'ബംഗാ ഭൂഷൺ' ബഹുമതിക്ക് പിന്നാലെ മറ്റൊരു പ്രഖ്യാപനം; ഇന്ത്യൻ വനിതാ ബാറ്ററുടെ പേരിൽ ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു; 'റിച്ച ക്രിക്കറ്റ് സ്റ്റേഡിയം' നിർമ്മിക്കുന്നത് സിലിഗുരിയിൽ; പ്രഖ്യാപനവുമായി മമത ബാനർജി
കൊൽക്കത്ത: ഏകദിന വനിതാ ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ച വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷിന് ആദരമർപ്പിച്ച് പശ്ചിമ ബംഗാൾ സർക്കാർ. റിച്ചയുടെ പേരിൽ സിലിഗുരിയിൽ ഒരു ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു. വടക്കൻ ബംഗാളിലെ സിലിഗുരിയിലെ ചാന്ദ്മണി ടീ എസ്റ്റേറ്റിലെ 27 ഏക്കർ സ്ഥലത്താണ് 'റിച്ച ക്രിക്കറ്റ് സ്റ്റേഡിയം' സ്ഥാപിക്കുന്നത്.
22 കാരിയായ റിച്ച, സമീപകാല ലോകകപ്പ് ക്രിക്കറ്റിൽ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ബംഗാളിന്റെ അഭിമാനമായ റിച്ചയെ ആദരിക്കുന്നതിനോടൊപ്പം വടക്കൻ ബംഗാളിൽ നിന്നുള്ള യുവ ക്രിക്കറ്റ് പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും ഈ നീക്കം കൊണ്ട് ലക്ഷ്യമിടുന്നു. റിച്ച ഘോഷിന് ബംഗാൾ സർക്കാർ പരമോന്നത സിവിലിയൻ ബഹുമതിയായ 'ബംഗാ ഭൂഷൺ' നൽകി ആദരിച്ചിരുന്നു. കൂടാതെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡി.എസ്.പി) ആയി നിയമിച്ചു കൊണ്ടുള്ള നിയമന ഉത്തരവും, സ്വർണ്ണമാലയും ഉപഹാരമായി നൽകി.
ഫൈനൽ മത്സരത്തിൽ റിച്ച നേടിയ ഓരോ റൺസിനും ഒരു ലക്ഷം രൂപ വീതം 34 ലക്ഷം രൂപയും സമ്മാനമായി ലഭിച്ചിരുന്നു. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സ്വർണ്ണ ബാറ്റും ബോളും നൽകി അവരെ ആദരിച്ചു. ലോകകപ്പ് ടൂർണമെന്റിൽ ഉടനീളം റിച്ച ഘോഷ് 8 ഇന്നിംഗ്‌സുകളിൽ നിന്ന് 39.16 ശരാശരിയിൽ 235 റൺസ് നേടി. 133.52 സ്ട്രൈക്ക് റേറ്റിൽ കളിച്ച റിച്ച, ഒരു വനിതാ ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഡിയാൻഡ്ര ഡോട്ടിന്റെ റെക്കോർഡിനൊപ്പം എത്തുകയും ചെയ്തു. ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനൽ മത്സരത്തിൽ ഏഴാമതായി ഇറങ്ങി 24 പന്തിൽ 34 റൺസ് നേടിയ റിച്ച, ഇന്ത്യയുടെ 298 എന്ന മികച്ച സ്കോറിലേക്ക് എത്താൻ സഹായിച്ചിരുന്നു.