ചാമ്പ്യന്‍സ് ട്രോഫി; ഒരു കളിയെങ്കിലും ജയിക്കാം എന്ന പാകിസ്താന്റെ മോഹം മഴയില്‍ ഒലിച്ചു; ആതിഥേയര്‍ ആദ്യം തന്നെ പുറത്ത്; ഒപ്പം നാണംകെട്ട റെക്കോര്‍ഡും

Update: 2025-02-27 12:02 GMT

റാവല്‍പിണ്ടി: പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചു. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം. ഇതോടെ ഒരു നാണക്കേടിന്റെ റെക്കോര്‍ഡും പാകിസ്ഥാന്റെ പേരിലായി. ടൂര്‍ണമെന്റിന്റെ 23 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ചാമ്പ്യന്‍സ് ട്രോഫി ആതിഥേയ ടീം ഒരു ജയം പോലും ഇല്ലാതെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്നത്. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടും രണ്ടാം മത്സരത്തില്‍ ഇന്ത്യയോടും ദയനീയ തോല്‍വി ഏറ്റുവാങ്ങിയാണ് ടീം മൂന്നാം പോരിനെത്തിയത്.

ഈ മത്സരം ജയിച്ച് ആശ്വാസം കൊള്ളാനുള്ള പദ്ധതിയായിരുന്നു പാക് ടീമിന്. എന്നാല്‍ ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ മത്സരം ഉപേക്ഷിക്കേണ്ടി വന്നു. പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനമായാണ് അവര്‍ നില്‍ക്കുന്നത്.

ഇന്ത്യയും ന്യൂസിലാന്‍ഡും ഉള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് പാകിസ്താനും ബംഗ്ലാദേശും മത്സരിച്ചത്. പാകിസ്താനോടും ബംഗ്ലാദേശിനോടും ജയിച്ച് ഇന്ത്യയും ന്യൂസിലാന്‍ഡും നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. ഗ്രൂപ്പില്‍ അവസാന മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും. മാര്‍ച്ച് രണ്ടിനാണ് മത്സരം.

ഗ്രൂപ്പ് ബിയിലാണ് ഇനിയും സെമി ഫൈനലിസ്റ്റുകളെ തീരുമാനമാകാത്തത്. ഇംഗ്ലണ്ട് രണ്ട് മത്സരങ്ങള്‍ തോറ്റ് പുറത്തായപ്പോള്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ സെമിയിലേക്കെത്താന്‍ മത്സരിക്കുന്നു. ഓസ്‌ട്രേലിയയ്ക്ക് അഫ്ഗാനിസ്ഥാനുമായും ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ടുമായുമാണ് അവസാന മത്സരങ്ങള്‍.

Tags:    

Similar News