സയ്യിദ് മുഷ്താഖ് അലിയിൽ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗ്; ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തെ പഞ്ഞിക്കിട്ട് ബറോഡ ക്യാപ്റ്റൻ; ഒരോവറില്‍ നേടിയത് നാലു സിക്സിനും ഒരു ഫോറും; തമിഴ്നാടിനെതിരെ ബറോഡക്ക് അവസാന പന്തില്‍ ആവേശ ജയം
ഇന്‍ഡോര്‍: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ വെടിക്കെട്ട് ബാറ്റിംഗുമായി ഹാര്‍ദ്ദിക് പാണ്ഡ്യ. തമിഴ്നാടിനെതിരെ നടന്ന മൽസരത്തിൽ നടത്തിയ ബാറ്റിംഗ് പ്രകടനത്തില്‍ ബറോഡക്ക് അവസാന പന്തില്‍ ആവേശ ജയം. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിംഗില്‍ അവസാന പന്തില്‍ ബറോഡ ലക്ഷ്യത്തിലെത്തി. 30 പന്തില്‍ 69 റൺസ് അടിച്ചു കൂട്ടിയാണ് ഹാര്‍ദ്ദിക് ടീമിനെ അപ്രത്രീക്ഷിത വിജയത്തിലേക്ക് നയിച്ചത്.
പതിമൂന്നാം ഓവറില്‍ ക്രുനാല്‍ പാണ്ഡ്യ പുറത്തായപ്പോള്‍ ആറാമനായാണ് ഹാര്‍ദ്ദിക് ക്രീസിലെത്തുമ്പോൾ ബറോഡ 121/4 എന്ന നിലയിലായിരുന്നു. ഒരു ഘട്ടത്തില്‍ 152-6 എന്ന സ്കോറിലേക്ക് തോല്‍വി മുന്നില്‍ കണ്ട ബറോഡയെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഹാര്‍ദ്ദിക് ലക്ഷ്യത്തോടടുപ്പിച്ചു. അവസാന ഓവറിലെ രണ്ടാം പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ റണ്ണൗട്ടായി പുറത്താവുമ്പോള്‍ ജയിക്കാന്‍ 9 റണ്‍സും അവസാന പന്തില്‍ 4 റണ്‍സും വേണമായിരുന്നു. രാജ് ലിംബാനിയും അതിത് ഷേത്തും ചേര്‍ന്ന് അവസാന പന്തില്‍ ബറോഡ അവിശ്വസനീയ വിജയം നേടിക്കൊടുത്തു.
ഐപിഎല്‍ ലേലത്തില്‍ 2.20 കോടി നല്‍കി ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെടുത്തിച്ച ഇടം കൈയന്‍ പേസര്‍ ഗുര്‍ജപ്നീത് സിംഗിനെ ഒരോവറില്‍ നാലു സിക്സിനും ഒരു ഫോറിനും പറത്തിയ ഹാര്‍ദ്ദിക് 29 റണ്‍സ് അടിച്ചെടുത്തിരുന്നു. ഇതോടെ തമിഴ്നാടിന് മത്സരം ഏറെക്കുറെ നഷ്ടമായിരുന്നു. 3 ഓവറുകളിൽ നിന്ന് 44 റൺസായിരുന്നു മത്സരത്തിൽ ഗുര്‍ജപ്നീത് വിട്ടു കൊടുത്തത്.
നേരത്തെ തമിഴ്നാടിനായി ബാറ്റ് ചെയ്ത വിജയ് ശങ്കര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഒരോവറില്‍ മൂന്ന് സിക്സ് പറത്തിയതിന്‍റെ മധുരപ്രതികാരം കൂടിയായി പാണ്ഡ്യയുടെ വെടിക്കെട്ട്. അവസാന ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ റണ്ണൗട്ടാക്കിയത് പക്ഷെ വിജയ് ശങ്കറായിരുന്നു. 3 ഓവറുകളിൽ നിന്ന് 44 റൺസാണ് ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കെതിരെ തമിഴ്നാട് അടിച്ച് കൂട്ടിയത്. വിക്കറ്റൊന്നും നേടാനും താരത്തിനായില്ല.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാടിനായി എന്‍ ജഗദീഷൻ, വിജയ് ശങ്കര്‍, ഷാരൂഖ് ഖാന്‍ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് കൂറ്റൻ സ്കോർ നേടായനായത്. എന്‍ ജഗദീഷൻ 32 പന്തില്‍ 57 റണ്‍സടിച്ചപ്പോള്‍ അഞ്ചാമനായി ക്രീസിലിറങ്ങിയ വിജയ് ശങ്കര്‍ 22 പന്തില്‍ 42 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ഷാരൂഖ് ഖാന്‍ 25 പന്തില്‍ 39 റണ്‍സടിച്ചു.