ചാമ്പ്യന്‍സ് ട്രോഫി; റാവല്‍പിണ്ടിയില്‍ മഴ; ടോസ് പോലും ഇടാനായില്ല; ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരം വൈകുന്നു
റാവല്‍പിണ്ടി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം വൈകുന്നു. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരത്തിന് ഉച്ചയ്ക്ക് രണ്ടിനാണ് ടോസ് നിശ്ചയിച്ചിരുന്നത്. പക്ഷെ മഴമൂലം ഇത് തടസപ്പെടുകയായിരുന്നു. മത്സരം 2.30 മുതലാണ് ആരംഭിക്കേണ്ടിയിരുന്നത്.
അതേസമയം ഇപ്പോഴും ചാറ്റല്‍ മഴ തുടരുകയാണ്. പിച്ച് സംരക്ഷിക്കാനായി കവറുകള്‍ കൊണ്ട് മൂടിയിട്ടുണ്ട്. ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ചരിത്രവിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് ഓസ്ട്രേലിയ എത്തുന്നതെങ്കില്‍, അഫ്ഗാനിസ്ഥാനെ 107 റണ്‍സിന് തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. ഇന്ന് ജയിക്കുന്ന ടീം സെമി ഫൈനലിലേക്ക് കയറും.
അതേസമയം, ശനിയാഴ്ച വരെ റാവല്‍പിണ്ടിയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഇന്ന് വരും സമയങ്ങളില്‍ മഴ വര്‍ധിക്കുമെന്നും പ്രവചനമുണ്ട്. മൈതാനത്ത് ഫ്ളഡ് ലൈറ്റ് ഓണ്‍ ചെയ്തിട്ടുണ്ട്. അതേസമയം, ടൂര്‍ണമെന്റില്‍ ഇന്ത്യയും ന്യൂസിലന്‍ഡും സെമിയിലെത്തി. പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും തകര്‍ത്താണ് ഇരു ടീമുകളും സെമി പ്രവേശനം ഉറപ്പിച്ചത്.