വെടിക്കെട്ട് സാംസണ്‍..! ഹൈദരാബാദില്‍ കടുവകള്‍ക്ക് മേല്‍ സാംസന്റെ സംഹാര താണ്ഡവം; ഉജ്ജ്വല സെഞ്ച്വറിയുമായി കത്തിക്കയറി; ഒരോവറില്‍ സഞ്ജു അടിച്ചുകൂട്ടിയത് അഞ്ച് സിക്‌സര്‍; ഇന്ത്യന്‍ ടീമില്‍ നിലനില്‍ക്കാനുള്ള അവസാന അവസരം മുതലാക്കി മലയാളി താരം

വെടിക്കെട്ട് സാംസണ്‍..! ഹൈദരാബാദില്‍ കടുവകള്‍ക്ക് മേല്‍ സാംസന്റെ സംഹാര താണ്ഡവം

Update: 2024-10-12 15:07 GMT

ഹൈദരാബാദ്: ഒടുവില്‍ വിശ്വരൂപം പുറത്തെടുത്ത് മലയാളി താരം സഞ്ജു സാംസണ്‍. ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണ്‍. ബംഗ്ലാ ബൗളര്‍മാരിലെ നാലുപാടും പായിച്ച സഞ്ജു ടി 20 ഫോര്‍മാറ്റില്‍ തന്റെ കന്നി സെഞ്ച്വറി തികച്ചു. 40 പന്തില്‍ സെഞ്ച്വറി പൂര്‍ത്തയാക്കി സഞ്ജു 46 പന്തില്‍ 111 റണ്‍സെടുത്തു പുറത്തായി.

11 ഫോറും 8 സിക്‌സും അടങ്ങിയതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. മുസ്താഫിസുര്‍ റഹ്മാന്റെ പന്തില്‍ സിക്‌സിന് ശ്രമിച്ചപ്പോഴാണ് താരത്തിന്റെ വിക്കറ്റ് നഷ്ടമായത്. പര്‍വേസ് ആണ് ക്യാച്ചെടുത്തത്. സഞ്ജുവിന്റെ കരിയറിലെ അതിവേഗ സെഞ്ചുറി നവരാത്രിയില്‍ പിറഞ്ഞത്. ബംഗ്ലാദേശിനെതിരായ ടി 20യില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറുമായി ഇത്.

കഴിഞ്ഞ മത്സരത്തില്‍ തന്നെ പുറത്താക്കിയ റിഷാദ് ഹൊസൈനെ അഞ്ചു തവണ സിക്‌സിന് പറത്തിയാണ് താരം സെഞ്ചുറിയിലേക്ക് കുതിച്ചത്. ഇന്നിംഗ്‌സിന്റെ പത്താം ഓവറിലാണ് താരം 30 റണ്‍സ് നേടിയത്. നേരത്തെ 22 പന്തില്‍ 8 ഫോറും 2 കൂറ്റന്‍ സിക്‌സുമടക്കമാണ് താരം 50 കടന്നത്. തുടക്കത്തില്‍ കരുതലോടെ തുടങ്ങിയ സഞ്ജു പിന്നീട് കത്തിക്കയറുകയായിരുന്നു.

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടി20യില്‍ മലയാളി താരം നിരാശപ്പെടുത്തിയിരുന്നു. ഇതോടെ ഈ മത്സരത്തില്‍ തിളങ്ങേണ്ടത് സഞ്ജുവിന് അനിവാര്യമായിരുന്നു. തലയ്ക്ക് മുകളില്‍ തൂങ്ങി നിന്ന വാള്‍ ഒഴിവാക്കാന്‍ ഉജ്ജ്വല ഇന്നിംഗ് ആവശ്യമായിരുന്നു. ഇതോടെ തന്റെ കഴിവ് പുറത്തെടുത്ത് അടിച്ചു പരത്തുന്ന സഞ്ജുവിനെയാണ് കണ്ടത്.

സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തന്‍സിം ഹസന്‍ സാക്കിബിനായിരുന്നു വിക്കറ്റ്. പിന്നീടായിരുന്നു സഞ്ജുവിന്റെ താണ്ഡവം. സ്പിന്‍-പേസ് ഭേദമില്ലാതെ ബംഗ്ലാ ബൗളര്‍മാരെ സഞ്ജു തലങ്ങും പായിച്ചു. സഞ്ജുവിന് എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്നത് ക്യാപ്ടന്‍ സൂര്യകുമാര്‍ യാദവായിരുന്നു.

അടുത്ത മാസം ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ നാല് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കളിക്കുന്നുണ്ട്. ഈ ടീമിലേക്ക് പരിഗണിക്കപെടണമെങ്കില്‍ സഞ്ജുവിന് ഹൈദരാബാദിലെങ്കിലും വലിയ സ്‌കോര്‍ നേടിയെ മതിയാവൂ എന്നതായിരുന്നു അവസ്ഥ. തന്റെ മുന്നിലെ പ്രതിസന്ധികളെയെല്ലാം മറികടക്കുന്ന സഞ്ജുവിനെയാണ് ഹൈദരാബാദില്‍ കണ്ടത്.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അര്‍ഷദീപിന് പകരം രവി ബിഷ്‌ണോയിയെ ഉള്‍പ്പെടുത്തിയതാണ് ടീമിലെ ഏക മാറ്റം. ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ പ്രകടനത്തിലൂടെയാണ് ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയം നേടിയത്.

Tags:    

Similar News