ഡൽഹി പ്രീമിയർ ലീഗിൽ പ്രിയാൻഷ് ആര്യയുടെ വെടിക്കെട്ട് ബാറ്റിംഗ്; 52 പന്തുകളിലെ തകർപ്പൻ സെഞ്ചുറി; ഔട്ടർ ഡൽഹി വാരിയേഴ്‌സിന് കൂറ്റൻ സ്‌കോർ

Update: 2025-08-08 12:03 GMT

ന്യൂഡൽഹി: ഡൽഹി പ്രീമിയർ ലീഗിൽ വെടിക്കെട്ട് സെഞ്ചുറിയുമായി യുവതാരം പ്രിയാൻഷ് ആര്യ. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ഡൽഹി റൈഡേഴ്‌സിനെതിരെ 52 പന്തുകളിൽ നിന്നാണ് താരം സെഞ്ചുറി നേടിയത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച താരം ഡിപിഎല്ലിലും മികച്ച ഫോം തുടരുകയാണ്. ലീഗിൽ ഔട്ടർ ഡൽഹി വാരിയേഴ്‌സിന്റെ താരമാണ് പ്രിയാൻഷ് ആര്യ.

ഒൻപത് കൂറ്റൻ സിക്‌സറുകളും ഏഴ് ബൗണ്ടറികളും ഉൾപ്പെടെ, 56 പന്തുകളിൽ നിന്ന് 111 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഡിപിഎല്ലിലെ ആര്യയുടെ മൂന്നാം ശതകമാണിത്. കഴിഞ്ഞ ഐപിഎൽ സീസണിൽ പഞ്ചാബ് കിംഗ്സിനായി 475 റൺസ് നേടിയ താരം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഔട്ടർ ഡൽഹി വാരിയേഴ്സിൻ്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. എന്നാൽ, രണ്ടാം വിക്കറ്റിൽ കരൺ ഗാർഗുമായി ചേർന്ന് പ്രിയാൻഷ് ആര്യ സ്ഥാപിച്ച 46 പന്തിലെ 92 റൺസിൻ്റെ നിർണായക കൂട്ടുകെട്ട് ടീമിന് ശക്തമായ അടിത്തറ നൽകി. കരൺ പുറത്തായ ശേഷവും ആക്രമിച്ച് കളിച്ച ആര്യ ബൗളർമാരെ സമ്മർദ്ദത്തിലാക്കി.

അവസാന ഓവറുകളിൽ റൺനിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടെയാണ് താരം പുറത്തായത്. പ്രിയന്റെ അവിസ്മരണീയ പ്രകടനത്തിൻ്റെ പിൻബലത്തി, ഔട്ടർ ഡൽഹി വാരിയേഴ്സ് നിശ്ചിത 20 ഓവറിൽ 231 എന്ന കൂറ്റൻ സ്കോറിലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഈസ്റ്റ് ഡൽഹി റൈഡേഴ്‌സ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 11.4 ഓവറിൽ 119-3 എന്ന നിലയിലാണ്. ജയിക്കാനായി റൈഡേഴ്‌സിന് 50 പന്തിൽ 113 റൺസാണ് വേണ്ടത്. 50 റൺസുമായി അനുജ് റാവത്തും, 45 റൺസുമായി അർപ്പിത് റാണയുമാണ് ക്രീസിൽ.

Tags:    

Similar News