'നിലവിലെ ചാമ്പ്യന്മാരുടെ രണ്ടാം മത്സരം'; പാകിസ്ഥാൻ്റെ ലോഗോയോ പേരോ ഇല്ല; ചർച്ചയായി പഞ്ചാബ് കിങ്‌സ് പുറത്തിറക്കിയ ഇന്ത്യ- പാക് മത്സരത്തിന്റെ പോസ്റ്റർ

Update: 2025-09-13 08:09 GMT

ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി, ഐപിഎൽ ടീമായ പഞ്ചാബ് കിങ്‌സ് പുറത്തിറക്കിയ സോഷ്യൽ മീഡിയ പോസ്റ്റർ ചർച്ചയാകുന്നു. ഒരുവശത്ത് പ്രതിഷേധങ്ങള്‍ ശക്തമായി തുടരുന്നതിനിടെയാണ് പഞ്ചാബ് പോസ്റ്റർ പുറത്ത് വിട്ടത്. മത്സരത്തിൻ്റെ പോസ്റ്ററിൽ നിന്ന് പാക്കിസ്ഥാൻ്റെ പേര് ഒഴിവാക്കിയാണ് പഞ്ചാബ് കിങ്‌സ് തങ്ങളുടെ പ്രതികരണം അറിയിച്ചത്.

സെപ്റ്റംബർ 14-ന് ദുബായിൽ നടക്കുന്ന മത്സരത്തെക്കുറിച്ച് ടീം അറിയിച്ചപ്പോൾ, എതിരാളിയായി പാക്കിസ്ഥാൻ്റെ ലോഗോയോ പേരോ ഉൾപ്പെടുത്തിയില്ല. പകരം, ഇന്ത്യൻ ടീമിൻ്റെ ചിഹ്നം മാത്രമാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്, എതിരാളികൾക്കായി ഒഴിഞ്ഞ സ്ഥലം നൽകുകയായിരുന്നു. 'നിലവിലെ ചാമ്പ്യന്മാരുടെ രണ്ടാം മത്സരം' എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനെതിരെ കളിക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് പഞ്ചാബ് കിങ്‌സിൻ്റെ ഈ നടപടി. ഇത്തരം മത്സരങ്ങൾ ദേശീയ അന്തസ്സിനും പൊതുവികാരങ്ങൾക്കും വിരുദ്ധമായ സന്ദേശം നൽകുമെന്നും, ഭീകരാക്രമണത്തിൽ ഇരയായവരുടെ കുടുംബങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജി കോടതി തള്ളിയിരുന്നു. വിവാദങ്ങൾ കനത്തതോടെ, പഞ്ചാബ് കിങ്‌സ് തങ്ങളുടെ എക്സ് (മുൻപ് ട്വിറ്റർ) അക്കൗണ്ടിൽ പോസ്റ്ററിന് താഴെയുള്ള കമന്റ് സെക്ഷൻ പ്രവർത്തനരഹിതമാക്കുകയും ചെയ്തു. 

Tags:    

Similar News