ചെപ്പോക്കില്‍ സഞ്ജു ഇറങ്ങിയത് ഡു ഓര്‍ ഡൈ മത്സരത്തിന്; എന്നിട്ടും നേരിട്ട രണ്ടാം പന്തിനെ അയാള്‍ ഗാലറിയില്‍ നിക്ഷേപിച്ചു! സഞ്ജു എന്ന ധീരനായ ടീം-മാനെ ലോകം ഒരിക്കല്‍ക്കൂടി തിരിച്ചറിഞ്ഞ നിമിഷം; ഒടുവില്‍ സാക്ഷാല്‍ ഗവാസ്‌ക്കറും പറഞ്ഞു, അയാള്‍ ഫിഫ്റ്റി നേടിയില്ലായിരിക്കാം; പക്ഷേ സഞ്ജുവിന്റെ ചിറകിലേറിയാണ് ഇന്ത്യ പറന്നുതുടങ്ങിയത്; സഞ്ജുവിന്റെ രക്ഷക റോളിനെ അഭിനന്ദിച്ചു സോഷ്യല്‍ മീഡിയ

ചെപ്പോക്കില്‍ സഞ്ജു ഇറങ്ങിയത് ഡു ഓര്‍ ഡൈ മത്സരത്തിന്

Update: 2026-02-27 01:10 GMT

തിരുവനന്തപുരം: ടി20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ വിജയിച്ചത് ടീം കോമ്പിനേഷനില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ്. മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണര്‍ റോളില്‍ തിരിച്ചെത്തിയതോടെ ടീമിന്റെ കോമ്പിനേഷന്‍ മെച്ചപ്പെട്ടതിന് ഒപ്പം ഫോംഔട്ടായിരുന്ന അഭിഷേക് ശര്‍മ്മയെയും ശക്തമായി തിരിച്ചെത്തിക്കാന്‍ സാധിച്ചു. അഭിഷേകിന്റെ സമ്മര്‍ദ്ദം കുറച്ചത് സഞ്ജുവിന്റെ അനായാസമായ ബാറ്റിംഗായിരുന്നു.

24 റണ്‍സെടുത്താണ് സഞ്ജു സാംസണ്‍ പുറത്തായതെങ്കിലും ഈ റണ്‍സാണ് ഇന്ത്യക്ക് മിന്നുന്ന തുടക്കം നല്‍കിയത് എന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ പറയുന്നത്. 15 ബോളില്‍ രണ്ടു കൂറ്റന്‍ സിക്സറും ഒരു ഫോറുമുള്‍പ്പെട്ടതാണ് മലയാളി താരത്തിന്റെ ഇന്നിങ്സ്. നാലാം ഓവറില്‍ സഞ്ജു പുറത്തായ ശേഷം മുന്‍ ഇന്ത്യന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്റെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെയാണ് സഞ്ജു സാംസണിന്റെ ഇന്നിങ്സിനെ കുറിച്ച് ഇര്‍ഫാന്‍ പഠാന്‍ പ്രതികരിച്ചത്. നല്ല തുടക്കം കിട്ടിയിട്ടും അതു മുതലാക്കാന്‍ സാധിക്കാതെ പുറത്തായതിന് അദ്ദേഹത്തെ വിമര്‍ശിക്കുകയല്ല, മറിച്ച് പ്രശംസിക്കുകയാണ് ഇര്‍ഫാന്‍ ചെയ്തത്. 'ഈ ലോകകപ്പില്‍ ആദ്യ വിക്കറ്റില്‍ ഇന്ത്യയുടെ ബാറ്റിങ് ശരാശരി വെറും ഏഴിനടുത്ത് മാത്രമായിരുന്നു. മുഴുവന്‍ ടീമുകളെയുമെടുത്താല്‍ ഏറ്റവും കുറവും ഇതാണ്. ഇന്ന് ടീമിന് ആവശ്യമായ അതേ രീതിയില്‍ തന്നെ സഞ്ജു സാംസണ്‍ കളിച്ചു.

ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ സഹായിക്കുകയും ചെയ്തു. അദ്ദേഹം തന്റെ ജോലി ചെയ്തു'- ഇങ്ങനെയായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സിനെ പ്രശംസിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇര്‍ഫാന്‍ കുറിച്ചത്. പത്താന്റെ ഈ വാക്കുകള്‍ സഞ്ജു ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നതായിരുന്നു.

അഭിഷേക് ശര്‍മ- ഇഷാന്‍ കിഷന്‍ ഓപ്പണിങ് ജോടി ഈ ലോകകപ്പില്‍ ക്ലിക്കാവാതിരുന്നതോടെയാണ് സിംബാബ്വെയ്ക്കെതിരേ പുതിയ കോമ്പിനേഷന്‍ പരീക്ഷിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. അഭിഷേകിനൊപ്പ്ം സഞ്ജു സാംസണിനെ ഓപ്പണിങിലേക്കു കൊണ്ടുവരാനുള്ള തീരുമാനം ക്ലിക്കാവുകയും ചെയ്തു. മത്സരത്തില്‍ ടേണിംഗ് പോയിന്റായത് ഇതായിരുന്നു.

മത്സര ശേഷം സഞ്ജുവിനെ പുകഴ്ത്തി ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നു. സന്ദീപ് ദാസ് എന്ന ക്രിക്കറ്റ് പ്രേമി എഴുതി ഫേസ്ബുക്ക് പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സഞ്ജുവിന്റെ ചിറകിലേറിയാണ് ഇന്ത്യ ഇന്ന് പറന്നു തുടങ്ങിയതെന്ന് ക്രിക്കറ്റിലെ മഹാന്‍മാര്‍ വരെ പറയേണ്ടി വന്നുവെന്നാണ് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചത്.

സന്ദീപ് ദാസ് എഴുതിയത് ഇങ്ങനെ:

''സഞ്ജു സാംസണ്‍ തന്റെ റോള്‍ നന്നായി നിര്‍വ്വഹിച്ചു. ടീമിന് മികച്ച തുടക്കം നല്‍കി. ഇന്ത്യ സഞ്ജുവില്‍നിന്ന് പ്രതീക്ഷിക്കുന്നത് ഇതുതന്നെയാണ്...!'' സിംബാബ്വെയ്‌ക്കെതിരെ സഞ്ജു ഔട്ടായതിനു ശേഷം ദിനേഷ് കാര്‍ത്തിക് കമന്ററി ബോക്‌സിലൂടെ പറഞ്ഞ വരികളാണിത്. കാര്‍ത്തിക് ആ വാക്കുകള്‍ ഉച്ചരിച്ചപ്പോള്‍ ടെലിവിഷന്‍ സ്‌ക്രീനില്‍ ഇന്ത്യന്‍ ടീമിന്റെ ഡഗ്-ഔട്ട് ദൃശ്യമായി. ഹെഡ് കോച്ച് ഗംഭീറും മറ്റ് ടീം അംഗങ്ങളും സഞ്ജുവിനെ അഭിനന്ദിക്കുന്ന കാഴ്ച്ച ലോകം കണ്ടു! കാര്‍ത്തിക്കിന്റെ പ്രസ്താവനയോട് ടീം ഇന്ത്യ പൂര്‍ണ്ണമായും യോജിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചന സഞ്ജു വലിയൊരു സ്‌കോര്‍ കണ്ടെത്തിയിരുന്നുവെങ്കില്‍ നമ്മുടെ ആനന്ദം പതിന്മടങ്ങ് വര്‍ദ്ധിക്കുമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. പക്ഷേ ഒരു കാര്യം മറക്കരുത്. ദക്ഷിണാഫ്രിക്കയോട് പോരിനിറങ്ങിയപ്പോള്‍ ദിശാബോധമില്ലാതെ വലഞ്ഞ ഇന്ത്യന്‍ ടീം വീണ്ടും ട്രാക്കില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഈ മുന്നേറ്റത്തില്‍ നിര്‍ണായക പങ്ക് വഹിച്ച സഞ്ജുവിനെ നാം അഭിനന്ദിച്ചേ മതിയാകൂ.

ഓപ്പണര്‍മാരില്‍നിന്ന് മികച്ച തുടക്കങ്ങള്‍ ലഭിച്ചിരുന്നില്ല എന്നതാണ് ഈ ലോകകപ്പില്‍ ഇന്ത്യ അഭിമുഖീകരിച്ചിരുന്ന ഏറ്റവും വലിയ പ്രതിസന്ധി. ആദ്യ ഓവര്‍ സ്പിന്നര്‍ക്ക് നല്‍കുക എന്ന തന്ത്രത്തിലൂടെ എതിര്‍ടീമുകള്‍ ഇന്ത്യയെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു. സഞ്ജുവിനെ ഇറക്കിയതോടെ ഈ രണ്ട് പ്രശ്‌നങ്ങള്‍ക്കും ഒറ്റയടിയ്ക്ക് പരിഹാരമായി! ഇന്ത്യയ്ക്ക് സ്‌ഫോടനാത്മകമായ തുടക്കം കിട്ടി! ഒന്നാമത്തെ ഓവര്‍ എറിയുമെന്ന് കരുതപ്പെട്ടിരുന്ന സിക്കന്ദര്‍ റാസ പവര്‍പ്ലേ കഴിയുന്നത് വരെ പന്ത് കൈകൊണ്ട് സ്പര്‍ശിച്ചതുമില്ല പിച്ചില്‍ ഈര്‍പ്പമുണ്ട് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സിംബാംബ്വേ ബോള്‍ ചെയ്യാന്‍ തീരുമാനിച്ചത്.

അവരുടെ ഓപ്പണിംഗ് ബോളറായ ബ്ലെസിംഗ് മുസരബാനിയുടെ പേരില്‍ അത്യാകര്‍ഷകമായ ഒരു റെക്കോര്‍ഡുണ്ടായിരുന്നു. ഈ ലോകകപ്പില്‍ 10 പവര്‍പ്ലേ ഓവറുകള്‍ മുസരബാനി എറിഞ്ഞിരുന്നു. പക്ഷേ ഒരു ബൗണ്ടറി പോലും അയാള്‍ വഴങ്ങിയിരുന്നില്ല! അങ്ങനെയുള്ള മുസരബാനിയെ സഞ്ജു പുള്‍ ചെയ്ത് ലോങ്ങ്-ഓണിനു മുകളിലൂടെ സിക്‌സര്‍ അടിച്ചു സ്‌ക്വയര്‍ലെഗ്ഗിലൂടെ പായുന്ന പുള്‍ ഷോട്ടുകളെ 'മികച്ചത് ' എന്ന് വിലയിരുത്താം. മിഡ്-വിക്കറ്റിലൂടെ പറക്കുന്ന പുള്‍ ഷോട്ടുകളെ 'മഹത്തരം' എന്ന് വിശേഷിപ്പിക്കാം. എന്നാല്‍ ആ ഹിറ്റ് ലോങ്ങ്-ഓണിനുമുകളിലൂടെ കളിക്കപ്പെട്ടാല്‍ അതിനെ 'അവിശ്വസനീയം' എന്ന് മാത്രമേ വിളിക്കാനാകൂ! അതാണ് സഞ്ജുവിന്റെ പ്രതിഭ!

റിച്ചാര്‍ഡ് എന്‍ഗാരവയ്‌ക്കെതിരെ സഞ്ജു നേടിയ സിക്‌സര്‍ അതിനേക്കാള്‍ ചേതോഹരമായിരുന്നു. ഒരു കട്ട് ഷോട്ടിന് അനുയോജ്യമായ ബോളാണ് എന്‍ഗാരവ എറിഞ്ഞത്. പക്ഷേ സഞ്ജു അതിനെ ബാക്ക്ഫൂട്ടില്‍ സ്‌ട്രെയിറ്റ് ആയി ഹിറ്റ് ചെയ്തു! പതിവുപോലെ ഒരു Do or Die മത്സരത്തിനാണ് സഞ്ജു ചെപ്പോക്കില്‍ ഇറങ്ങിയത്. എന്നിട്ടും നേരിട്ട രണ്ടാം പന്തിനെ അയാള്‍ ഗാലറിയില്‍ നിക്ഷേപിച്ചു! സഞ്ജു എന്ന ധീരനായ ടീം-മാനെ ലോകം ഒരിക്കല്‍ക്കൂടി തിരിച്ചറിഞ്ഞ നിമിഷം!

ഇഷാന്‍ കിഷന്‍ ടീമില്‍ ഉണ്ടായിട്ടും സഞ്ജുവാണ് വിക്കറ്റുകള്‍ക്ക് കാവല്‍ നിന്നത്. ഈ ലോകകപ്പില്‍ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും കളിപ്പിക്കും എന്ന ഉറപ്പ് സഞ്ജുവിന് കിട്ടിയിട്ടുണ്ട് എന്നാണ് തോന്നുന്നത്. അതുകൊണ്ട് വരും മത്സരങ്ങളില്‍ അയാള്‍ കൂടുതല്‍ കത്തിപ്പടരാന്‍ സാദ്ധ്യതയുണ്ട്. ടോസ് നടന്ന സമയത്ത് സഞ്ജു കളിക്കുന്നു എന്ന കാര്യം സൂര്യകുമാര്‍ വെളിപ്പെടുത്തിയപ്പോള്‍ കാതടപ്പിക്കുന്ന ആരവങ്ങളാണ് ചെന്നൈയില്‍ ഉയര്‍ന്നത്! മഹേന്ദ്രസിംഗ് ധോനിയെപ്പോലെ ഒരു വലിയ ബ്രാന്‍ഡ് ആയി സഞ്ജു രൂപപ്പെടാന്‍ പോകുന്നു എന്നതിന്റെ സിഗ്‌നല്‍

1996-ലെ ലോകകപ്പ് ഓര്‍മ്മിക്കുന്നില്ലേ? അന്ന് സെമിഫൈനലിലും ഫൈനലിലും മികച്ച ഇന്നിംഗ്‌സുകള്‍ കളിച്ചത് അരവിന്ദ ഡിസില്‍വയായിരുന്നു.

എന്നാല്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണ്ണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് സനത് ജയസൂര്യയായിരുന്നു. രമേഷ് കലുവിതരണയുമായി കൂട്ടുചേര്‍ന്ന് ജയസൂര്യ നല്‍കിയ തീപ്പൊരി തുടക്കങ്ങളാണ് ശ്രീലങ്കയെ ഒരു ചാമ്പ്യന്‍ സംഘമാക്കി മാറ്റിയത്. അതുപോലൊരു ദൗത്യമാണ് സഞ്ജു ഇപ്പോള്‍ നിറവേറ്റിക്കൊണ്ടിരിക്കുന്നത്. മത്സരം അവസാനിച്ചപ്പോള്‍ സഞ്ജുവിന്റെ ഏറ്റവും വലിയ വിമര്‍ശകനായ സുനില്‍ ഗാവസ്‌കര്‍ പറയുന്നത് കേട്ടു- ''ടീമിനുവേണ്ടിയാണ് സഞ്ജു വമ്പന്‍ ഷോട്ടിന് ശ്രമിച്ച് പുറത്തായത്. അയാള്‍ ഫിഫ്റ്റി നേടിയില്ലായിരിക്കാം. പക്ഷേ സഞ്ജുവിന്റെ ചിറകിലേറിയാണ് ഇന്ത്യ ഇന്ന് പറന്നുതുടങ്ങിയത്...''

Tags:    

Similar News