രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ ദ്രാവിഡ്; ക്ലബ്ബ് മുന്നോട്ടുവെച്ച കൂടുതല്‍ ഉയര്‍ന്ന പദവികളും നിഷേധിച്ചു മുന്‍ ഇന്ത്യന്‍ പരിശീലകന്‍; സഞ്ജു സാംസണ്‍ ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ രാഹുലിന്റെ പിന്‍മാറ്റം

രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ ദ്രാവിഡ്

Update: 2025-08-30 09:15 GMT

ജയ്പൂര്‍: ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം ഉപേക്ഷിച്ച് രാഹുല്‍ ദ്രാവിഡ്. രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് ദ്രാവിഡ് സ്ഥാനമൊഴിഞ്ഞ വിവരം അറിയിച്ചത്. ക്ലബ്ബ് മുന്നോട്ടുവെച്ച കൂടുതല്‍ ഉയര്‍ന്ന പദവികള്‍ ഇന്ത്യന്‍ ഇതിഹാസ താരം നിഷേധിച്ചെന്നും രാജസ്ഥാന്‍ റോയല്‍സ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

'2026 ഐപിഎല്‍ സീസണില്‍ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് ടീമിനൊപ്പം ഉണ്ടാകില്ല. നിരവധി വര്‍ഷങ്ങളായി രാജസ്ഥാനോടൊപ്പം സഞ്ചരിക്കുന്ന വ്യക്തിത്വമാണ് രാഹുല്‍ ദ്രാവിഡ്. അദ്ദേഹത്തിന്റെ സാന്നിധ്യം പലതലമുറകളേയും സ്വാധീനിക്കുകയും ടീമിനുള്ളില്‍ ഉറച്ച മൂല്യങ്ങള്‍ കൊണ്ടുവരുന്നതിനും കാരണമായിട്ടുണ്ട്,' രാജസ്ഥാന്‍ റോയല്‍സ് എക്‌സില്‍ കുറിച്ചു.

'ക്ലബ്ബിന്റെ മാനേജ്‌മെന്റ് തലത്തില്‍ കൂടുതല്‍ ഉയര്‍ന്ന പദവികള്‍ അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ദ്രാവിഡ് അതെല്ലാം നിഷേധിക്കുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സും താരങ്ങളും അതിന്റെ ദശലക്ഷക്കണക്കിന് വരുന്ന ആരാധകരും അദ്ദേഹത്തിന് ഹൃദയത്തില്‍ തൊട്ട് നന്ദിയറിയിക്കുന്നു,' രാജസ്ഥാന്‍ ടീം എക്‌സില്‍ കുറിച്ചു.

രാഹുല്‍ രണ്ടാമത് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനത്ത് എത്തിയശേഷം കഴിഞ്ഞ സീസണില്‍ ടീം വളരെ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഐപിഎല്‍ 2025-ല്‍, കളിച്ച പത്ത് മത്സരങ്ങളില്‍ നാലെണ്ണം മാത്രമാണ് രാജസ്ഥാന്‍ റോയല്‍സ് വിജയിച്ചത്. ഐപിഎല്‍ പുതിയ സീസണിന് മുന്നോടിയായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാഹുലിന്റെ പിന്‍മാറ്റം. രാഹുല്‍ പിന്‍മാറുമ്പോള്‍ ടീമിന്റെ മുന്‍ പരിശീലകന്‍ കുമാര്‍ സംഗക്കാര മടങ്ങിയെത്തുമെന്നാണ് സൂചന.

Tags:    

Similar News