'ഒരേ സ്റ്റേഡിയത്തില്‍ കളിക്കുക; എല്ലായിപ്പോഴും ഒരേ പിച്ച്; ഇത് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്; ഇത് മനസിലാക്കാന്‍ റോക്കറ്റ് ശാസ്ത്രജ്ഞനാകേണ്ട'; കമിന്‍സിന്റെയും ആഖിബ് ജാവേദിന്റെയും ആരോപണം ഏറ്റുപിടിച്ച് ദക്ഷിണാഫ്രിക്കന്‍ താരവും

ദുബായിലെ മത്സരങ്ങള്‍ ഇന്ത്യക്ക് അനുകൂലമെന്ന് ദക്ഷിണാഫ്രിക്കന്‍ താരം

Update: 2025-02-28 10:58 GMT

ലഹോര്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹൈബ്രിഡ് മോഡലില്‍ മത്സരം നടത്തുന്നതിലൂടെ ഒരു വേദിയില്‍ മാത്രം കളിക്കുന്നതിന്റെ ആനുകൂല്യം ഇന്ത്യയ്ക്കുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം റാസി വാന്‍ ഡര്‍ ദസന്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിലാണു നടക്കുന്നത്. മറ്റു ടീമുകള്‍ മത്സരങ്ങള്‍ക്കായി പാക്കിസ്ഥാനിലെ വിവിധ വേദികളിലേക്കും, ദുബായിലേക്കും യാത്ര ചെയ്യുമ്പോള്‍ ഇന്ത്യന്‍ ടീം എല്ലാ മത്സരങ്ങളിലും ദുബായിലെ പിച്ചില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നത് വലിയ ആനുകൂല്യമാണെന്നു വിമര്‍ശനമുയര്‍ന്നിരുന്നു. ഈ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചാണ് ദക്ഷിണാഫ്രിക്കന്‍ താരം രംഗത്ത് വന്നത്.

''തീര്‍ച്ചയായും അതൊരു ആനുകൂല്യം തന്നെയാണ്. പാക്കിസ്ഥാന്‍ അതിനെതിരെ പ്രതികരിച്ചതു ഞാന്‍ കണ്ടു. ഒരു ഹോട്ടലില്‍ താമസിച്ച്, ഒരേ സൗകര്യങ്ങള്‍ ഉപയോഗിച്ച്, ഒരു വേദിയില്‍ മാത്രം കളിക്കാമെന്നതു തീര്‍ച്ചയായും നേട്ടം തന്നെയാണ്. അതു മനസ്സിലാക്കാന്‍ നിങ്ങളൊരു റോക്കറ്റ് സയന്റിസ്റ്റ് ആകേണ്ട ആവശ്യമൊന്നുമില്ല. പക്ഷേ ആ ഒരു ആനുകൂല്യം ഉപയോഗിക്കേണ്ട ബാധ്യത തീര്‍ച്ചയായും അവര്‍ക്കു മുകളിലുണ്ടാകും.'' റാസി വാന്‍ ഡര്‍ ദസന്‍ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞു.

''ഇന്ത്യയ്‌ക്കെതിരെ ആര് സെമി ഫൈനലും ഫൈനലും കളിച്ചാലും ഇന്ത്യ ഈ സാഹചര്യം തീര്‍ച്ചയായും ഉപയോഗിക്കും. ലഹോറില്‍ സെമി ഫൈനല്‍ കളിക്കാനാണ് ഞാന്‍ വ്യക്തിപരമായി ഇഷ്ടപ്പെടുന്നത്. അവിടെയാണ് ബാറ്റിങ്ങിന് കൂടുതല്‍ അവസരമുണ്ടാകുക. ദുബായിലെ പിച്ച് ലഹോറിലെ അത്ര ബാറ്റര്‍മാരെ പിന്തുണയ്ക്കുന്നില്ല. ദുബായില്‍ കളിക്കണമെങ്കില്‍ വിമാനം കയറി മറ്റൊരു രാജ്യത്തേക്കു പോകണം. അതുകൊണ്ടു തന്നെ പാക്കിസ്ഥാനില്‍ കളിക്കാനാണു താല്‍പര്യം.'' ദക്ഷിണാഫ്രിക്കന്‍ താരം വ്യക്തമാക്കി.

ദുബായില്‍ കളിക്കുന്നതിന്റെ നേട്ടം ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കു ലഭിക്കുന്നുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ആഖിബ് ജാവേദും ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിച്ചിരുന്നു.

ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്താന്‍- ഓസ്ട്രേലിയ മത്സരം നിര്‍ണായകമാണ്. ജയിക്കുന്നവര്‍ സെമിയിലെത്തും. അഫ്ഗാന്‍ തോറ്റാല്‍ ഗ്രൂപ്പില്‍നിന്ന് ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും സെമിയില്‍ കയറും. അഫ്ഗാന്‍ വിജയിച്ചാല്‍ ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് മത്സരം സെമിഫൈനലിസ്റ്റുകളെ നിര്‍ണയിക്കും. നിലവില്‍ രണ്ടുമത്സരങ്ങളില്‍നിന്ന് ഒരു ജയവും ഒരു സമനിലയുമായി മൂന്ന് പോയിന്റോടെ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമാണ് ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍. രണ്ട് മത്സരങ്ങളില്‍നിന്ന് ഓരോ ജയവും തോല്‍വിയുമായി അഫ്ഗാന്‍ മൂന്നാമതും ജയമില്ലാത്ത ഇംഗ്ലണ്ട് നാലാമതുമാണ്.

അതേസമയം ആധികാരികമായാണ് ഇന്ത്യയുടെ സെമിപ്രവേശം. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ ആറു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ബംഗ്ലാദേശിനെ 228 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ 46.3 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ വിജയശില്‍പ്പി. രണ്ടാം മത്സരത്തില്‍ പാകിസ്താനെയും ഇന്ത്യ തകര്‍ത്തെറിഞ്ഞു. പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. സൂപ്പര്‍താരം വിരാട് കോലിയുടെ സെഞ്ചുറിയും ശ്രേയസ് അയ്യരുടെ അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.

ഞായറാഴ്ച ന്യൂസീലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. ബി ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങളില്‍നിന്ന് മൂന്നു പോയിന്റുമായി ഒന്നാമതുള്ള ദക്ഷിണാഫ്രിക്കയ്ക്ക് സെമി ഫൈനലില്‍ ഇന്ത്യ എതിരാളികളായി വരാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ദുബായിലേക്കു പോകേണ്ടി വരും. ഇന്ത്യ ഫൈനലിലെത്തിയാല്‍ ചാംപ്യന്‍സ് ട്രോഫി ഫൈനലും ദുബായില്‍ കളിക്കേണ്ടിവരും.

Tags:    

Similar News