പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്പോര്‍ട്സ് ഹബ് സ്റ്റേഡിയവുമായി കെസിഎ; എല്ലാ കായിക ഇനങ്ങളും ഒരു കുടക്കിഴില്‍; ഒരുങ്ങുന്നത് ദേവസ്വം ഭൂമിയില്‍; ജനുവരിയില്‍ നിര്‍മ്മാണം തുടങ്ങുമെന്ന് അധികൃതര്‍
ജില്ലയിലെ കായിക മേഖലക്ക് വന്‍ കുതിപ്പ് ഉണ്ടാക്കും
പാലക്കാട് : പാലക്കാട് ജില്ലയില്‍ വമ്പന്‍ കായിക പദ്ധതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍. മലബാര്‍ ദേവസ്വത്തിന്റെ പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റ്റ്റിന്റെ 21 ഏക്കര്‍ സ്ഥലത്താണ് സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. പാട്ട കരാറിന്റെ അടിസ്ഥാനത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ 33 വര്‍ഷത്തേക്കാണ് ഭൂമി ഏറ്റെടുക്കുക. സ്പോര്‍ട്സ് ഹബ് പൂര്‍ത്തിയാകുന്നതോടുകൂടി എല്ലാ കായിക ഇനങ്ങളും ഒരു കുടക്കിഴില്‍ വരുന്നത് ജില്ലയിലെ കായിക മേഖലക്ക് വന്‍ കുതിപ്പ് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.
30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയില്‍ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഫ്ളഡ് ലൈറ്റ് , ക്ലബ് ഹൗസ് , നീന്തല്‍ കുളം,ബാസ്‌കറ്റ് ബോള്‍ ഫുട്ബോള്‍ മൈതാനങ്ങള്‍, കൂടാതെ മാറ്റ് കായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടാവും. ലീസ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ 33 വര്‍ഷത്തേക്കാണ് ഭൂമി ഏറ്റെടുക്കുക. പദ്ധതിയിലൂടെ ക്ഷേത്രത്തിനു 21,35000 രൂപ വാര്‍ഷികം ലഭിക്കും. കൂടാതെ 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും കെസിഎ നല്‍കും.
പദ്ധതിയുടെ ഭാഗമായി പ്രദേശികവാസികള്‍ക്ക് ജോലിക്ക് മുന്‍ഗണന നല്‍കാനും വ്യവസ്ഥ ഉണ്ട്. ഭഗവതി ക്ഷേത്രത്തിന്റെയും അസോസിയേഷന്റെയും പേരിലായിരിക്കും സ്പോര്‍ട്സ് ഹബ് നിര്‍മ്മിക്കുക. ഈ വര്‍ഷം ഡിസംബറില്‍ കരാര്‍ ഒപ്പിടും. 2025 ജനുവരിയോടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും. ആദ്യഘട്ട നിര്‍മ്മാണം 2026 ന് പൂര്‍ത്തിയാക്കാനാണ് തീരുമാനം. രണ്ടാം ഘട്ടം 2027 ഏപ്രില്‍ മാസത്തോടെ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
2018-ല്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ കോവിഡ് മൂലം വൈകുകയായിരുന്നു. മദ്രാസ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ആക്ട് 1951 പ്രകാരം തുടങ്ങിയ നടപടികള്‍ മലബാര്‍ ദേവസ്വവും അമ്പലം ട്രസ്റ്റും സെപ്റ്റംബറില്‍ തന്നെ പൂര്‍ത്തിയാക്കി. പുതിയ പദ്ധതി പാലക്കാട് ജില്ലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സ്പോര്‍ട്സ് ഹബ് പൂര്‍ത്തിയാകുന്നതോടുകൂടി എല്ലാ കായിക ഇനങ്ങളും ഒരു കുടക്കിഴില്‍ വരുന്നത് ജില്ലയിലെ കായിക മേഖലക്ക് വന്‍ കുതിപ്പ് ഉണ്ടാക്കുമെന്നും പാലക്കാട് ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്‍ അഭിപ്രായപെട്ടു.