'എടുത്ത തീരുമാനത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു, എന്റെ രാജ്യമാണ് എനിക്ക് എല്ലാം'; പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് ധവാന്‍ അന്നേ പറഞ്ഞു! ഇ-മെയില്‍ പുറത്തു വന്നതോടെ അഭിനന്ദിച്ചു ആരാധകര്‍

'എടുത്ത തീരുമാനത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു, എന്റെ രാജ്യമാണ് എനിക്ക് എല്ലാം'

Update: 2025-07-20 10:48 GMT

ലണ്ടന്‍: വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ന് നടക്കാനിരുന്ന ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരമാണ് റദ്ദാക്കിയത്. പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് പറഞ്ഞ് ശിഖര്‍ ധവാനടക്കമുള്ള താരങ്ങള്‍ മത്സരത്തില്‍ നിന്ന് നേരത്തേ പിന്മാറിയിരുന്നു. ഇതോടെയാണ് മത്സരം അധികൃതര്‍ റദ്ദാക്കിയത്. സംഭവത്തില്‍ സംഘാടകര്‍ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. പാക്കിസ്താനെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് രണ്ട് മാസം മുന്‍പേ താന്‍ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നെന്നാണ് ധവാന്‍ വ്യക്തമാക്കിയത്. സംഘാടകര്‍ക്ക് അയച്ച മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.

'മെയ് 11ന് എടുത്ത തീരുമാനത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. എന്റെ രാജ്യമാണ് എനിക്ക് എല്ലാം. എന്റെ രാജ്യത്തേക്കാള്‍ വലുതായി എനിക്ക് മറ്റൊന്നുമില്ല', സ്‌ക്രീന്‍ഷോട്ടിനൊപ്പം ധവാന്‍ എക്സില്‍ കുറിച്ചു. ഇതിനുപിന്നാലെ നിരവധി ആരാധകരാണ് ശിഖര്‍ ധവാനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് നടന്ന ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചാണ് താരങ്ങളുടെ നടപടി. മത്സരം നടത്തുന്നതിനെതിരെ വലിയ രീതിയില്‍ ആരാധകപ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ശിഖര്‍ ധവാന് പിന്നാലെ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്, യൂസഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍ പാകിസ്താനെതിരായ മത്സരത്തില്‍ നിന്ന് പിന്മാറി.

ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. ജൂലൈ 20ന് എഡ്ജ്ബാസ്റ്റണില്‍ പാകിസ്താനെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം നിശ്ചയിച്ചിരുന്നത്. വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ക്കായുള്ള ടൂര്‍ണമെന്റാണ് വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ്. കഴിഞ്ഞ വര്‍ഷം നടന്ന ടൂര്‍ണമെന്റിന്റെ ആദ്യ പതിപ്പില്‍ യുവരാജ് സിങ് നയിച്ച ഇന്ത്യ ചാംപ്യന്‍സ് ജേതാക്കളായിരുന്നു. ഇത്തവണയും യുവരാജ് സിങ്ങിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്.

Tags:    

Similar News