ഖുര്‍ആനിലും ഇസ്‌ലാമിലും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കാനാണ് പറയുന്നത്; പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് നിരാശാജനകം: താലിബാനെതിരെ ആഞ്ഞടിച്ച് അഫ്ഗാന്‍ താരം റാഷിദ് ഖാന്‍
കാബൂള്‍: സ്ത്രീകളെ മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ നിന്ന് വിലക്കാനുള്ള താലിബാന്റെ തീരുമാനത്തിനെതിരെ അഫ്ഗാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍. ഖുര്‍ആനിലും ഇസ്‌ലാമിലും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കാനാണ് പറയുന്നതെന്ന് അദ്ദേഹം സോഷ്യല്‍ പ്ലാറ്റഫോമായി എക്‌സിലൂടെ പ്രതികരിച്ചു. അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ചൂണ്ടികാട്ടിയുള്ള താരത്തിന്റെ പോസ്റ്റില്‍, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് നിരാശാജനകമാണെന്നും പറഞ്ഞിട്ടുണ്ട്.
വനിതാ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും അഭാവം സ്ത്രീകളുടെ ആരോഗ്യത്തെയും അന്തസിനെയും ബാധിക്കുമെന്ന് പറഞ്ഞ റാഷിദ്, താലിബാന്റെ ഇത്തരം നീക്കങ്ങള്‍ ഇസ്ലാമിന്റെ പേരിലാണെങ്കില്‍ അത് തെറ്റാണെന്നും വനിതകള്‍ക്കും അറിവ് നേടാനുള്ള അവകാശം ഖുര്‍ആനും ഇസ്ലാമും ഉയര്‍ത്തുന്നുണ്ടെന്നും സമര്‍ത്ഥിച്ചു. അതേ സമയം റാഷിദ് ഖാന്റെ എക്‌സ് പോസ്റ്റിന് നേരെ രാജ്യത്തെ ഒരു വിഭാഗം ആളുകള്‍ പിന്തുണയുമായി എത്തിയപ്പോള്‍ ചിലര്‍ വിമര്‍ശനവുമായും രംഗത്തെത്തി.
നഴ്സിങ് മിഡൈ്വഫറി കോഴ്‌സുകളില്‍ ചേരുന്നതില്‍ നിന്ന് താലിബാന്‍ ഭരണകൂടം സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. തിങ്കളാഴ്ച, താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദയാണ് മെഡിക്കല്‍, സെമി-പ്രൊഫഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ചേരുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കിക്കൊണ്ട് നിര്‍ദേശം പുറപ്പെടുവിച്ചത്. ഈ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് റാഷിദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ആവശ്യപ്പെട്ടത്.
അഫ്ഗാനിസ്താനിലെ ആരോഗ്യ മേഖല കടുത്ത വെല്ലുവിളികള്‍ നേരിടുന്നതിനിടെയാണ് താലിബാന്‍ സ്ത്രീകള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പ്രൊഫഷണല്‍ മെഡിക്കല്‍, പാരാ മെഡിക്കല്‍ സ്റ്റാഫുകളുടെ എണ്ണം കുറവായതിനാല്‍ പുതിയ നിരോധനം നിലവിലെ സ്ഥിതി കൂടുതല്‍ വഷളാക്കും ഇക്കാര്യം തന്നെയാണ് റാഷിദും ചൂണ്ടിക്കാണിക്കുന്നത്. നേരത്തേ സെക്കന്‍ഡറി സ്‌കൂളില്‍ ചേരുന്നതില്‍ നിന്നും താലിബാന്‍ ഭരണകൂടം പെണ്‍കുട്ടികളെ തടഞ്ഞിരുന്നു. ജോലിയിലേയ്ക്കും വിദ്യാഭ്യാസത്തിലേയ്ക്കുമുള്ള സ്ത്രീകളുടെ പ്രവേശനവും നിയന്ത്രിച്ചിരുന്നു.