സെമി ഫൈനലിന് തയ്യാറെടുക്കുന്ന ഇന്ത്യൻ വനിതാ ടീമിൽ നിർണായക മാറ്റം; ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ടീമിൽ തിരിച്ചെത്തി ഷെഫാലി വർമ്മ; പരിക്കേറ്റ ഓപ്പണർ പ്രതിക റാവൽ പുറത്ത്
മുംബൈ: ഐസിസി വനിതാ ലോകകപ്പ് സെമി ഫൈനലിന് മുമ്പ് ഇന്ത്യൻ ടീമിൽ നിർണായക മാറ്റം. പരിക്കേറ്റ ഓപ്പണർ പ്രതിക റാവലിന് പകരം യുവതാരം ഷെഫാലി വർമ്മ ടീമിലെത്തി. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് പ്രതിക റാവലിന് പരിക്കേറ്റത്. ഈ സാഹചര്യത്തിൽ ഷെഫാലിയെ ഉൾപ്പെടുത്താനുള്ള ബിസിസിഐയുടെ അപേക്ഷ ഐസിസി അംഗീകരിച്ചു.
ബംഗ്ലാദേശിനെതിരായ കളിയുടെ ഫീൽഡിങ്ങിനിടെയായിരുന്നു പ്രതിക റാവലിന് പരിക്കേറ്റത്. ബൗണ്ടറി തടയാൻ ശ്രമിക്കുന്നതിനിടെ താരത്തിന്റെ കാൽമുട്ടിനും പാദത്തിനും പരിക്കേൽക്കുകയായിരുന്നു. ടൂർണമെന്റിൽ ഒരു സെഞ്ച്വറി ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കെയാണ് താരത്തിന് പരിക്കേറ്റത്. 2024 ഒക്ടോബറിന് ശേഷം ഇന്ത്യൻ സീനിയർ ടീമിനായി ഷെഫാലി വർമ്മ കളിച്ചിരുന്നില്ല. എന്നാൽ സമീപകാലത്ത് ഇന്ത്യ എ ടീമിനായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.
ന്യൂസിലൻഡിനെതിരായ സന്നാഹ മത്സരത്തിൽ വെറും 49 പന്തിൽ 70 റൺസ് നേടാൻ ഷെഫാലിക്ക് സാധിച്ചു. നിലവിൽ ദേശീയ വനിതാ ടി20 പോരാട്ടത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ഷെഫാലി തന്നെയാണ്. ഒൻപത് മത്സരങ്ങളിൽ നിന്ന് 341 റൺസാണ് താരം നേടിയത്. ഈ മാസം 30ന് നടക്കുന്ന സെമി ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെയാണ് ഇന്ത്യ നേരിടുന്നത്. ഈ മത്സരത്തിൽ സ്മൃതി മന്ഥാനയോടൊപ്പം ഷെഫാലി വർമ്മ ഓപ്പൺ ചെയ്യാനാണ് സാധ്യത.