ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിയിൽ അംഗങ്ങളായി പ്രഗ്യാൻ ഓജയും ആർ.പി. സിംഗും; അഗാർക്കറിനൊപ്പം ചേരുന്നത് ഐപിഎൽ പർപ്പിൾ ക്യാപ്പ് ജേതാക്കൾ

Update: 2025-09-28 10:32 GMT

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുരുഷ സെലക്ഷൻ കമ്മിറ്റി അംഗങ്ങളായി മുൻ ഇന്ത്യൻ താരങ്ങളായ പ്രഗ്യൻ ഓജയെയും ആർ.പി. സിംഗിനെയും തെരഞ്ഞെടുത്തു. എസ്.ശരത്, സുബ്രതോ ബാനർജി എന്നിവരുടെ ഒഴിവിലേക്കാണ് ഇവരെ പരിഗണിച്ചത്. ഇരുവരും ഐപിഎല്ലിലെ പർപ്പിൾ ക്യാപ്പ് ജേതാക്കളാണ്. സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരത്തിന് ലഭിക്കുന്ന അവാർഡാണിത്.

2007 ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ആർ.പി. സിംഗ് 82 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 124 വിക്കറ്റുകൾ നേടിയിട്ടുണ്ട്. പ്രഗ്യൻ ഓജ 4 ടെസ്റ്റുകൾ, 18 ഏകദിനങ്ങൾ, 6 ടി20 മത്സരങ്ങൾ എന്നിവയിൽ നിന്ന് 144 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. പുരുഷ സെലക്ഷൻ കമ്മിറ്റിയിലേക്ക് അപേക്ഷിക്കാൻ കുറഞ്ഞത് ഏഴ് ടെസ്റ്റ് മത്സരങ്ങളോ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ കളിച്ചിരിക്കണം.

കൂടാതെ, 10 ഏകദിനങ്ങളോ 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ കളിച്ച പരിചയവും നിർബന്ധമാണ്. കളിക്കളത്തിൽ നിന്ന് വിരമിച്ച് അഞ്ച് വർഷം പൂർത്തിയാക്കിയവരും ഏതെങ്കിലും ബി.സി.സി.ഐ ക്രിക്കറ്റ് കമ്മിറ്റിയിൽ അഞ്ച് വർഷത്തിൽ കൂടുതൽ പ്രവർത്തിക്കാത്തവരും വേണം. പുരുഷ സെലക്ഷൻ കമ്മിറ്റിയിൽ ഇടം നേടാൻ പ്രവീൺ കുമാർ, അമയ് ഖുറാസിയ, ആശിഷ് വിൻസ്റ്റൺ സൈദി, ശക്തി സിംഗ് എന്നിവരും അപേക്ഷിച്ചിരുന്നു.

അതേസമയം, എസ്. ശരത്തിനെ ജൂനിയർ സെലക്ഷൻ പാനലിന്റെ ചെയർമാനായി നിയമിച്ചു. വനിതാ സെലക്ഷൻ കമ്മിറ്റിയുടെ ചെയർപേഴ്സണായി അമിതാ ശർമ്മയെയും തിരഞ്ഞെടുത്തിട്ടുണ്ട്. മുംബൈയിൽ നിന്നുള്ള സുലക്ഷണ നായിക്, ശ്രാവന്തി നായിഡു എന്നിവരും വനിതാ സെലക്ഷൻ കമ്മിറ്റിയിൽ ഇടം നേടി. 

Tags:    

Similar News