സമൂഹമാധ്യമങ്ങളില്‍ ഫോളോ ചെയ്യാത്ത ഒരാള്‍ എങ്ങനെയാണ് എനിക്കെതിരെ ട്രോളുകള്‍ സൃഷ്ടിക്കുക; അവരുടെ കണ്ണ് എപ്പോഴും എന്റെ മേല്‍: ഐപിഎല്‍ ലേലത്തില്‍ 'അണ്‍സോള്‍ഡ്' ആയതിന് പിന്നാലെ ട്രോള്‍; പ്രതികരിച്ച് പൃഥ്വി ഷാ
മുംബൈ: ഐപിഎല്‍ ലേലത്തില്‍ 'അണ്‍സോള്‍ഡ്' ആയതിനു പിന്നാലെ തനിക്കെതിരെയുണ്ടാകുന്ന ട്രോളുകളില്‍ പ്രതികരിച്ച് പൃഥ്വി ഷാ. എല്ലാവരും തന്നെ ശ്രദ്ധിക്കുന്നതുകൊണ്ടാണ് ട്രോളുകള്‍ വരുന്നതെന്നും എന്നാല്‍ ചിലപ്പോഴൊക്കെ ഇത് വേദനിപ്പിക്കാറുണ്ടെന്നും പൃഥ്വി ഷാ പ്രതികരിച്ചു.
ഇന്ത്യയ്ക്ക് അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനായ പൃഥ്വി ഷാ, 2018 മുതല്‍ ഏഴു സീസണുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു. ഇത്തവണ മെഗാ താരലേലത്തിനു മുന്നോടിയായി പൃഥ്വി ഷായെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ലേലത്തില്‍ താരത്തെ വിളിച്ചെടുക്കാന്‍ ആരും തയാറായില്ല.
''എന്നെ കൃത്യമായി നിരീക്ഷിക്കാത്ത, സമൂഹമാധ്യമങ്ങളില്‍ ഫോളോ ചെയ്യാത്ത ഒരാള്‍ എങ്ങനെയാണ് എനിക്കെതിരെ ട്രോളുകള്‍ സൃഷ്ടിക്കുക? എന്നെ കുറേപ്പേര്‍ ട്രോളുന്നുണ്ടെങ്കില്‍ അതിന്റെ അര്‍ഥം അവരുടെ ഒരു കണ്ണ് എപ്പോഴും എന്റെ മേല്‍ ഉണ്ടെന്നാണ്. അത് നല്ലതല്ലേ. ട്രോളുന്നത് വളരെ നല്ല കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. തീരെ മോശം കാര്യമാണെന്നും തോന്നലില്ല. ആളുകള്‍ ഉണ്ടാക്കുന്ന ട്രോളുകള്‍ കാണുമ്പോള്‍ ചിലപ്പോള്‍ വേദന തോന്നാറുണ്ട്' പൃഥ്വി ഷാ പറഞ്ഞു.
''എന്തു തെറ്റാണ് ഞാന്‍ ചെയ്തതെന്ന് ഇടയ്ക്ക് തോന്നാറുണ്ട്. എന്തെങ്കിലും പാളിച്ച എനിക്കു സംഭവിക്കുന്നുണ്ടെങ്കില്‍ അതു മനസ്സിലാക്കാനുള്ള കഴിവ് എനിക്കുണ്ട്. തെറ്റല്ലാത്ത ഒരു കാര്യത്തെ ആ കണ്ണുകൊണ്ടല്ലേ കാണേണ്ടത്?' പൃഥ്വി ഷാ ചോദിച്ചു. പൃഥ്വി ഷാ ഐപിഎല്‍ താരലേലത്തില്‍ 'അണ്‍സോള്‍ഡ്' ആയത് നാണക്കേടാണെന്ന് ചൂണ്ടികാട്ടി ഡല്‍ഹി ടീമിന്റെ സഹപരിശീലകനായിരുന്ന മുഹമ്മദ് കൈഫ് രംഗത്തെത്തിയിരുന്നു.