചറി നേടിയ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ് മാത്രം.
റൂട്ട് 305 പന്തില്‍ 14 ഫോറുകളോടെയാണ് ഇരട്ടസെഞ്ചറിയിലെത്തി. ഇതിനു മുന്‍പ് 1962ലാണ് ഒരു ഇംഗ്ലിഷ് താരം പാക്ക് മണ്ണില്‍ ഇരട്ടസെഞ്ചറി നേടിയത്. അന്ന് ടെഡ് ഡെക്സ്റ്റര്‍ കറാച്ചിയില്‍ 205 റണ്‍സാണെടുത്തത്. പാക്കിസ്ഥാനെതിരെ ഏതൊരു വിക്കറ്റിലുമായി ഇംഗ്ലണ്ടിന്റെ ഉയര്‍ന്ന കൂട്ടുകെട്ടു കൂടിയാണിത്. പിന്നിലാക്കിയത് 2020ല്‍ സതാംപ്ടനില്‍ 359 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത ജോസ് ബട്‌ലര്‍ സാക് ക്രൗളി സഖ്യത്തെ.
ടെസ്റ്റില്‍ ഇതു രണ്ടാം തവണയാണ് ഒരേ മത്സരത്തില്‍ രണ്ട് ഇംഗ്ലിഷ് താരങ്ങള്‍ ഇരട്ടസെഞ്ചറി നേടുന്നത്. 1985ല്‍ ഇന്ത്യയ്ക്കെതിരെ ചെന്നൈയില്‍ മൈക്ക് ഗാറ്റിങ് (207), ഗ്രെയിം ഫ്‌ലവര്‍ (201) എന്നിവരാണ് ഇതിനു മുന്‍പ് ഇരട്ടസെഞ്ചറി നേടിയത്. പാക്കിസ്ഥാനെതിരെ ടെസ്റ്റില്‍ കൂടുതല്‍ 250+ സ്‌കോറുകള്‍ നേടിയവരില്‍ ഇന്ത്യയുടെ വീരേന്ദര്‍ സേവാഗിനൊപ്പമെത്താനും റൂട്ടിനായി. രണ്ടു തവണയാണ് ഇരുവരും പാക്കിസ്ഥാനെതിരെ 250 കടന്നത്. കൂടുതല്‍ തവണ 250 പിന്നിട്ട ഇംഗ്ലിഷ് താരങ്ങളില്‍ അലസ്റ്റയര്‍ കുക്ക്, വാലി ഹാമണ്ട് എന്നിവര്‍ക്കൊപ്പമെത്താനും റൂട്ടിനായി.
നേരത്തേ, വ്യക്തിഗത സ്‌കോര്‍ 186ല്‍ നില്‍ക്കെ നസീം ഷായുടെ പന്തില്‍ ജോ റൂട്ട് നല്‍കിയ സുവര്‍ണാവസരം സൂപ്പര്‍താരം ബാബര്‍ അസം കൈവിട്ടിരുന്നു. മിഡ് വിക്കറ്റില്‍ അനായാസം കയ്യിലൊതുക്കാമായിരുന്ന അവസരമാണ് ബാബര്‍ കൈവിട്ടത്. തൊട്ടടുത്ത പന്തില്‍ ബൗണ്ടറിയുമായി റൂട്ട് 190ലേക്കു കുതിക്കുകയും ചെയ്തു.
ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇംഗ്ലണ്ട് താരമെന്ന റെക്കോര്‍ഡ് മൂന്നാം ദിനം തന്നെ റൂട്ട് സ്വന്തമാക്കി. വ്യക്തിഗത സ്‌കോര്‍ 71ല്‍ എത്തിയപ്പോഴാണ് 12,472 റണ്‍സ് നേടിയ കുക്കിന്റെ റെക്കോര്‍ഡ് റൂട്ട് മറികടന്നത്. ഇംഗ്ലണ്ട് നിരയില്‍ ഓപ്പണര്‍ സാക് ക്രൗളി (85 പന്തില്‍ 78), ബെന്‍ ഡക്കറ്റ് (75 പന്തില്‍ 84) എന്നിവരും അര്‍ധസെഞ്ചറി നേടി. നിരാശപ്പെടുത്തിയത് ഡക്കായ ക്യാപ്റ്റന്‍ ഒലി പോപ്പ് മാത്രം. ഇംഗ്ലണ്ടിനു നഷ്ടമായ മൂന്നു വിക്കറ്റുകള്‍ പാക്കിസ്ഥാന്‍ താരങ്ങളായ ഷഹീന്‍ അഫ്രീദി, നസീം ഷാ, ആമിര്‍ ജമാല്‍ എന്നിവര്‍ പങ്കിട്ടു. ഒന്നാം ഇന്നിങ്‌സില്‍ ഓപ്പണര്‍ അബ്ദുല്ല ഷഫീഖ് (102), ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (151), ആഗ സല്‍മാന്‍ (104*) എന്നിവരുടെ സെഞ്ചറികളുടെ മികവിലാണ് പാക്കിസ്ഥാന്‍ 556 റണ്‍സെടുത്തത്.