ബാറ്റിങ്ങിന് പിന്നാലെ ബൗളിങ്ങിലും ഗംഭീര പ്രകടനം, ഷമിയാണ് ഹീറോ: ഛണ്ഡിഗഡിന്റെ വെല്ലുവിളി മറികടന്ന് ബംഗാള്‍ ക്വാര്‍ട്ടറില്‍
ബെംഗളൂരു: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ഛണ്ഡിഗഡിന്റെ വെല്ലുവിളി മറികടന്ന് ബംഗാള്‍ ക്വാര്‍ട്ടറില്‍. അവസാന ഓവര്‍ വരെ വീണ്ടുനിന്ന ത്രില്ലറില്‍ മൂന്ന് റണ്‍സിനാണ് ബംഗാള്‍ ജയിച്ചത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിയാണ് ബംഗാളിന്റെ ഹീറോ. 17 പന്തില്‍ പുറത്താവാതെ 32 റണ്‍സെടുത്ത ഷമി ബൗളിംഗിനെത്തിയപ്പോള്‍ നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും സ്വന്തമാക്കി. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗാള്‍ നിശ്ചിത ഓവറില്‍ ഒമ്പത്് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഛണ്ഡിഗഡിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനാണ് സാധിച്ചത്.
20 പന്തില്‍ 32 റണ്‍സ് നേടിയ രാജ് ബാവയാണ് ചണ്ഡിഗഡിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ മനന്‍ വോഹ്റ (23), പ്രദീപ് യാദവ് (27), നിഖില്‍ ശര്‍മ (22) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അര്‍സ്ലന്‍ ഖാന്‍ (0), ശിവം ഭാംബ്രി (14), ഭാഗ്മെന്ദര്‍ ലാതര്‍ (6), ജഗ്ജിത് സിംഗ് (12) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സന്ദീപ് ശര്‍മ (0), നിശുങ്ക് ബിര്‍ല (4) പുറത്താവാതെ നിന്നു. ബംഗാളിന് വേണ്ടി സയന്‍ ഘോഷ് നാല് വിക്കറ്റ് വീഴ്ത്തി. കനിഷ്‌ക് സേഥിന് രണ്ട് വിക്കറ്റുണ്ട്. നേരത്തെ ബംഗാളിന് വേണ്ടി ഷമിക്ക് പുറമെ കരണ്‍ലാല്‍ (33), പ്രദീപ്ത പ്രമാണിക്ക് (30), വൃതിക് ചാറ്റര്‍ജി (28) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.